Top

ഇടുക്കിയെ മിടുക്കിയാക്കുന്ന ആനയടികുത്ത്

ഇടുക്കിയിലെ പുറംലോകം അറിയപ്പെടാതെ കിടക്കുന്ന ആനയടികുത്തിലേക്കൊരു യാത്ര

17 Sep 2021 6:00 PM GMT
അർജുന്‍ ജോ

ഇടുക്കിയെ മിടുക്കിയാക്കുന്ന ആനയടികുത്ത്
X

ഇടുക്കിയെ മിടുക്കിയാക്കുന്നത് അവിടുത്തെ കാറ്റും മലയും മഞ്ഞും മാത്രമല്ല. അധികമാരാലും എത്തിപ്പെടാതെ കിടക്കുന്ന ചില സ്ഥലങ്ങളും കാഴ്ച്ചകളുമാണ്. മനോഹരമായ ഇത്തരമൊരു കാഴ്ച്ചകളിലൊന്നാണ് ഇടുക്കി തൊടുപുഴയ്ക്ക് സമീപം സ്ഥിതി ചെയ്യുന്ന ആനയടികുത്ത് അഥവാ ആനച്ചാടികുത്ത് വെള്ളച്ചാട്ടം.

മഴക്കാലത്തു മാത്രം ജീവന്‍ വയ്ക്കുന്ന ഒത്തിരി ചെറുതും വലുതുമായ വെള്ളച്ചാട്ടങ്ങളെ നമുക്ക് ഇടുക്കിയിൽ കാണാം. അങ്ങനെ മഴക്കാലത്തു സുന്ദരനാവുന്ന ആനച്ചാടികുത്ത് വെള്ളച്ചാട്ടം കാണാൻ ചെറിയൊരു ആതിരപ്പിള്ളി വെള്ളച്ചാട്ടത്തിന്റെ സാമ്യതയൊക്കെ തോന്നാം.


നാട്ടുകാര്‍ക്കു മാത്രം പരിചിതമായ വെള്ളച്ചാട്ടം കാണാൻ പുറത്തു നിന്നുള്ളവര്‍ അപൂര്‍വ്വമായി മാത്രമാണ് എത്തിച്ചേരാറ്. ഒരിക്കലെങ്കിലും ഇവിടെ എത്തി ആഘോഷിച്ചു പോകുന്നവരില്‍ നിന്നും ആനച്ചാടികുത്തിന്റെ വിശേഷം അറിഞ്ഞെത്തുന്നവരാണ് ഭൂരിഭാഗവും.

'ആന കാല്‍വഴുതി വീണുമരിച്ച ഇടം' എന്ന നിലയിലാണ് ആനയടികുത്തിന് ആ പേര് വീണത്. സന്ദർശകരില്ലാത്ത കാലത്ത് വെള്ളച്ചാട്ടത്തിന്റെ മുകളിൽ വെള്ളം കുടിക്കാനായി ആനകൾ വരുമായിരുന്നു. അങ്ങനെ വെള്ളം കുടിക്കാൻ വന്ന രണ്ട് ആനകൾ തമ്മിൽ കൊമ്പു കോർക്കുകയും അതിലൊന്ന് താഴെ വീഴുകയും ചെയ്തു. ഈ കഥയാണ് ആനയടികുത്ത് എന്ന പേരിന് പിന്നില്‍ പഴമക്കാർക്ക് പറയാനുള്ളത്. ആന ആത്മഹത്യ ചെയ്ത ഇടമെന്നും ഒരു കഥ 'ആനചാടിക്കുത്തി'നുണ്ട്.


പേരുകേട്ട് പേടിക്കണ്ട, നൂറുശതമാനം സുരക്ഷിതമാണ് ഇവിടം. കുടുംബത്തോടൊപ്പം ധൈര്യമായി ഇറങ്ങാവുന്ന അപകടമില്ലാത്ത വെള്ളച്ചാട്ടമാണ് ആനച്ചാടികുത്ത്. ഒരു പേടിയും ഇല്ലാതെ കുട്ടികളെയും കൂട്ടി ഇവിടെ സമയം ചെലവഴിക്കാം.

തൊടുപുഴയില്‍ നിന്നും കരിമണ്ണൂര്‍ വഴി തൊമ്മന്‍കുത്ത് ടൗണ്‍ വഴിയാണ് ആനച്ചാടികുത്ത് വെള്ളച്ചാട്ടത്തിലേക്ക് എത്തിച്ചേരാനാവുക. തൊമ്മന്‍കുത്ത് ടൗണില്‍ നിന്നും വണ്ണപ്പുറം റൂട്ടില്‍ ഒരുകിലോമീറ്റര്‍ അകലെയാണ് സുന്ദരമായ ഈ വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്നത്.


തൊമ്മൻകുത്ത് വെള്ളച്ചാട്ടത്തിന് സമീപമാണ് ആനയടികുത്ത് സ്ഥിതി ചെയ്യുന്നതെങ്കിലും തൊമ്മൻകുത്തിന്റെ ഭാഗമല്ല ഈ കാട്ടരുവി. മുണ്ടൻമുടിയുടെ നെറുകയിൽ നിന്നൊഴുകിയെത്തുന്ന വെള്ളം ആനയടി പാറയിൽ നൂറുമീറ്ററോളം വിസ്‌തൃതിയിൽ ഒഴുകിയാണ് സന്ദർശകർക്ക് കാഴ്ച്ചയുടെ വിരുന്നൊരുക്കുന്നത്

Next Story