
ഐഫോണിന്റെ പുതിയ പതിപ്പായ ഐഫോൺ 15 സീരീസ് വിപണിയിലേക്ക് എത്തുകയാണ്. ഈ വേളയിൽ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ എക്സിന്റെ തലവൻ ഇലോൺ മസ്ക് ഐഫോണിനെക്കുറിച്ച് നടത്തിയ വിമർശനമാണ് ശ്രദ്ധ നേടുന്നത്. ഐഫോണിലെ ഓരോ പതിപ്പുകളിലും വരുന്ന അപ്ഡേഷനുകളെക്കുറിച്ചാണ് മസ്കിന്റെ വിമര്‍ശനം.
കഴിഞ്ഞ ദിവസം ഐഫോൺ 15 പ്രോയുടെ ഡമ്മി പതിപ്പ് പിടിച്ചുകൊണ്ട് ഒരാൾ എക്സിൽ ഒരു പോസ്റ്റ് പങ്കുവെച്ചിരുന്നു. ആ പോസ്റ്റ് ഷെയര്‍ ചെയ്തുകൊണ്ട് 'ആപ്പിൾ എല്ലാ വർഷവും ഒരേ ഐഫോൺ കച്ചവടം ചെയ്യും. എന്നാൽ ആളുകൾ അതിന് പിന്നാലെ ഓടും,' എന്നാണ് മറ്റൊരാൾ കുറിച്ചത്.
ഇതിന് പിന്നാലെയാണ് മസ്ക് ഐഫോണിനെ വിമർശിച്ചത്. 'എന്റെ കയ്യിലുള്ള ഐഫോണും മുൻ പതിപ്പുകളും തമ്മിലുള്ള വ്യത്യാസമെന്തെന്ന് മനസിലാകുന്നില്ല. ക്യാമറ 10 ശതമാനം കൂടുതൽ മികവുറ്റതാക്കിയോ,' മസ്ക് വിമർശിച്ചു.
I’m not entirely clear on the differences between my current iPhone and the prior versions. Camera is 10% better?
— Elon Musk (@elonmusk) September 7, 2023
ടെക്ക് ലോകത്തെ താരമായ ഇലോൺ മസ്ക് നടത്തിയ ഈ പരാമർശം ഏറെ ചർച്ചയായിരിക്കുകയാണ്. മസ്കിന് പിന്തുണയുമായി നിരവധി ഉപയോക്താക്കളാണ് രംഗത്ത് വരുന്നത്. സമീപ കാലങ്ങളിൽ വരുന്ന ഐഫോൺ പതിപ്പുകളിൽ വലിയ വ്യത്യാസങ്ങൾ ഉണ്ടാകുന്നില്ല എന്നാണ് പലരുടെയും അഭിപ്രായം. താൻ പങ്കാളിയുമായി ഇതേ കാര്യം സംസാരിക്കുകയായിരുന്നു എന്നാണ് ഒരു ഉപയോക്താവിന്റെ കമന്റ്. ഐഫോൺ വാങ്ങുന്നതിന്റെ പകുതി പണം ഉണ്ടെങ്കിൽ അതിലും മികച്ച ഫോൺ വാങ്ങാമെന്നും അയാള്‍ പറഞ്ഞു.
I’m not entirely clear on the differences between my current iPhone and the prior versions. Camera is 10% better?
— Elon Musk (@elonmusk) September 7, 2023
എന്നാൽ ചിലർ ഐഫോൺ മോഡലുകളെ അനുകൂലിക്കുന്നുമുണ്ട്. ഐഫോണിന് മികച്ച റെസല്യൂഷനും വലിയ സ്ക്രീനും മികച്ച ക്യാമറയും ഉൾപ്പടെ നിരവധി ഗുണങ്ങൾ ഉണ്ടെന്നാണ് ഒരു ഐഫോൺ ആരാധകന്റെ കമന്റ്. തനിക്ക് നോട്ട്പാഡിലെ സ്കാനർ സംവിധാനം ഏറെ ഇഷ്ടമാണെന്നും ഉപയോക്താവ് പറഞ്ഞു.