
ആപ്പിൾ എക്‌സിക്യൂട്ടീവിന്റെ ഒരൊറ്റ മൊഴിയിൽ ഗൂഗിളിനും മാതൃകമ്പനിയായ ആൽഫബെറ്റിനും ഓഹരിവിപണിയിൽ വൻ നഷ്ടം. ആപ്പിൾ എക്‌സിക്യൂട്ടീവ് ആയ എഡ്ഡി ക്യൂ യുഎസ് ഫെഡറൽ കോടതിയിൽ നൽകിയ മൊഴിക്ക് പിന്നാലെയാണ് ആൽഫബെറ്റിന്റെ ഓഹരികളിൽ 8 ശതമാനത്തിന്റെ ഇടിവ് സംഭവിച്ചത്. 150 ബില്ല്യൺ ഡോളറിന്റെ നഷ്ടമാണ് കമ്പനിക്കുണ്ടായത്. ഇന്ത്യൻ രൂപയിൽ ഏകദേശം 12 ലക്ഷം കോടി രൂപയോളം വരുമിത്.
രണ്ട് പതിറ്റാണ്ടിനിടെ ആദ്യമായി ആപ്പിൾ ഉപകരണങ്ങളിലൂടെയുള്ള ഗൂഗിളിന്റെ സെർച്ച് ട്രാഫിക് ഇടിഞ്ഞെന്നായിരുന്നു എഡ്ഡിയുടെ മൊഴി. ആപ്പിളിന്റെ സീനിയർ വൈസ് പ്രസിഡന്റ് ഓഫ് സർവീസസ് ആണ് എഡ്ഡി ക്യൂ. ചാറ്റ് ജിപിടി, Perplexity തുടങ്ങിയ എഐ ചാറ്റബോട്ടുകൾക്ക് പിന്നാലെയാണ് ഗൂഗിളിലൂടെയുള്ള സെർച്ച് ട്രാഫിക് കുറഞ്ഞതായി എഡ്ഡി മൊഴി നൽകിയത്.
ഗൂഗിളിന്റെ സെർച്ച് എഞ്ചിൻ കുത്തകയ്‌ക്കെതിരെയുള്ള പരാതിയിൽ നടക്കുന്ന വിചാരണയ്ക്കിടെയാണ് നടപടി. യുഎസ് ജില്ലാ ജഡ്ജി അമിത് മേത്തയാണ് കേസിൽ വാദം കേൾക്കുന്നത്. 2020 മുതൽ നടക്കുന്ന കേസിൽ ആപ്പിൾ ഉപകരണങ്ങളിൽ സഫാരി ബ്രൗസറുകളിലും ഗൂഗിൾ തന്നെയാണ് സെർച്ച് എഞ്ചിനായി നിലനിൽക്കുന്നത്. ഇതിനായി കമ്പനിക്ക് പതിനായിരക്കണക്കിന് ഡോളർ ഗൂഗിൾ നൽകുന്നതായാണ് റിപ്പോർട്ട്.
ആപ്പിൾ ഉടൻ തന്നെ തങ്ങളുടെ ഉപകരണങ്ങളിൽ ഇന്റർനെറ്റ് സെർച്ചിനായി AI ബദലുകൾ കൊണ്ടുവന്നേക്കാമെന്നും എഡ്ഡി പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് ആൽഫബെറ്റിന്റെ ഓഹരി ഇടിഞ്ഞത്. മൂന്നാഴ്ച നീണ്ടുനിൽക്കുന്ന വിചാരണ വെള്ളിയാഴ്ച അവസാനിക്കാനിരിക്കെ, ഗൂഗിളിന്റെ ക്രോം ബ്രൗസർ വിൽക്കാൻ ഉത്തരവിടണമെന്ന് സർക്കാർ അഭിഭാഷകർ ആവശ്യപ്പെട്ടിരുന്നു.
നിലവിൽ മെറ്റയും സമാനമായ കേസ് നേരിടുന്നുണ്ട്. ഇതിന് പുറമെ ആപ്പിൾ, ആമസോൺ എന്നിവയും സമാനമായ കേസുകളിൽ വിചാരണ നേരിടേണ്ടി വരുമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.
Content Highlights: Apple executive statement in court Google shares suddenly lose loss of 160 Billion Dollar