'എസ്പിക്ക് 37 സീറ്റ് കിട്ടിയത് രാഹുൽ ഗാന്ധി കാരണം'; യു പി സീറ്റ് വിഭജനത്തിൽ വീണ്ടും ഇടഞ്ഞ് ഇമ്രാൻ മസൂദ്

'പൂജ്യം സീറ്റുകളാണ് നിങ്ങൾ നൽകുന്നതെങ്കിൽ ഫലവും പൂജ്യമായിരിക്കും. എങ്കിൽ പിന്നെ നിങ്ങൾ തന്നെ ആ സീറ്റുകളിൽ മത്സരിക്കൂ. വിജയസാധ്യതയെക്കുറിച്ച് കൃത്യമായ ഫോർമുലയുണ്ടെന്ന് നിങ്ങൾ അവകാശപ്പെടുന്നുണ്ടല്ലോ, പോയി ജയിച്ചു കാണിക്കൂ,' മസൂദ് പരിഹസിച്ചു.

'എസ്പിക്ക് 37 സീറ്റ് കിട്ടിയത് രാഹുൽ ഗാന്ധി കാരണം'; യു പി സീറ്റ് വിഭജനത്തിൽ വീണ്ടും ഇടഞ്ഞ് ഇമ്രാൻ മസൂദ്
Imran Masood
dot image

ന്യൂഡൽഹി: ഉത്തർപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിലെ സീറ്റ് വിഭജനത്തെച്ചൊല്ലി സമാജ്‌വാദി പാർട്ടിക്കെതിരെ വീണ്ടും ആഞ്ഞടിച്ച് കോൺഗ്രസ് എംപി ഇമ്രാൻ മസൂദ്. കോൺഗ്രസിന് കൂടുതൽ സീറ്റുകൾ നൽകാൻ അഖിലേഷ് യാദവിൻ്റെ പാർട്ടി മടിക്കുന്നതിനെ മസൂദ് രൂക്ഷമായി വിമർശിച്ചു.

2024ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ഉത്തർപ്രദേശിൽ എസ്പിക്ക് 37 സീറ്റുകൾ നേടാനായത് രാഹുൽ ഗാന്ധിയുടെ പ്രചാരണ മികവ് കൂടി കൊണ്ടാണെന്ന് സഹാറൻപൂർ എംപിയായ മസൂദ് ഓർമ്മിപ്പിച്ചു. 'രാഹുൽ ഗാന്ധി കാരണമാണ് നിങ്ങൾക്ക് 37 സീറ്റുകൾ നേടാനായത്. നിങ്ങൾക്ക് പങ്കില്ലെന്ന് ഞങ്ങൾ പറയുന്നില്ല, പക്ഷേ ഞങ്ങളും വിജയിച്ചിട്ടുണ്ട്. ഞങ്ങൾ എപ്പോഴും വലിയ മനസ്സ് കാണിച്ചു. എന്നാൽ എല്ലാ തവണയും ഞങ്ങൾ മാത്രം വിട്ടുവീഴ്ച ചെയ്യണോ? നിങ്ങൾക്ക് അല്പം കൂടി ഉദാരമനസ്കത കാണിച്ചുകൂടെ?' മസൂദ് ചോദിച്ചു.

സീറ്റ് വിഭജനത്തിലെ എസ്പിയുടെ നിലപാടിനെയും മസൂദ് ചോദ്യം ചെയ്തു. കോൺഗ്രസിന് സീറ്റ് നൽകാൻ താല്പര്യമില്ലെങ്കിൽ എസ്പി തന്നെ ആ സീറ്റുകളിൽ മത്സരിക്കട്ടെയെന്ന് അദ്ദേഹം വെല്ലുവിളിച്ചു. 'പൂജ്യം സീറ്റുകളാണ് നിങ്ങൾ നൽകുന്നതെങ്കിൽ ഫലവും പൂജ്യമായിരിക്കും. എങ്കിൽ പിന്നെ നിങ്ങൾ തന്നെ ആ സീറ്റുകളിൽ മത്സരിക്കൂ. വിജയസാധ്യതയെക്കുറിച്ച് കൃത്യമായ ഫോർമുലയുണ്ടെന്ന് നിങ്ങൾ അവകാശപ്പെടുന്നുണ്ടല്ലോ, പോയി ജയിച്ചു കാണിക്കൂ,' മസൂദ് പരിഹസിച്ചു.

സീറ്റ് വിഭജന ചർച്ചകൾക്കിടെ എസ്പിയെ നിരന്തരം വിമർശിക്കുന്നത് ഇൻഡ്യ മുന്നണിയിലെ ബന്ധം വഷളാക്കുമെന്ന ആശങ്ക നിലനിൽക്കെയാണ് മസൂദിന്റെ പുതിയ പ്രസ്താവന. വ്യാഴാഴ്ച ലഖ്‌നൗവിൽ നടന്ന ഭരണഘടനാ ദിന പരിപാടിയിൽ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ മസൂദിനെ പരോക്ഷമായി ഉപദേശിച്ചിരുന്നു.

'ഇമ്രാൻ മസൂദ് വളരെ ആവേശത്തോടെയാണ് കാര്യങ്ങൾ അവതരിപ്പിക്കുന്നത്. ഞാൻ ദിവസവും അദ്ദേഹത്തെ ടിവിയിൽ കാണാറുണ്ട്. ചിലപ്പോൾ അല്പം ആവേശം കൂടിപ്പോകാറുണ്ട്. എന്നാൽ പ്രസ്താവനകളെക്കാൾ ഉപരി നമുക്ക് താഴെത്തട്ടിൽ പ്രവർത്തിക്കുകയാണ് വേണ്ടത്. നമ്മൾ എത്രത്തോളം ഒത്തൊരുമിച്ച് പ്രവർത്തിക്കുന്നുവോ, അത്രത്തോളം മുന്നോട്ട് പോകാനാകും,' ഖർഗെ വ്യക്തമാക്കി. പാർലമെൻ്റിൽ പാർട്ടിക്ക് വേണ്ടി ശക്തമായി പോരാടുന്ന നേതാവാണ് മസൂദ് എന്നും ഖർഗെ കൂട്ടിച്ചേർത്തു. എന്നാൽ, അധ്യക്ഷൻ്റെ ഈ ഉപദേശം വന്ന് തൊട്ടടുത്ത ദിവസം തന്നെ മസൂദ് വീണ്ടും എസ്പിക്കെതിരെ രംഗത്തെത്തിയത് മുന്നണിക്കുള്ളിൽ പുതിയ തലവേദനയായിട്ടുണ്ട്.

Content Highlights: Congress MP Imran Masood questions the Samajwadi Party's reluctance to offer more seats in Uttar Pradesh, crediting Rahul Gandhi for SP's 37 Lok Sabha seats in 2024.

dot image
To advertise here,contact us
dot image