
ഭൂകമ്പത്തിന്റെ മുന്നറിയിപ്പ് നല്കുന്ന സിസ്റ്റം ഇനി മുതല്‍ Wear OS- ല്‍ പ്രവര്‍ത്തിക്കുന്ന സ്മാര്‍ട്ട് വാച്ചുകളിലും ലഭ്യമാകുമെന്ന് ഗൂഗിള്‍ സിസ്റ്റം റിലീസ് നോട്ട്. ഭൂകമ്പ മുന്നറിയിപ്പ് നല്കുന്ന ഫീച്ചര്‍ 2020 ഓഗസ്റ്റ് മുതല്‍ ആന്‍ഡ്രോയിഡ് സ്മാര്‍ട്ട്ഫോണുകളില്‍ ലഭ്യമാണ്. 2023 സെപ്റ്റംബര്‍ മുതല്‍ ഇന്ത്യയിലെ പല പ്രദേശങ്ങളിലും ഇത് ലഭിച്ചു തുടങ്ങിയിരുന്നു.
വളരെ അഡ്വാന്‍സ്ഡ് ആയിട്ടുള്ള ആന്‍ഡ്രോയിഡിന്റെ ഒരു കണ്ടെത്തലായിരുന്നു ഭൂകമ്പ മുന്നറിയിപ്പ് അലാം സിസ്റ്റം. ഇത് ഭൂകമ്പത്തിന്റെ വ്യാപ്തിക്കൊപ്പം ഭൂകമ്പം സംഭവിക്കാന്‍ പോകുന്ന സ്ഥലത്തു നിന്നും നമ്മള് എത്ര ദൂരത്തിലാണെന്ന് വരെ കാണിച്ചു തരും. ഈ മുന്നറിയിപ്പ് ലഭിക്കുന്നത് ഭൂകമ്പം സംഭവിക്കുന്നതിന് ഒരു മിനിറ്റ് മുന്‍പേ ആണെങ്കിലും ആ ദുരന്തത്തില്‍ നിന്നും രക്ഷപ്പെടാനുള്ള വഴിയൊരുക്കും.
ഇതേ അലേര്‍ട്ട് സിസ്റ്റമാണ് Wear OS-ല്‍ പ്രവര്‍ത്തിക്കുന്ന വാച്ചുകളിലും വരുമെന്ന് പ്രതീക്ഷിക്കുന്നത്. റിലീസ് നോട്ട്സ് പറയുന്നതനുസരിച്ച് ഉപഭോക്താക്കള്‍ക്ക് അവരുടെ പ്രദേശത്ത് നടക്കുന്ന ഭൂകമ്പങ്ങളെ കുറിച്ച് വാച്ചിലേക്ക് മുന്നറിയിപ്പ് ലഭിക്കും. ഫോണ്‍ കൊണ്ടു പോകാത്ത സാഹചര്യത്തിലോ ഫോണ്‍ സൈലന്റ് ആയിരിക്കുന്ന സാഹചര്യത്തിലോ അല്ലെങ്കില്‍ ഫോണ്‍ ഉപയോഗിക്കാതെ വാച്ചുകളില്‍ LTE പ്രാപ്തമാക്കിയ ഉപഭോക്താക്കള്‍ക്കോ ഈ സിസ്റ്റം വളരെ ഉപകാരപ്രദമായിരിക്കും.
സ്മാര്‍ട്ട് വാച്ചിലെ അലേര്‍ട്ടുകള്‍ എങ്ങനെയായിരിക്കുമെന്ന് ഇതുവരെ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല, പക്ഷേ അവ ആന്‍ഡ്രോയിഡ് ഫോണുകളിലേതിന് സമാനമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഭൂകമ്പത്തിന്റെ തീവ്രത അനുസരിച്ചായിരിക്കും അലാമുകള്‍ പ്രവര്‍ത്തിക്കുക എന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഈ സവിശേഷത ഇന്ത്യയില്‍ എപ്പോള്‍ ലഭ്യമാകുമെന്ന് ഇതുവരെ ഔദ്യോഗികമായി അറിയിച്ചിട്ടില്ല.
Content Highlights: Google smartwatch can now warn users about earthquakes before they hit