'Meta RSSന്റെ മകന്‍'; അക്കൗണ്ടുകൾക്ക് നിയന്ത്രണമേർപ്പെടുത്തിയതില്‍ മെറ്റ ഓഫീസിലേക്ക് യൂത്ത് കോൺഗ്രസ് പ്രതിഷേധം

ബിജെപിയുടെ താല്‍പര്യങ്ങള്‍ക്കനുസരിച്ചാണ് മെറ്റ പ്രവര്‍ത്തിക്കുന്നതെന്ന് നേതാക്കള്‍ ആരോപിച്ചു

'Meta RSSന്റെ മകന്‍'; അക്കൗണ്ടുകൾക്ക് നിയന്ത്രണമേർപ്പെടുത്തിയതില്‍ മെറ്റ ഓഫീസിലേക്ക് യൂത്ത് കോൺഗ്രസ് പ്രതിഷേധം
dot image

മുംബൈ: കോണ്‍ഗ്രസ് നേതാക്കളുടെയും പ്രവര്‍ത്തകരുടെയും സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തിയെന്നാരോപിച്ച് രാജ്യ വ്യാപകമായി മെറ്റ ഓഫീസിലേക്ക് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ പ്രതിഷേധം. ഹൈദരാബാദ്, ഗുരുഗ്രാം, മുംബൈ തുടങ്ങിയ സ്ഥലങ്ങളിലെ മെറ്റ ഓഫീസുകളിലേക്കാണ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധ മാര്‍ച്ച് നടത്തിയത്. ഹൈദരാബാദിലെ പ്രതിഷേധം സംഘര്‍ഷത്തില്‍ കലാശിച്ചു. വെള്ളിയാഴ്ച വൈകിട്ടായിരുന്നു സംഭവം നടന്നത്.

ലോക്‌സഭ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയുമായി ബന്ധപ്പെട്ട പോസ്റ്റുകള്‍ അടക്കം കഴിഞ്ഞ ദിവസങ്ങളില്‍ നീക്കം ചെയ്തിരുന്നു. ഇതിന് പുറമേ യൂത്ത് കോണ്‍ഗ്രസ് ദേശീയ നേതാക്കളുടെ ഇന്‍സ്റ്റഗ്രാം പോസ്റ്റുകള്‍ക്കും ഇന്ത്യയില്‍ നിരോധനം ഏര്‍പ്പെടുത്തിയിരുന്നു. ചില നേതാക്കളുടെ അക്കൗണ്ടുകള്‍ ബ്ലോക്ക് ചെയ്യുകയും ചെയ്തു. ഇതിനെതിരെയാണ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചത്.

ഇന്ത്യയില്‍ മെറ്റയ്ക്ക് പ്രധാനമായും മൂന്നിടങ്ങളിലാണ് ഓഫീസുള്ളത്. ഹൈദരാബാദ്, ഗുരുഗ്രാം, മുംബൈ എന്നിവിടങ്ങളിലാണ് ഓഫീസ് സ്ഥിതി ചെയ്യുന്നത്. ഇവിടേയ്ക്ക് എത്തി യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധിക്കുകയായിരുന്നു. ഹൈദരാബാദില്‍ ഓഫീസിലേക്ക് ഇരച്ചുകയറിയ പ്രവര്‍ത്തകര്‍, ഓഫീസിലെ ഉപകരണങ്ങള്‍ തകര്‍ത്തു. ബിജെപിയുടെ താല്‍പര്യങ്ങള്‍ക്കനുസരിച്ചാണ് മെറ്റ പ്രവര്‍ത്തിക്കുന്നതെന്ന് നേതാക്കള്‍ ആരോപിച്ചു. പ്രതിഷേധവുമായി ബന്ധപ്പെട്ട് 21 പ്രവര്‍ത്തകരെ പൊലീസ് കസ്റ്റഡിയിലെടുത്തു.

ഗുരുഗ്രാമിലെ ഓഫീസ് പൂട്ടിയിട്ടുകൊണ്ടായിരുന്നു പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചത്. നിരോധനമേര്‍പ്പെടുത്തിയ അക്കൗണ്ടുകള്‍ ഏഴ് ദിവസത്തിനകം പുനസ്ഥാപിക്കണമെന്ന് പ്രവര്‍ത്തകര്‍ ആവശ്യപ്പെട്ടു. പോസ്റ്റുകള്‍ നീക്കം ചെയ്യുന്നത് തുടര്‍ന്നാല്‍ ശക്തമായ പ്രതിഷേധമുണ്ടാകുമെന്നും പ്രവര്‍ത്തകര്‍ പറഞ്ഞു. 'മെറ്റ ആര്‍എസിസിന്റെ മകന്‍' എന്ന് റോഡില്‍ എഴുതിയും പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചു.

Content Highlights- Youth Congress staged a protest outside Meta's office over restrictions imposed on social media accounts. The protest highlighted the organisation's objections to Meta's action and raised concerns about the account restrictions.

dot image
To advertise here,contact us
dot image