'RSS ഇന്ത്യയുടെ സംരക്ഷണ കവചം'; പ്രകീർത്തിച്ച് പശ്ചിമ ബംഗാള്‍ ഗവര്‍ണര്‍ ആര്‍ എന്‍ രവി

ആര്‍എസ്എസിന്റെ ശതാബ്ദി ആഘോഷ പരിപാടിയിലായിരുന്നു ഗവർണർ പങ്കെടുത്തത്

'RSS ഇന്ത്യയുടെ സംരക്ഷണ കവചം'; പ്രകീർത്തിച്ച് പശ്ചിമ ബംഗാള്‍ ഗവര്‍ണര്‍ ആര്‍ എന്‍ രവി
dot image

കൊല്‍ക്കത്ത: ആര്‍എസ്എസിന്റെ ശതാബ്ദി ആഘോഷ പരിപാടിയില്‍ സംഘടനയെ പുകഴ്ത്തി പശ്ചിമ ബംഗാള്‍ ഗവര്‍ണര്‍ ആര്‍ എന്‍ രവി. ആര്‍എസ്എസിനെ രാജ്യത്തിന്റെ സംരക്ഷണ കവചമെന്ന് വിശേഷിപ്പിച്ച അദ്ദേഹം, സംഘടന നിലനില്‍ക്കുന്നിടത്തോളം ഇന്ത്യയും രാജ്യത്തിന്റെ ഭാവിയും സുരക്ഷിതമാണെന്ന് പറഞ്ഞു. നവംബര്‍ 17ന് ന്യൂഡല്‍ഹിയില്‍ നടന്ന ഭാരത് ഗൗരവ് ഉത്സവ് 2026 പരിപാടിയിലായിരുന്നു അദ്ദേഹത്തിന്റെ പ്രസംഗം. സ്വാതന്ത്ര്യത്തിന് ശേഷം മതപരമായ പ്രീണന രാഷ്ട്രീയത്തിലൂടെ ഇന്ത്യ വഴിതെറ്റിയെന്നും രവി ആരോപിച്ചു. ഖിലാഫത്ത് പ്രസ്ഥാനത്തെയും 1921ലെ മലബാര്‍ കലാപത്തെയും പരാമര്‍ശിച്ച അദ്ദേഹം, ഹിന്ദുക്കള്‍ക്കെതിരായ അതിക്രമങ്ങളില്‍ കോണ്‍ഗ്രസ് മൗനം പാലിച്ചുവെന്നും വിമര്‍ശിച്ചു.

ചാണക്യ ന്യൂസ് പബ്ലിഷിങ് ഗ്രൂപ്പിന്റെ പത്താം വാര്‍ഷികത്തോടനുബന്ധിച്ചായിരുന്നു ചാണക്യപുരിയിലെ സിവില്‍ സര്‍വീസ് ഓഫീസേഴ്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഡിറ്റോറിയത്തില്‍ പരിപാടി നടന്നത്. മുന്‍ ആര്‍എസ്എസ് ജനറല്‍ സെക്രട്ടറി സുരേഷ് ഭയ്യാജി ജോഷി, വിശ്വഹിന്ദു പരിഷത്ത് രക്ഷാധികാരി ദിനേഷ് ചന്ദ്ര, ആര്‍എസ്എസ് അഖിലേന്ത്യാ സമ്പര്‍ക്ക പ്രമുഖ് രാംലാല്‍ തുടങ്ങിയവര്‍ പങ്കെടുത്തു. വിജയ് കുമാര്‍ സമാഹരണം നടത്തിയ 'രാഷ്ട്രീയ സ്വയംസേവക സംഘം: തിഥി ദര്‍പ്പണ്‍' എന്ന പുസ്തകവും ചടങ്ങില്‍ പ്രകാശനം ചെയ്തു. രവി മുഖ്യാതിഥിയായിരുന്ന ചടങ്ങില്‍ ഭയ്യാജി ജോഷി അധ്യക്ഷത വഹിച്ചു.

രവിയുടെ പ്രസംഗത്തില്‍ ഭയ്യാജി ജോഷിയുടെ ആശയങ്ങളുടെയും പരാമര്‍ശങ്ങളുടെയും പ്രതിഫലനം പ്രകടമായിരുന്നു. ഇന്ത്യ പുതിയ ഉണര്‍വിന്റെ ഘട്ടത്തിലാണെന്നും ലോകത്തെ നയിക്കാന്‍ രാജ്യത്തിന് ശേഷിയുണ്ടെന്നും ഇരുവരും അഭിപ്രായപ്പെട്ടു. വിനായക് ദാമോദര്‍ സവര്‍ക്കര്‍ ചരിത്രത്തെ ആറ് സുവര്‍ണ അധ്യായങ്ങളായി വിശേഷിപ്പിച്ചതിനെ പരാമര്‍ശിച്ച ജോഷി, ഏഴാമത്തെ അധ്യായം ഇപ്പോള്‍ എഴുതപ്പെടുകയാണെന്നും 1674ലെ ശിവാജിയുടെ കിരീടധാരണത്തോടെ അതിന് തുടക്കമായെന്നും പറഞ്ഞു. അധിനിവേശങ്ങളും പ്രതിസന്ധികളും അതിജീവിച്ച ഇന്ത്യയെ അജയ്യമായ രാജ്യമായാണ് അദ്ദേഹം വിശേഷിപ്പിച്ചത്. ഇന്ത്യയുടെ ആത്മീയ അടിത്തറ വെല്ലുവിളിക്കപ്പെടുമ്പോഴെല്ലാം സമൂഹത്തെ ഉണര്‍ത്തുന്ന ശക്തികള്‍ ഉയര്‍ന്നുവരുമെന്നും ഇന്ത്യ ശാശ്വതമായ രാജ്യമാണെന്നും രവിയും പറഞ്ഞു. രാജ്യത്തിന്റെ ശക്തിയിലും ഭാവിയിലും ആര്‍എസ്എസിന് നിര്‍ണായക പങ്കുണ്ടെന്നും ഇരുവരും അഭിപ്രായപ്പെട്ടു.

കമ്യൂണിസത്തെ വിമര്‍ശിച്ച രവി, രാജ്യത്തിന്റെ ശക്തി ദുര്‍ബലപ്പെടുത്താന്‍ ചിലര്‍ ആശയക്കുഴപ്പവും അസ്വസ്ഥതയും സൃഷ്ടിക്കുകയാണെന്നും ആരോപിച്ചു. വോട്ട് മോഷണ ആരോപണവുമായി ബന്ധപ്പെട്ട പ്രക്ഷോഭങ്ങള്‍ ഉള്‍പ്പെടെയുള്ള രാഷ്ട്രീയ നീക്കങ്ങളെ ലക്ഷ്യമിട്ടായിരുന്നു പരാമര്‍ശമെന്നാണ് വിലയിരുത്തല്‍. എന്നാല്‍ അദ്ദേഹം ഏതെങ്കിലും പ്രസ്ഥാനത്തെ പേരെടുത്ത് പരാമര്‍ശിച്ചില്ല. ആര്‍എസ്എസിനെ സമര്‍പ്പിത പ്രവര്‍ത്തകരുടെ കൂട്ടായ്മയായി വിശേഷിപ്പിച്ച രവി, സംഘടനയുടെ പ്രവര്‍ത്തനങ്ങളെയും സ്ഥാപകന്‍ കെ ബി ഹെഡ്‌ഗേവാറിനെയും പുകഴ്ത്തി. ആയിരക്കണക്കിന് പ്രചാരകരുടെയും ലക്ഷക്കണക്കിന് പ്രവര്‍ത്തകരുടെയും സമര്‍പ്പണവും ത്യാഗവുമാണ് സംഘടനയുടെ വളര്‍ച്ചയ്ക്ക് കാരണമെന്നും അദ്ദേഹം പറഞ്ഞു.

ഖിലാഫത്ത് പ്രസ്ഥാനത്തെയും മലബാര്‍ കലാപത്തെയും സംബന്ധിച്ച രവിയുടെ പരാമര്‍ശങ്ങള്‍ ചരിത്രത്തെ വിലയിരുത്തുന്ന രീതിയെക്കുറിച്ചുള്ള ചര്‍ച്ചകള്‍ക്കും വഴിവെച്ചു. 1916ലെ ലഖ്‌നൗ

കരാറില്‍ മുസ്‌ലിങ്ങൾക്ക് പ്രത്യേക തെരഞ്ഞെടുപ്പ് മണ്ഡലങ്ങള്‍ അനുവദിക്കാനുള്ള കോണ്‍ഗ്രസ് നിലപാടും ഖിലാഫത്ത് പ്രസ്ഥാനത്തിന് നല്‍കിയ പിന്തുണയും മതപരമായ വിഭജനത്തിന് തുടക്കമിട്ടുവെന്നായിരുന്നു അദ്ദേഹത്തിന്റെ വാദം. എന്നാല്‍ ലഖ്‌നൗ കരാര്‍ ബ്രിട്ടീഷ് ഭരണത്തിനെതിരെ ഭരണഘടനാ പരിഷ്‌കാരങ്ങളും സ്വയംഭരണവും ആവശ്യപ്പെട്ടുള്ള കോണ്‍ഗ്രസ്-മുസ്‌ലിം ലീഗ് സംയുക്ത നീക്കമായിരുന്നു. 1921ലെ മലബാര്‍ കലാപത്തിന് ഖിലാഫത്ത് പ്രസ്ഥാനത്തിനപ്പുറം കാര്‍ഷിക പ്രശ്‌നങ്ങള്‍, ഭൂവുടമകളുമായുള്ള സംഘര്‍ഷങ്ങള്‍, പ്രാദേശിക സാഹചര്യങ്ങള്‍ എന്നിവയും കാരണമായിരുന്നു. സ്വാതന്ത്ര്യത്തിന് ശേഷമുള്ള പ്രീണന നയങ്ങളെ വിമര്‍ശിച്ച രവി, ഏതെങ്കിലും പ്രത്യേക നയങ്ങളോ സംഭവങ്ങളോ ചൂണ്ടിക്കാട്ടിയില്ല.

ഭരണഘടനാ പദവിയിലുള്ള വ്യക്തികള്‍ പാലിക്കേണ്ട രാഷ്ട്രീയ നിഷ്പക്ഷതയെക്കുറിച്ചും പ്രസംഗം ചര്‍ച്ച ഉയര്‍ത്തിയിട്ടുണ്ട്. ഭരണഘടനയുടെ 159ാം അനുച്ഛേദപ്രകാരം ഗവര്‍ണര്‍ ഭരണഘടനയും നിയമവും സംരക്ഷിക്കുമെന്നും ജനങ്ങളുടെ ക്ഷേമത്തിനായി പ്രവര്‍ത്തിക്കുമെന്നും പ്രതിജ്ഞയെടുക്കുന്നു. 2010ലെ ബി പി സിംഗാള്‍ കേസില്‍ ഗവര്‍ണര്‍മാര്‍ രാഷ്ട്രീയ നിഷ്പക്ഷത പാലിക്കണമെന്നും ഭരണഘടനയോടാണ് കൂറ് പുലര്‍ത്തേണ്ടതെന്നും സുപ്രീംകോടതി വ്യക്തമാക്കിയിരുന്നു. പൊതുപരിപാടികളില്‍ പങ്കെടുക്കാനും ചരിത്രം, സംസ്‌കാരം, സമൂഹം തുടങ്ങിയ വിഷയങ്ങളില്‍ അഭിപ്രായം പറയാനും ഗവര്‍ണര്‍മാര്‍ക്ക് അവകാശമുണ്ടെങ്കിലും, ഒരു സംഘടനയെ പരസ്യമായി പുകഴ്ത്തുകയും പ്രതിപക്ഷ രാഷ്ട്രീയ നിലപാടുകളെ വിമര്‍ശിക്കുകയും ചെയ്യുന്ന പ്രസംഗങ്ങള്‍ ഭരണഘടനാ പദവിയുടെ നിഷ്പക്ഷതയെക്കുറിച്ച് ചോദ്യങ്ങള്‍ ഉയര്‍ത്തുന്നു.

Content Highlights: West Bengal Governor R N Ravi praised the RSS during the Bharat Gaurav Utsav 2026 held in New Delhi on November 17 as part of its centenary celebrations. Describing the organisation as India's shield, he said the country's future would remain secure as long as the RSS exists. Ravi alleged that India had strayed after independence due to religious appeasement politics and criticised the Congress over its response to violence against Hindus, citing the Khilafat Movement and the 1921 Malabar Rebellion.

dot image
To advertise here,contact us
dot image