

ന്യൂഡൽഹി: പഹല്‍ഗാം ആക്രമണവുമായി ബന്ധപ്പെട്ട് കണ്ടെത്തിയ അമേരിക്കന്‍ നിര്‍മിത ഗോപ്രോ ക്യാമറയെക്കുറിച്ചുള്ള ഇന്ത്യയുടെ വിവരശേഖരണ അഭ്യര്‍ഥനയ്ക്ക് ചൈന ഇതുവരെ മറുപടി നല്‍കിയിട്ടില്ലെന്ന് ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ) ഡയറക്ടര്‍ ജനറല്‍ രാകേഷ് അഗര്‍വാള്‍ പറഞ്ഞു. കേസില്‍ അന്വേഷണ സംഘം ഫോറന്‍സിക് തെളിവുകള്‍ ശേഖരിച്ചതായും അദ്ദേഹം വ്യക്തമാക്കി. ലഷ്കര്‍-ഇ-തൊയ്ബയുടെ പിന്തുണയുള്ള ദി റെസിസ്റ്റന്‍സ് ഫ്രണ്ട് (TRF) ഏറ്റെടുത്ത ആക്രമണവുമായി ബന്ധപ്പെട്ട നിര്‍ണായക തെളിവായാണ് ക്യാമറയെ അന്വേഷണ സംഘം കാണുന്നത്. 2025 ജൂലൈയില്‍ ശ്രീനഗറിന് സമീപമുള്ള ദച്ചിഗാം വനങ്ങളില്‍ സുരക്ഷാ സേനയുമായുണ്ടായ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട ഭീകരരില്‍ നിന്നാണ് ഈ ക്യാമറ കണ്ടെടുത്തത്.
സീരിയല്‍ നമ്പര്‍ C3501325471706 ഉള്ള ഗോപ്രോ ഹീറോ 12 ബ്ലാക്ക് ക്യാമറയുടെ ഉറവിടവും വിതരണ ശൃംഖലയും കണ്ടെത്താന്‍ എന്‍ഐഎ നിര്‍മാതാക്കളായ ഗോപ്രോയെ സമീപിച്ചിരുന്നു. ചൈനയിലെ അംഗീകൃത വിതരണക്കാരായ AE Group International Limited-ന് ക്യാമറ നല്‍കിയതായാണ് കമ്പനി അറിയിച്ചത്. 2024 ജനുവരി 30ന് ചൈനയിലെ ഡോങ്ഗുവാനിലാണ് ക്യാമറ ആദ്യമായി പ്രവര്‍ത്തിപ്പിച്ചത്. എന്നാല്‍ പിന്നീട് നടന്ന ഇടപാടുകളെക്കുറിച്ചോ ക്യാമറ ഉപയോഗിച്ച വ്യക്തിയെക്കുറിച്ചോ വിവരങ്ങളില്ലെന്ന് നിര്‍മാതാക്കള്‍ അറിയിച്ചു. ആക്രമണത്തിന് മുമ്പുള്ള നിരീക്ഷണത്തിനും നീക്കങ്ങള്‍ വിലയിരുത്തുന്നതിനും ആസൂത്രണത്തിനും ക്യാമറ ഉപയോഗിച്ചിരിക്കാമെന്നാണ് അന്വേഷണ സംഘം സംശയിക്കുന്നത്.
ക്യാമറ വാങ്ങിയ വ്യക്തി ആരാണെന്നും അത് ആക്രമണ സംഘത്തിലെത്തിയത് എങ്ങനെയെന്നും ആക്രമണത്തിന്റെ ആസൂത്രണത്തിലോ നടത്തിപ്പിലോ ഉപയോഗിച്ചിട്ടുണ്ടോയെന്നും കണ്ടെത്താന്‍ ചൈനയുടെ സഹായം തേടുകയാണ് ഇന്ത്യ. ഇന്ത്യയും ചൈനയും തമ്മില്‍ പരസ്പര നിയമസഹായ കരാര്‍ (MLAT) ഇല്ലാത്തതിനാല്‍ നയതന്ത്ര, നിയമ നടപടികളിലൂടെയാണ് അഭ്യര്‍ഥന മുന്നോട്ടുപോകുന്നത്. കേന്ദ്ര ആഭ്യന്തര മന്ത്രാലയം അനുമതി നല്‍കിയതിനെ തുടര്‍ന്ന് മാര്‍ച്ച് രണ്ടിന് ജമ്മുവിലെ പ്രത്യേക കോടതി ചൈനീസ് നീതിന്യായ അധികാരികളോട് സഹായം തേടാനുള്ള ലെറ്റര്‍ ഓഫ് റോഗേറ്ററി അനുവദിച്ചിരുന്നു. ജമ്മു കശ്മീരില്‍ പ്രവര്‍ത്തിക്കുന്ന ഭീകരസംഘങ്ങള്‍ക്ക് തന്ത്രപ്രധാന ഉപകരണങ്ങളും മറ്റ് സഹായങ്ങളും എത്തിക്കുന്ന വിപുലമായ ശൃംഖലയുടെ ഭാഗമാണോ ക്യാമറയെന്നും എന്‍ഐഎ പരിശോധിക്കുന്നുണ്ട്. 2025 ഏപ്രില്‍ 22ന് പഹല്‍ഗാമിലെ ബൈസരന്‍ താഴ്വരയില് വിനോദസഞ്ചാരികള്‍ക്കും ഒരു പ്രാദേശിക കുതിരക്കാരനും നേരെ ആക്രമണം നടന്നിരുന്നു. സംഭവത്തില്‍ പങ്കാളികളായ മൂന്ന് പേരെ ജൂലൈയില്‍ ശ്രീനഗറിന് സമീപമുള്ള ദാചിഗാം വനമേഖലയില്‍ ഓപ്പറേഷന് മഹാദേവിന്റെ ഭാഗമായി സുരക്ഷാസേന നേരിട്ട ഏറ്റുമുട്ടലില്‍ കണ്ടെത്തി.
ലഷ്കര്‍-ഇ-തൊയ്ബയ്ക്കും ആറ് വ്യക്തികള്‍ക്കുമെതിരെ എന്‍ഐഎ കുറ്റപത്രം സമര്‍പ്പിച്ചിട്ടുണ്ട്. ആക്രമണത്തില്‍ പങ്കാളികളായ ഫൈസല്‍ ജാട്ട് എന്ന സുലൈമാന്‍, ഹബീബ് താഹിര്‍ എന്ന ചോട്ടു, ഹംസ അഫ്ഗാനി എന്നിവരും ലഷ്കര്‍ കമാന്‍ഡര്‍ എന്ന് സ്വയം വിശേഷിപ്പിക്കുന്ന സാജിദ് ജാട്ട് എന്ന സാജിദ് ജുട്ടും കുറ്റപത്രത്തില്‍ ഉള്‍പ്പെടുന്നു. ആക്രമണത്തിന് മുമ്പ് സംഘത്തിന് ഭക്ഷണവും താമസവും നല്‍കിയെന്ന ആരോപണത്തില്‍ രണ്ട് പ്രദേശവാസികളായ ബഷീര്‍ അഹമ്മദ് ജൊത്താട്ട്, പര്‍വൈസ് അഹമ്മദ് എന്നിവരെയും പ്രതിചേര്‍ത്തിട്ടുണ്ട്. സംഭവവുമായി ബന്ധപ്പെട്ട കൂടുതല്‍ ആളുകളെയും ഉപകരണങ്ങളുടെ വിതരണ ശൃംഖലയെയും കണ്ടെത്താനുള്ള അന്വേഷണം തുടരുകയാണ്.
Content Highlights: NIA Director General Rakesh Agarwal said China has not yet responded to India's request for information about a US-made GoPro camera linked to the Pahalgam case. He confirmed that investigators have collected forensic evidence as part of the probe, but information from Chinese authorities regarding the camera is still awaited.