'പാകിസ്താന് പ്രത്യേക ക്ഷണം നൽകിയിട്ടില്ല'; പാക് മന്ത്രിയുടെ ഇന്ത്യ സന്ദർശനത്തിൽ കോൺഗ്രസിന് മറുപടിയുമായി BJP

ഇന്ത്യയെ ലക്ഷ്യമിട്ടുള്ള ഭീകരപ്രവര്‍ത്തനങ്ങള്‍ തുടരുന്നിടത്തോളം പാകിസ്താനുമായി ചര്‍ച്ച സാധ്യമല്ലെന്ന് ബിജെപി നേതാവ് നളിന്‍ കോഹ്ലി

'പാകിസ്താന് പ്രത്യേക ക്ഷണം നൽകിയിട്ടില്ല'; പാക് മന്ത്രിയുടെ ഇന്ത്യ സന്ദർശനത്തിൽ കോൺഗ്രസിന് മറുപടിയുമായി BJP
dot image

ന്യൂഡൽഹി: ഇന്ത്യയെ ലക്ഷ്യമിട്ടുള്ള ഭീകരപ്രവര്‍ത്തനങ്ങള്‍ തുടരുന്നിടത്തോളം പാകിസ്താനുമായി ചര്‍ച്ച സാധ്യമല്ലെന്ന് ബിജെപി നേതാവ് നളിന്‍ കോഹ്ലി വെള്ളിയാഴ്ച ആവര്‍ത്തിച്ചു. ഡല്‍ഹിയില്‍ നടക്കുന്ന ആദ്യ ഷാങ്ഹായ് സഹകരണ സംഘടന (എസ്സിഒ) സിവിലൈസേഷന്‍ ഡയലോഗ് ഫോറത്തില്‍ പങ്കെടുക്കവെയാണ് അദ്ദേഹം ഇന്ത്യയുടെ നിലപാട് വ്യക്തമാക്കിയത്. പാകിസ്താന്‍ കാലാവസ്ഥാ വ്യതിയാന മന്ത്രി മുസാദിക് മസൂദ് മാലിക്കും ഫോറത്തില്‍ പങ്കെടുക്കുന്നുണ്ട്. ഇന്ത്യയും പാകിസ്താനും തമ്മിലുള്ള ഉഭയകക്ഷി ബന്ധത്തില്‍ മാറ്റമില്ലെന്നും പാകിസ്താന് പ്രത്യേക ക്ഷണം നല്‍കിയിട്ടില്ലെന്നും കോഹ്ലി പറഞ്ഞു. ഇത് ബഹുരാഷ്ട്ര വേദിയാണെന്നും പാകിസ്താനുമായുള്ള ബന്ധത്തില്‍ ഇന്ത്യയുടെ നിലപാട് വ്യക്തവും മാറ്റമില്ലാത്തതുമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മൂന്ന് വര്‍ഷത്തിനിടെ ആദ്യമായി ഒരു പാക് മന്ത്രി ഇന്ത്യ സന്ദര്‍ശിക്കുന്നത് വലിയ രാഷ്ട്രീയ വിവാദത്തിന് വഴിവച്ചു. ഇന്ത്യയെ ആവര്‍ത്തിച്ച് വിമര്‍ശിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്ത നേതാവിനെ സര്‍ക്കാര്‍ ക്ഷണിച്ചതില്‍ ലജ്ജിക്കണമെന്ന് കോണ്‍ഗ്രസ് വക്താവ് സുപ്രിയ ശ്രീനേറ്റ് ആരോപിച്ചു. സിന്ധു നദീജല കരാര്‍ ഇന്ത്യ റദ്ദാക്കിയതിന് പിന്നാലെ പാകിസ്താന്റെ ജലവിഭവങ്ങളെ കൈയേറ്റം ചെയ്യാന്‍ ശ്രമിക്കുന്നവരുടെ കൈകള്‍ വെട്ടുമെന്ന് മാലിക് പറഞ്ഞതും അവര്‍ ചൂണ്ടിക്കാട്ടി. പാകിസ്താന്‍ ഇന്ത്യക്കെതിരെ ഭീകരപ്രവര്‍ത്തനങ്ങള്‍ തുടരുമ്പോള്‍ മോദി സര്‍ക്കാര്‍ പാക് നേതാക്കള്‍ക്ക് ആതിഥ്യം നല്‍കുകയാണെന്നും സുപ്രിയ സമൂഹമാധ്യമത്തില്‍ വിമര്‍ശിച്ചു. കോണ്‍ഗ്രസില്‍ നിന്ന് വിദേശനയം പഠിക്കേണ്ട ആവശ്യമില്ലെന്ന് തിരിച്ചടിച്ച കോഹ്ലി, ജവഹര്‍ലാല്‍ നെഹ്‌റുവിന്റെയും ഇന്ദിരാ ഗാന്ധിയുടെയും കാലത്തെ വിദേശനയങ്ങളെയും പരാമര്‍ശിച്ചു.

Also Read:

പാകിസ്താന്‍ ഇന്ത്യക്കെതിരായ ഭീകരപ്രവര്‍ത്തനങ്ങള്‍ തടയാന്‍ യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ലെന്ന് കോണ്‍ഗ്രസ് എംപി മനീഷ് തിവാരിയും ആരോപിച്ചു. കഴിഞ്ഞ നാല് പതിറ്റാണ്ടിനിടെ സാഹചര്യങ്ങളില്‍ മാറ്റമുണ്ടായിട്ടില്ലെന്നും 1977 മുതല്‍ പാകിസ്താന്‍ സ്വന്തം മണ്ണില്‍ ഭീകരപ്രവര്‍ത്തനങ്ങളുടെ ശൃംഖല വളര്‍ത്തി ഇന്ത്യയ്ക്ക് എതിരെ ഉപയോഗിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. എസ്സിഒ ഫോറത്തില്‍ അതിര്‍ത്തി കടന്നുള്ള ഭീകരപ്രവര്‍ത്തനങ്ങളെക്കുറിച്ചുള്ള നേരിട്ടുള്ള ചോദ്യങ്ങള്‍ക്ക് മാലിക് മറുപടി നല്‍കാതെ ഒഴിഞ്ഞുമാറിയതായും റിപ്പോര്‍ട്ടുണ്ട്. പാകിസ്താന്‍ വിദേശകാര്യ മന്ത്രാലയത്തിന്റെ അറിയിപ്പനുസരിച്ച്, വിവിധ വിഷയങ്ങളിലുള്ള സെഷനുകളില്‍ പങ്കെടുക്കുകയും നാഗരികതകള്‍ തമ്മിലുള്ള സംവാദത്തെയും നയതന്ത്രത്തെയും കുറിച്ചുള്ള പാകിസ്താന്റെ നിലപാട് അവതരിപ്പിക്കുകയും ചെയ്യും.

എസ്സിഒ അംഗരാജ്യങ്ങള്‍, നിരീക്ഷക രാജ്യങ്ങള്‍, സംവാദ പങ്കാളികള്‍ എന്നിവര്‍ക്കിടയില്‍ സാംസ്‌കാരിക കൈമാറ്റം, പരസ്പര ധാരണ, ജനങ്ങള്‍ തമ്മിലുള്ള ബന്ധം എന്നിവ പ്രോത്സാഹിപ്പിക്കുകയാണ് ഇന്ത്യ ആതിഥേയത്വം വഹിക്കുന്ന ആദ്യ സിവിലൈസേഷന്‍ ഡയലോഗ് ഫോറത്തിന്റെ ലക്ഷ്യം. ദുഷാന്‍ബെയില്‍ നടന്ന എസ്സിഒ സര്‍ക്കാരുകളുടെ തലവന്മാരുടെ യോഗത്തില്‍ ഒക്ടോബര്‍ 20ന് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്ങാണ് ഈ സംരംഭം പ്രഖ്യാപിച്ചത്. ഔദ്യോഗിക നയതന്ത്ര ചര്‍ച്ചകള്‍ക്കപ്പുറം സാംസ്‌കാരിക ബന്ധങ്ങളും സഹകരണവും ചര്‍ച്ച ചെയ്യുന്നതിനുള്ള വേദിയൊരുക്കുകയാണ് ഫോറം ലക്ഷ്യമിടുന്നത്.

Also Read:

ഇന്ത്യ, പാകിസ്താന്‍, ചൈന, റഷ്യ എന്നിവയുള്‍പ്പെടെ പത്ത് അംഗരാജ്യങ്ങളാണ് ഷാങ്ഹായ് സഹകരണ സംഘടനയിലുള്ളത്. 2017ലാണ് ഇന്ത്യ സംഘടനയില്‍ പൂര്‍ണ അംഗത്വം നേടിയത്. ഇന്ത്യയും പാകിസ്താനും തമ്മില്‍ അതിര്‍ത്തി കടന്നുള്ള ഭീകരപ്രവര്‍ത്തനങ്ങളും മറ്റ് ഉഭയകക്ഷി വിഷയങ്ങളും നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് സാംസ്‌കാരിക ബന്ധങ്ങള്‍ക്ക് ഊന്നല്‍ നല്‍കുന്ന ഫോറം നടക്കുന്നത്. ഇന്ത്യക്കെതിരായ ഭീകരപ്രവര്‍ത്തനങ്ങള്‍ അവസാനിക്കാതെ പാകിസ്താനുമായി അര്‍ത്ഥവത്തായ ചര്‍ച്ചകള്‍ പുനരാരംഭിക്കില്ലെന്ന നിലപാടിലാണ് കേന്ദ്രസര്‍ക്കാര്‍.

Content Highlights: BJP leader Nalin Kohli reiterated India's position that dialogue with Pakistan is not possible as long as terror activities targeting India continue. Speaking at the SCO Civilisation Dialogue Forum in Delhi, he said bilateral relations remain unchanged and denied that Pakistan had received a special invitation. He described the event as a multilateral platform, with Pakistan's climate change minister Musadik Masood Malik also attending.

dot image
To advertise here,contact us
dot image