
ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉയർത്തുന്ന വെല്ലുവിളികൾ സമാനതകൾ ഇല്ലാത്തതാണ്. ആളുകളുടെ ജീവിതം എഐ എളുപ്പമുള്ളതാക്കുന്നുണ്ടെങ്കിലും മറ്റൊരു ഭാഗത്ത് നിരവധി പേരുടെ ഉപജീവനമാർഗങ്ങളും ഇല്ലാതാക്കുന്നുണ്ട്.
ഇപ്പോഴിതാ കമ്പനി പ്രവർത്തനത്തിൽ എഐ എത്തിയതോടെ നിരവധി ജോലിക്കാരെ ഒഴിവാക്കാനൊരുങ്ങുകയാണ് ന്യൂയോർക്ക് ആസ്ഥാനമായുള്ള ടെക്നോളജി ഭീമനായ ഐബിഎം. ഒറ്റയടിക്ക് 8000 ജീവനക്കാരെയാണ് കമ്പനി പിരിച്ചുവിടുന്നത്.
ചിലവ് ചുരുക്കുന്നതിന്റെയും കൂടുതൽ മേഖലയിലേക്ക് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സേവനങ്ങൾ ഉൾപ്പെടുത്തുന്നതിന്റെയും ഭാഗമായിട്ടാണ് ഐബിഎം ജീവനക്കാരെ പിരിച്ചുവിടുന്നത്. കമ്പനിയുടെ എച്ച്ആർ വിഭാഗത്തിൽ നിന്നാണ് കൂടുതൽ ജീവനക്കാരെ പിരിച്ചുവിടുന്നത്. കമ്പനിയുടെ പ്രവർത്തനങ്ങളിൽ കൂടുതലായി എഐ ഉൾപ്പെടുത്താനും ഐബിഎം തീരുമാനിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ.
റിക്രൂട്ട്മെന്റ്, ടാലന്റ് മാനേജ്മെന്റ്, ഡിസിഷൻ മേക്കിങ് തുടങ്ങിയവയ്ക്ക് എല്ലാം എഐയെ ഉപയോഗിക്കാനാണ് കമ്പനിയുടെ തീരുമാനം. നേരത്തെ ഗൂഗിൾ അടക്കമുള്ള നിരവധി കമ്പനികളിൽ എഐ സേവനം മുൻനിർത്തി ജീവനക്കാരെ പിരിച്ചുവിട്ടിരുന്നു.
Content Highlights: IBM to lay off 8,000 people, most of them from HR