കോർപ്പറേറ്റുകൾക്ക് നികുതിയിളവ് നൽകിയിട്ടും രാജ്യത്ത് തൊഴിൽ സൃഷ്ടിച്ചില്ലെന്ന് മോദി തന്നെ സമ്മതിച്ചു: രാഹുൽ

ഡല്‍ഹിയില്‍ നടന്ന ഫിക്കിയുടെ വാര്‍ഷിക സമ്മേളനത്തില്‍ പ്രധാനമന്ത്രി നടത്തിയ പരാമര്‍ശങ്ങള്‍ക്ക് പിന്നാലെയാണ് വിമർശനം

കോർപ്പറേറ്റുകൾക്ക് നികുതിയിളവ് നൽകിയിട്ടും രാജ്യത്ത് തൊഴിൽ സൃഷ്ടിച്ചില്ലെന്ന് മോദി തന്നെ സമ്മതിച്ചു: രാഹുൽ
dot image

ന്യൂഡല്‍ഹി: ഇന്ത്യന്‍ വ്യവസായ മേഖലയില്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിലും ജീവനക്കാരുടെ ശമ്പളം വര്‍ധിപ്പിക്കുന്നതിലും കോര്‍പ്പറേറ്റ് കമ്പനികള്‍ പരാജയപ്പെടുന്നുവെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിമര്‍ശനത്തില്‍ പ്രതികരണവുമായി കോണ്‍ഗ്രസ് രംഗത്ത്. FICCIയുടെ വാര്‍ഷിക സമ്മേളനത്തില്‍ പ്രധാനമന്ത്രി നടത്തിയ പരാമര്‍ശങ്ങള്‍ക്ക് പിന്നാലെ രാഹുല്‍ ഗാന്ധിയും മല്ലികാര്‍ജുന്‍ ഖര്‍ഗെയും വിമര്‍ശനവുമായി രംഗത്തെത്തി. വ്യവസായികളോടുള്ള പ്രധാനമന്ത്രിയുടെ വിമര്‍ശനം സര്‍ക്കാരിന്റെ തന്നെ പരാജയങ്ങളുടെ തുറന്നുപറച്ചിലാണെന്ന് ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി പറഞ്ഞു. നികുതിയിളവുകളും ആനുകൂല്യങ്ങളും നല്‍കിയിട്ടും കമ്പനികള്‍ എത്ര തൊഴിലവസരങ്ങള്‍ സൃഷ്ടിച്ചെന്ന് അദ്ദേഹം ചോദിച്ചു. വിമാനത്താവളങ്ങള്‍, തുറമുഖങ്ങള്‍, ഖനികള്‍, വനങ്ങള്‍, വൈദ്യുതി, കല്‍ക്കരി, റോഡുകള്‍ തുടങ്ങിയവ കോര്‍പ്പറേറ്റുകള്‍ക്ക് കൈമാറിയിട്ടും തൊഴില്‍ സൃഷ്ടിക്കാനായില്ലെന്നും രാഹുല്‍ ഗാന്ധി കുറ്റപ്പെടുത്തി.

നോട്ടുനിരോധനവും പിഴവുകളുള്ള ജിഎസ്ടി നടപ്പാക്കലും ചെറുകിട വ്യാപാരികളെയും സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങളെയും (എംഎസ്എംഇ) തകര്‍ത്തുവെന്ന് രാഹുല്‍ ഗാന്ധി ആരോപിച്ചു. കുത്തകകള്‍ വിപണിയിലെ മത്സരം ഇല്ലാതാക്കുകയും വില വര്‍ധിപ്പിക്കുകയും തൊഴിലവസരങ്ങള്‍ കുറയ്ക്കുകയും ചെയ്യുന്നു. വന്‍കിട കമ്പനികള്‍ക്ക് അനുകൂലമായ സാഹചര്യം ഒരുക്കിയതോടെ ചെറുകിട സ്ഥാപനങ്ങള്‍ പ്രതിസന്ധിയിലായെന്നും അദ്ദേഹം പറഞ്ഞു. സര്‍ക്കാരും കോര്‍പ്പറേറ്റ് സുഹൃത്തുക്കളും ചേര്‍ന്ന് രാജ്യത്തിന്റെ വിഭവങ്ങള്‍ ചൂഷണം ചെയ്തുവെന്നും അതിന്റെ പ്രത്യാഘാതങ്ങള്‍ ഇപ്പോഴും ജനങ്ങള്‍ അനുഭവിക്കുകയാണെന്നും രാഹുല്‍ ആരോപിച്ചു. അതേസമയം, ഏതാനും കോര്‍പ്പറേറ്റ് ഗ്രൂപ്പുകള്‍ക്ക് സര്‍ക്കാര്‍ അനുകൂല സാഹചര്യം ഒരുക്കുകയാണെന്നും ഇത് എംഎസ്എംഇകളെ തളര്‍ത്തുകയും വിപണിയിലെ മത്സരവും നവീകരണവും ഇല്ലാതാക്കുകയും ഇന്ത്യന്‍ ഉല്‍പ്പന്നങ്ങളുടെ ആഗോള വിശ്വാസ്യതയെ ബാധിക്കുകയും ചെയ്തുവെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെ ആരോപിച്ചു.

പ്രധാനമന്ത്രി നടത്തിയ പ്രസംഗം തൊഴില്‍, നിക്ഷേപം, ശമ്പള വര്‍ധന എന്നിവയിലെ മന്ദഗതിയെക്കുറിച്ചുള്ള ആശങ്കയാണ് വ്യക്തമാക്കുന്നതെന്ന് കോണ്‍ഗ്രസ് മാധ്യമ വിഭാഗം മേധാവിയും രാജ്യസഭാ എംപിയുമായ ജയ്റാം രമേശ് പറഞ്ഞു. കോണ്‍ഗ്രസ് ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രകടനപത്രികയായ 'ന്യായ് പത്ര'യില്‍ ഉന്നയിച്ച കാര്യങ്ങള്‍ തന്നെയാണ് മോദി ഇപ്പോള്‍ ആവര്‍ത്തിക്കുന്നതെന്നും അന്ന് കോണ്‍ഗ്രസ് വിമര്‍ശനം നേരിട്ടിരുന്നുവെന്നും അദ്ദേഹം ആരോപിച്ചു. സര്‍ക്കാരിന്റെ നയങ്ങള്‍ വ്യവസായ മേഖലയില്‍ ഭയത്തിന്റെ അന്തരീക്ഷം സൃഷ്ടിക്കുകയും സമ്പത്ത് ഏതാനും പേരിലേക്ക് കേന്ദ്രീകരിക്കുകയും ചെയ്തുവെന്നും ജയറാം രമേശ് ചൂണ്ടിക്കാട്ടി. നോട്ടുനിരോധനവും ജിഎസ്ടിയും തെറ്റായ സാമ്പത്തിക നടപടികളായിരുന്നുവെന്നും വ്യവസായികളെ കുറ്റപ്പെടുത്തുന്നതിന് പകരം സര്‍ക്കാര്‍ സ്വന്തം നയങ്ങളുടെ ഉത്തരവാദിത്വം ഏറ്റെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

FICCI യുടെ വാര്‍ഷിക പൊതുയോഗത്തിലും സമ്മേളനത്തിലും സംസാരിക്കവെ, 2014ല്‍ 30 ശതമാനമായിരുന്ന കോര്‍പ്പറേറ്റ് നികുതി 22 ശതമാനമായി കുറച്ചതായി മോദി പറഞ്ഞിരുന്നു. നിലവിലെ വ്യവസ്ഥയില്‍ 12 ലക്ഷം രൂപ വരെയുള്ള വരുമാനത്തിന് നികുതിയില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. എന്നാല്‍ ഈ ആനുകൂല്യങ്ങള്‍ ലഭിച്ചിട്ടും കമ്പനികള്‍ ജീവനക്കാരുടെ ശമ്പളം വര്‍ധിപ്പിച്ചോ കൂടുതല്‍ തൊഴിലാളികളെ നിയമിച്ചോ എന്ന് പ്രധാനമന്ത്രി ചോദിച്ചു. ഇന്ത്യന്‍ കമ്പനികള്‍ ഉല്‍പ്പന്നങ്ങളുടെ ഗുണനിലവാരം മെച്ചപ്പെടുത്തണമെന്നും നഗരങ്ങളിലും ഗ്രാമങ്ങളിലും താമസിക്കുന്ന ഇന്ത്യക്കാര്‍ക്ക് മികച്ച ഉല്‍പ്പന്നങ്ങള്‍ ലഭിക്കാന്‍ അര്‍ഹതയുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Content Highlights: Congress leaders Rahul Gandhi and Mallikarjun Kharge criticised Prime Minister Narendra Modi following his remarks on corporate companies failing to create employment opportunities and increase employee salaries. Rahul Gandhi described the PM's criticism of industrialists as an admission of the government's own failures and questioned how many jobs companies had created despite receiving tax concessions and benefits. He also alleged that infrastructure and natural resources, including airports, ports, mines, forests, electricity, coal and roads, had been handed over to corporates without generating adequate employment.

dot image
To advertise here,contact us
dot image