
ജർമ്മൻ കാർ ആരാധകർക്ക് ഏറ്റവും പ്രിയപ്പെട്ട ബ്രാൻഡുകളിൽ ഒന്നാണ് ഫോക്‌സ്‌വാഗൺ. ഇന്ത്യയിലും ഫോക്‌സ്‌വാഗൺ കാറുകൾക്ക് കടുത്ത ആറാധകർ ഉണ്ട്. ഇപ്പോഴിതാ ഫോക്‌സ്‌വാഗണിന്റെ ഏറ്റവും പുതിയ കാർ ഇന്ത്യയിൽ പുറത്തിറക്കിയിരിക്കുകയാണ് ഫോക്‌സ്‌വാഗൺ ഇന്ത്യ. ഫോക്‌സ്‌വാഗണിന്റെ ഗോൾഫ് ജിടിഐ കാറുകളാണ് കമ്പനി പുറത്തിറക്കിയിരിക്കുന്നത്. ഇന്ത്യയിലെ പ്രീമിയം ഓട്ടോമോട്ടീവ് വിപണി ലക്ഷ്യം വെച്ച് എത്തുന്ന കാർ ഒരു പെർഫോമൻസ് ഓറിയന്റഡ് ഹാച്ച്ബാക്കാണ്.
മിനി കൂപ്പർ എസിന്റെ വിലയിലാണ് പുതിയ ഗോൾഫ് ജിടിഐ ഇന്ത്യയിൽ എത്തുന്നത്. 53 ലക്ഷം രൂപയാണ് വാഹനത്തിന്റെ എക്‌സ് ഷോറും വില. പോളോ ജിടിഐക്ക് ശേഷം ഇന്ത്യയിൽ ലോഞ്ച് ചെയ്ത രണ്ടാമത്തെ ജിടിഐ മോഡലാണ് പുതിയ ഫോക്‌സ്‌വാഗൺ ഗോൾഫ് ജിടിഐ.
നാല് കളർ ഓപ്ഷനിലാണ് വാഹനം ഉപഭോക്താക്കൾക്ക് ലഭ്യമാവുക. കിംഗ്‌സ് റെഡ് മെറ്റാലിക്, ഒറിക്‌സ് വൈറ്റ് പേൾ, മൂൺസ്റ്റോൺ ഗ്രേ, ഗ്രെനഡില്ല ബ്ലാക്ക് മെറ്റാലിക് എന്നിവയാണ് ഇവ. ആദ്യ ബാച്ചിൽ 150 യൂണിറ്റുകളാണ് ഇന്ത്യയിൽ എത്തിച്ചിരിക്കുന്നത്. ഡിമാന്റിന് അനുസരിച്ച് അടുത്ത 100 യൂണിറ്റുകൾ കൂടി കമ്പനി ഇന്ത്യയിൽ എത്തിച്ചേക്കും. ലോകമെമ്പാടുമായി 37 ദശലക്ഷം (3.7 കോടി) യൂണിറ്റ് ഫോക്‌സ്‌വാഗൺ ഗോൾഫ് വിറ്റഴിച്ചിട്ടുണ്ട്.
ഇല്യൂമിനേറ്റഡ് ലോഗോ, 18 ഇഞ്ച് അലോയ് വീലുകൾ, മാട്രിക്‌സ് എൽഇഡി ഹെഡ്ലൈറ്റുകൾ, സ്പോർട്ടി ഫ്രണ്ട്, റിയർ ബമ്പറുകൾ, ഡ്യുവൽ എക്സ്ഹോസ്റ്റുകൾ, ചുവന്ന ബ്രേക്ക് കാലിപ്പറുകൾ എന്നിവ പുതിയ ഗോൾഫ് ജിടിഐയുടെ പ്രത്യേകതയാണ്.
ഇന്റീരിയറിൽ 12.9 ഇഞ്ച് ഇൻഫോടെയ്ൻമെന്റ് സ്‌ക്രീൻ, ചുവന്ന ജിടിഐ സ്റ്റിച്ചുകൾ, 10.2 ഇഞ്ച് ഡിജിറ്റൽ കോക്ക്പിറ്റ്, പാഡിൽ ഷിഫ്റ്ററുകൾ, ട്രിപ്പിൾ സോൺ ക്ലൈമറ്റ് കൺട്രോൾ, ഹീറ്റഡ് ഫ്രണ്ട് സീറ്റുകൾ, 7 എയർബാഗുകൾ, ലെവൽ-2 എഡിഎഎസ് എന്നിവയാണ് ഒരുക്കിയിരിക്കുന്നത്.
2.0 ലിറ്ററിന്റെ 4സിലിണ്ടർ ടർബോ പെട്രോൾ എഞ്ചിനാണ് വാഹനത്തിന് ഉള്ളത്. പൂജ്യത്തിൽ നിന്നും നൂറ് കിലോമീറ്റർ വേഗത കൈവരിക്കാൻ 5.9 സെക്കന്റ് മാത്രം മതിയെന്നതും കാറിന്റെ പ്രത്യേകതയാണ്. അതേസമയം ഫോക്‌സ്‌വാഗൺ ഗോൾഫ് ആർ എന്ന പതിപ്പിനേക്കാൾ ഗോൾഫ് ജിടിഐയുടെ പെർഫോമൻസ് മോശമാണെന്ന് അഭിപ്രായങ്ങൾ ഉയരുന്നുണ്ട്.
Content Highlights: Volkswagen Golf GTI arrives in India, prices start at Rs 53 lakh