

ന്യൂ ഡൽഹി: എസ്‌സിഒ സിവിലൈസേഷണല്‍ ഡയലോഗില്‍ പങ്കെടുക്കാന്‍ വേണ്ടി പാകിസ്താന്റെ കാലാവസ്ഥാ വ്യതിയാന മന്ത്രിയായ മുസാദിക് മാലിക് ഡല്‍ഹിയില്‍ എത്തി. മൂന്ന് വര്‍ഷത്തിന് ശേഷമാണ് ഒരു പാകിസ്താന്‍ മന്ത്രി ഇന്ത്യ സന്ദര്‍ശിക്കുന്നത്. 2023 മേയിലാണ് അവസാനമായി പാകിസ്താന്റെ വിദേശകാര്യ മന്ത്രി ബിലാവാല്‍ ഭൂട്ടോ സര്‍ദാരി ഇന്ത്യയില്‍ എത്തിയത്. ഷാങ്ങായ് ഉച്ചകോടിയുടെ വിദേശകാര്യ മന്ത്രിമാരുടെ യോഗത്തില്‍ പങ്കെടുക്കാനായിരുന്നു അദ്ദേഹം അന്ന് ഇന്ത്യയില്‍ എത്തിയത്.
ഓപ്പറേഷന്‍ സിന്ദൂറിന് ശേഷം ഇന്ത്യയുടെയും പാകിസ്താന്റെയും നയതന്ത്ര ബന്ധത്തിലുണ്ടായ വിള്ളല്‍ ഈ സന്ദര്‍ശനത്തിലൂടെ മാറുമെന്നാണ് കരുതുന്നത്. മാലിക്കിന്റെ സന്ദര്‍ശനം വലിയ തലങ്ങളിലുള്ള നയതന്ത്ര ഇടപെടലുകളുടെ സൂചനയാണ് നൽകുന്നത്. എസ്‌സിഒ സിവിലൈസേഷണല്‍ ഡയലോഗ് വെള്ളിയാഴ്ച മുതല്‍ ഞായറാഴ്ച വരെ(20-22) വരെയാണ് നടക്കുന്നത്. ഇന്ത്യ ആതിഥേയത്വം വഹിക്കുന്ന യോഗം ന്യൂ ഡല്‍ഹിയിലെ പുരാന കിലയില്‍ വച്ചാണ് നടക്കുന്നത്. എസ്‌സിഒയിലെ എല്ലാ അംഗങ്ങളെയും യോഗത്തിന് ക്ഷണിച്ചിട്ടുണ്ടെന്ന് ഇന്ത്യയുടെ വിദേശകാര്യാലയം അറിയിച്ചു. പരസ്പര ബന്ധിതമായ നാഗരിക പൈതൃകവും സമ്പന്നതയും ആഘോഷിക്കുക, ജനങ്ങൾ തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തുക, സാംസ്കാരിക സംവാദവും സഹകരണവും പ്രോത്സാഹിപ്പിക തുടങ്ങിയവയാണ് ഡയലോഗിലൂടെ ലക്ഷ്യമിടുന്നതെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു.

മുസാദിക് മാലികിനെ ഡല്‍ഹി വിമാനത്താവളത്തില്‍ ചെന്ന് ചാര്‍ജ് ഡി അഫയേഴ്‌സ് സാദ് വറൈച്ച് സ്വീകരിച്ചതായി നയതന്ത്ര കാര്യാലയം അറിയിച്ചു. മുസാദിക് മാലിക് പാകിസ്താന്റെ കാലാവസ്ഥാ വ്യതിയാന -പരിസ്ഥിതി ഏകോപന വകുപ്പ് മന്ത്രിയാണ്. റഷ്യ, ചൈന, കിര്‍ഗിസ് റിപ്പബ്ലിക്, കസാക്കിസ്ഥാന്‍, താജിക്കിസ്ഥാന്‍, ഉസ്‌ബെക്കിസ്ഥാന്‍ എന്നീ രാജ്യങ്ങളുടെ പ്രസിഡന്റുമാര്‍ ചേര്‍ന്ന് 2001-ല്‍ ഷാങ്ഹായില്‍ നടന്ന ഉച്ചകോടിയിലാണ് എസ്‌സിഒ രൂപീകരിച്ചത്. 2017-ല്‍ ഇന്ത്യയും പാകിസ്താനും ഇതിലെ സ്ഥിരാംഗങ്ങളായി. 2023-ല്‍ ഇറാനും അംഗമായി. എസ്‌സിഒ സിവിലൈസേഷണല്‍ ഡയലോഗില്‍ പങ്കെടുക്കാന്‍ ഇന്ത്യ പാകിസ്താന് ക്ഷണം നല്‍കിയതിനെതിരെ പ്രതിപക്ഷം വിമർശനം ഉന്നയിച്ചിരുന്നു.
Content Highlights:Pakistani minister is visiting India for the first time since Operation Sindoor to attend the Shanghai Cooperation Organisation's Civilizational Dialogue. The visit is linked to the SCO event and marks the minister's first trip to India since the military operation.