'ദുബായ് ഈസ് ബാക്ക്'; എയർഷോ 2021 ൽ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം
15 Nov 2021 8:49 AM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

ദുബായ് എയർഷോ 2021 ഉദ്ഘാടനം ചെയ്ത് ദുബായ് കിരീടാവകാശി ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം. നവംബർ 14 മുതൽ 18 വരെ അൽ മക്തൂം ഇന്റർനാഷണൽ എയർപോർട്ടിലാണ് എയർഷോ നടക്കുന്നത്. ദുബായുടെ തിരിച്ചു വരവാണിതെന്നാണ് ഈ വമ്പൻ ഷോയെ പറ്റി ദുബായ് ഭരണാധികാരിയും യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം അഭിപ്രായപ്പെട്ടത്.
ദുബായ് തിരിച്ചു വന്നിരിക്കുന്നു. ആഗോള ഏവിയേഷൻ മേഖലയുടെ തിരിച്ചു വരവ് യുഎഇയിലൂടെയും ദുബായിലൂടെയുമാണ്. അതിന്റെ ഭാവി, സാമ്പത്തികം, സംസ്കാരം എന്നിവയെ പറ്റി സംസാരിക്കാൻ ലോകം എമിറേറ്റിൽ ഒത്തുകൂടിയിരിക്കുകയാണ്. എല്ലാവർക്കും സ്വാഗതം, ദുബായ് ഭരണാധികാരി ട്വീറ്റ് ചെയ്തു.
എയർഷോയുടെ ആദ്യ ദിനത്തിൽ യൂറോപ്യൻ എയർ ക്രാഫ്റ്റ് നിർമാതാക്കളായ എയർബസാണ് താരമായത്. യുഎസിലെ ഇൻഡിഗോ പാർട്ട്ണേർസിൽ നിന്നും 225 വിമാനങ്ങൾക്കായുള്ള വലിയ കരാർ ഇവർക്ക് ലഭിച്ചു.