ഫോൺ മാത്രമല്ല ഇനി ഇലക്ട്രിക് കാറും; മസ്‌കിന്റെ ടെസ്‌ലയ്ക്ക് വെല്ലുവിളിയുമായി ഷവോമിയുടെ YU7

നിലവിൽ ഷവോമിയുടെ എസ്‌യു 7, എസ്‌യു 7 അൾട്ര എന്നീ മോഡലുകളാണ് വിപണിയിൽ ഉള്ളത്

dot image

ഇലക്ട്രിക് വാഹന വിപണിയിൽ പുതിയ മാറ്റത്തിനായി ഒരുങ്ങി പ്രമുഖ ചൈനീസ് ടെക് കമ്പനിയായ ഷവോമിയും. ശതകോടീശ്വരൻ ഇലോൺ മസ്‌കിന്റെ ടെസ്‌ല കാറുകൾക്ക് വെല്ലുവിളിയുയര്‍ത്തിയാണ് ഷവോമിയുടെ പുതിയ ഇലക്ട്രിക് കാർ ആയ ഷവോമി YU7 എത്തുന്നത്. ഇലക്ട്രിക് എസ്‌യുവി ആയി എത്തുന്ന കാർ ഉടനെ വിപണിയിൽ എത്തും.

നിലവിൽ ഷവോമിയുടെ എസ്‌യു 7, എസ്‌യു 7 അൾട്ര എന്നീ മോഡലുകളാണ് വിപണിയിൽ ഉള്ളത്. പുതിയ കാറിന് മണിക്കൂറിൽ 253 കിലോമീറ്റർ (kmph) പരമാവധി വേഗത കൈവരിക്കും. പരമാവധി 835 കിലോമീറ്റർ ദൂരം ഒറ്റചാർജിൽ സഞ്ചരിക്കുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്.

ജൂലായ് മുതലായിരിക്കും കാർ വിപണിയിൽ എത്തുക. സ്റ്റാൻഡേർഡ്, പ്രോ, മാക്‌സ് എന്നീ മൂന്ന് വേരിയന്റുകളിൽ എത്തുന്ന YU7 എമറാൾഡ് ഗ്രീൻ, ടൈറ്റാനിയം സിൽവർ, ലാവ ഓറഞ്ച് എന്നീ കളർ വേരിയന്റുകളിലാണ് എത്തുന്നത്. മൂന്ന് വ്യത്യസ്ത ഇന്റീരിയർ കളർ ഓപ്ഷനും വണ്ടിയ്ക്കുണ്ട്. പൈൻ ഗ്രേ, കോറൽ ഓറഞ്ച്, ട്വിലൈറ്റ് ബ്ലൂ എന്നിവയാണ് ഇന്റീരിയർ കളർ.

ഇറ്റാലിയൻ വാഹന നിർമ്മാതാക്കളായ ഫെരാരിയുടെ എസ്‌യുവിയായ ഫെരാരി പുറോസാങ്ഗുമായി ഷവോമി YU7 ന്റെ ക്യാബിന് സാമ്യതകൾ ഉണ്ട്. ഡ്രൈവർക്കും യാത്രക്കാർക്കും അനുയോജ്യമായ രണ്ട് സീറോ-ഗ്രാവിറ്റി ഫ്രണ്ട് സീറ്റുകളും വൺ-ടച്ച് റീക്ലൈനിംഗ്, 10-പോയിന്റ് മസാജ് ഫംഗ്ഷനുകളും കാറിനുണ്ട്. പിൻ സീറ്റുകളിൽ ക്രമീകരിക്കാവുന്ന 135-ഡിഗ്രി റീക്ലൈനറുകളും നൽകിയിരിക്കുന്നു.

ഷവോമി ഹൈപ്പർവിഷൻ പനോരമിക് ഡിസ്‌പ്ലേയും റിമോട്ട് കൺട്രോൾ പാനലും വാഹനത്തിന് നൽകിയിട്ടുണ്ട്. പിൻസീറ്റുകൾ മടക്കിവെച്ചാൽ 1,758 ലിറ്ററായി വികസിപ്പിക്കാൻ കഴിയുന്ന 678 ലിറ്റർ കാർഗോ സ്‌പേസും വാഹനത്തിലുണ്ട്. വെറും 12 മിനിറ്റിനുള്ളിൽ 10 ശതമാനം മുതൽ 80 ശതമാനം വരെ ചാർജ് ചെയ്യാൻ പുതിയ ഷവോമി YU7 ന് സാധിക്കും. 15 മിനിറ്റ് ചാർജ് ചെയ്താൽ 620 കിലോമീറ്റർ ദൂരം ഓടിക്കാനുമാകും.

അതേസമയം കാറിന് എത്രയായിരിക്കും വിലയെന്ന് കമ്പനി വെളിപ്പെടുത്തിയിട്ടില്ല. എന്നായിരിക്കും ഇന്ത്യയിലേക്ക് വാഹനം എത്തുകയെന്നുള്ളത് സംബന്ധിച്ചും വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല.

Content Highlights: New Xiaomi YU7 Smart Electric SUV launch soon

dot image
To advertise here,contact us
dot image