
ഐഫോൺ സീരീസുകൾക്ക് ഒരു പ്രത്യേക ഫാൻ ബേസ് തന്നെയുണ്ട്. ഐഫോണിന്റെ പുതിയ സീരിസിന്റെ പ്രത്യേകതകളും ലൂക്കുമൊക്കെ കാണാൻ ഏറെ ആകാംഷയോടെ കാത്തിരിക്കുന്നവരാണ് പലരും. എന്നാൽ ദാ ആ ആകാംഷയ്ക്ക് ഫുൾ സ്റ്റോപ്പ് വീഴുകയാണ്. ഇന്ന് രാത്രി ഇന്ത്യൻ സമയം 10.30 ന് ഐഫോൺ 16 സീരീസ് ഉൾപ്പടെയുള്ള ചില ആപ്പിൾ പ്രോഡക്ട്സിന്റെ ലോഞ്ചിങ് നടക്കും. 'It's Glowtime' എന്ന പേരിലുള്ള ഈ ലോഞ്ചിങ് പരിപാടി, ആപ്പിളിന്റെ യൂട്യൂബ് ചാനലിലാണ് സംപ്രേക്ഷണം ചെയ്യുന്നത്. ഇവൻ്റിൻ്റെ പ്രധാന ഫോക്കസ് ഐഫോൺ 16, ഐഫോൺ 16 പ്ലസ്, ഐഫോൺ 16 പ്രോ, ഐഫോൺ 16 പ്രോ മാക്സ് എന്നിവ ഉൾപ്പെടുന്ന ഐഫോൺ 16 സീരീസ് തന്നെ ആയിരിക്കുമെന്നാണ് നിരീക്ഷണം. കമ്പനിയുടെ AI ഫീച്ചറുകൾ ഉൾപ്പെട്ട ആപ്പിൾ ഇന്റലിജൻസിനെ കുറിച്ചുള്ള പ്രഖ്യാപനവും ഇവൻ്റിൻ്റെ ഭാഗമായി നടക്കാൻ സാധ്യതയുണ്ടെന്നാണ് റിപ്പോർട്ട്.
ആപ്പിളിൻ്റെ വാർഷിക ഐഫോൺ ലോഞ്ച് ഇവൻ്റാണ് 'ഇറ്റ്സ് ഗ്ലോടൈം'. ഐഫോൺ 16, ഐഫോൺ 16 പ്ലസ്, ഐഫോൺ 16 പ്രോ, ഐഫോൺ 16 പ്രോ മാക്സ് എന്നീ നാല് മോഡലുകൾ അടങ്ങുന്ന ഐഫോൺ 16 ഫാമിലിയുടെ അവതരണമാണ് ഇവൻ്റിൻ്റെ ഹൈലൈറ്റ്. ഇതേതുടർന്ന് ആപ്പിൾ വാച്ച് സീരീസ് 10 അല്ലെങ്കിൽ വാച്ച് എക്സ് ഉൾപ്പടെ രണ്ട് പുതിയ എയർപോഡുകളെയും ഇവന്റിൽ പരിചയപെടുത്തിയേക്കാമെന്നും റിപ്പോർട്ടുകളുണ്ട്. പോസ്റ്ററിലെ ആപ്പിൾ ലോഗോയ്ക്ക് ചുറ്റുമുള്ള നിറങ്ങൾ ആപ്പിളിൻ്റെ സിരി വോയ്സ് അസിസ്റ്റൻ്റുടേതിന് സമാനമാണ്, ഇത് പുതിയ സിരി ഫീച്ചറുകളെ പറ്റി നൽകുന്ന സൂചനയാണെന്നും ചർച്ചകൾ നടക്കുന്നുണ്ട്.
iOS 18, iPadOS 18, watchOS 11 എന്നിവയുടെ ദീർഘകാലമായി കാത്തിരിക്കുന്ന പൊതു പതിപ്പിൻ്റെ റിലീസ് തീയതികളെക്കുറിച്ചുള്ള അറിയിപ്പുകളും ഈ ഇവന്റിൽ നൽകുമെന്നാണ് പ്രതീക്ഷ. ഇന്ന് രാത്രിയിൽ 10:30 യോടെ ആരംഭിക്കുന്ന പരിപാടി ആപ്പിൾ പാർക്കിലെ സ്റ്റീവ് ജോബ്സ് തിയേറ്ററിലാവും നടക്കുന്നത്. ആപ്പിളിൻ്റെ യൂട്യൂബ് ചാനലിന് പുറമെ ആപ്പിളിൻ്റെ ഇവൻ്റ് സൈറ്റിലും ഇത് തത്സമയം കാണാൻ സാധിക്കും.