

ന്യൂഡല്‍ഹി: തെരഞ്ഞെടുപ്പ് കമ്മീഷന്‍ നടത്തുന്ന എസ്‌ഐആറില്‍ ട്രാന്‍സ്ജെന്‍ഡര്‍ വോട്ടര്‍മാരെ ആനുപാതികമല്ലാത്ത രീതിയില്‍ പുറത്താക്കുന്നതായി ആശങ്ക പങ്കുവെച്ച് 'ദി വയര്‍' അന്വേഷണ റിപ്പോര്‍ട്ട്. 12 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും നടത്തിയ പരിശോധനയില്‍ ട്രാന്‍സ്ജെന്‍ഡര്‍ വോട്ടര്‍മാരുടെ എണ്ണം 30.84% കുറഞ്ഞതായി കണ്ടെത്തി. മൊത്തം വോട്ടര്‍മാരുടെ കുറവ് 11.92% മാത്രമാണ്. അതായത് ട്രാന്‍സ്ജെന്‍ഡര്‍ വിഭാഗത്തിലെ കുറവ് പൊതുവോട്ടര്‍മാരുടെ നിരക്കിന്റെ 2.5 മടങ്ങിലധികമാണ്. തെരഞ്ഞെടുപ്പ് കമ്മീഷന്റെ കണക്കുകള്‍, വിവരാവകാശ നിയമപ്രകാരം ലഭിച്ച സര്‍ക്കാര്‍ രേഖകള്‍, ബാധിതരുടെ നേരിട്ടുള്ള അനുഭവങ്ങള്‍ എന്നിവ അടിസ്ഥാനമാക്കിയുള്ള അന്വേഷണമാണ് ഈ പുറത്താക്കലിന് പിന്നിലെ ഘടനാപരമായ തടസ്സങ്ങളായി ചൂണ്ടിക്കാട്ടുന്നത്.
ട്രാന്‍സ്ജെന്‍ഡര്‍ ജനസംഖ്യ കൃത്യമായി കണക്കാക്കുന്നതിലെ പരിമിതികളും അന്വേഷണത്തില്‍ ചൂണ്ടിക്കാട്ടുന്നു. 2011ലെ സെന്‍സസ് കണക്കുകള്‍ സമൂഹത്തിന്റെ യഥാര്‍ഥ ജനസംഖ്യ കുറച്ചുകാണിക്കുന്നുവെന്ന് വിവിധ സംഘടനകളും പ്രവര്‍ത്തകരും വിമര്‍ശിക്കുന്നു. ആന്ധ്രാപ്രദേശിലും തെലങ്കാനയിലുമായി 43,769 ട്രാന്‍സ്ജെന്‍ഡര്‍ വ്യക്തികളെയാണ് സെന്‍സസ് രേഖപ്പെടുത്തിയത്. എന്നാല്‍ 2014ല്‍ തെലങ്കാനയില്‍ നടത്തിയ സമഗ്ര കുടുംബ സര്‍വേയില്‍ മാത്രം 58,918 പേരെ രേഖപ്പെടുത്തി. 2011ലെ സെന്‍സസ് പ്രകാരം രാജ്യത്ത് ആറു വയസിന് മുകളിലുള്ള 3,57,171 ട്രാന്‍സ്ജെന്‍ഡര്‍ വ്യക്തികളുണ്ടായിരുന്നു. ഇവരെല്ലാം 2024ഓടെ വോട്ടവകാശത്തിനുള്ള പ്രായത്തിലെത്തിയിരിക്കേണ്ടവരാണ്. എന്നിരുന്നാലും 2024 ലോക്സഭാ തെരഞ്ഞെടുപ്പില്‍ സെന്‍സസ് കണക്കിലുള്ളവരില്‍ 14 ശതമാനത്തില്‍ താഴെ മാത്രമാണ് വോട്ടര്‍പട്ടികയില്‍ ഇടം നേടിയത്. എസ്ഐആറിന് പിന്നാലെ 12 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലുമായി ട്രാന്‍സ്ജെന്‍ഡര്‍ വോട്ടര്‍മാരുടെ എണ്ണം 35,870ല്‍ നിന്ന് 24,811 ആയി കുറഞ്ഞു. മൊത്തം വോട്ടര്‍മാരുടെ എണ്ണം 62.6 കോടിയില്‍ നിന്ന് 55.1 കോടിയായി കുറഞ്ഞു. ട്രാന്‍സ്ജെന്‍ഡര്‍ വോട്ടര്‍മാരുടെ എണ്ണത്തില്‍ ഡല്‍ഹിയില്‍ 65%, മഹാരാഷ്ട്രയില്‍ 49%, കര്‍ണാടകയില്‍ 43%, ഉത്തര്‍പ്രദേശില്‍ 37% എന്നിങ്ങനെയാണ് കുറവ് രേഖപ്പെടുത്തിയത്. മുന്‍കാലങ്ങളില്‍ ട്രാന്‍സ്ജെന്‍ഡര്‍ വോട്ടര്‍മാര്‍ക്കായി പ്രത്യേക രജിസ്‌ട്രേഷന്‍ പ്രവര്‍ത്തനങ്ങള്‍ നടത്തിയ സംസ്ഥാനങ്ങളിലാണ് ഈ വലിയ കുറവുണ്ടായത്.

കുടുംബത്തില്‍ നിന്ന് അകന്നുപോയവര്‍, സ്വന്തം നാട്ടില്‍ നിന്ന് കുടിയേറിയവര്‍, തിരിച്ചറിയല്‍ രേഖകളില്‍ പേരും ജെൻഡറും മാറിയവര്‍ എന്നിവരാണ് വോട്ടര്‍ രജിസ്‌ട്രേഷനില്‍ കൂടുതല്‍ തടസ്സങ്ങള്‍ നേരിടുന്നതെന്ന് അന്വേഷണത്തില്‍ വ്യക്തമാകുന്നു. ബെംഗളൂരുവില്‍ താമസിക്കുന്ന അശ്വിന്‍ എന്ന ട്രാന്‍സ് പുരുഷന്‍ വോട്ടര്‍ ഐഡിക്കായി അപേക്ഷിച്ചപ്പോള്‍ പേരിലും പിതാവിന്റെ വിവരങ്ങളിലും പൊരുത്തക്കേടുണ്ടെന്ന് ചൂണ്ടിക്കാട്ടി അധികൃതര്‍ അപേക്ഷ തടഞ്ഞതായി പറഞ്ഞു. പത്ത് വര്‍ഷമായി കുടുംബവുമായി ബന്ധമില്ലാതിരുന്നിട്ടും പിതാവിന്റെ ആധാര്‍ അല്ലെങ്കില്‍ പാസ്പോര്‍ട്ട് ഹാജരാക്കാന്‍ ആവശ്യപ്പെട്ടു. ലഭ്യമായ രേഖകള്‍ സമര്‍പ്പിച്ചിട്ടും പേരിലും ജെൻഡറിലും വ്യത്യാസമുള്ളതിനാല്‍ കൂടുതല്‍ തടസ്സങ്ങള്‍ നേരിട്ടു. ഡിജിറ്റല്‍ പരിശോധനാ സംവിധാനം രേഖകള്‍ നിരസിച്ചാല്‍ അപേക്ഷകന്റെ സാഹചര്യം നേരിട്ട് വിശദീകരിക്കാന്‍ അവസരം ലഭിക്കാത്തതായും അദ്ദേഹം ചൂണ്ടിക്കാട്ടി. വിവേചനവും അതിക്രമങ്ങളും കാരണം ജനിച്ച കുടുംബം ഉപേക്ഷിക്കുന്ന ട്രാന്‍സ്ജെന്‍ഡര്‍ വ്യക്തികള്‍ പഴയ പേരിലും ജനനസമയത്തെ ജെൻഡർ വിവരത്തിലും സ്വന്തം നാട്ടിലെ വോട്ടര്‍പട്ടികയില്‍ തുടരുന്നതും വോട്ടവകാശം വിനിയോഗിക്കാന്‍ കഴിയാത്ത സാഹചര്യം സൃഷ്ടിക്കുന്നു. കുടുംബത്തെ അടിസ്ഥാനമാക്കിയുള്ള വോട്ടര്‍ മാപ്പിങ് സംവിധാനം വോട്ടവകാശത്തെ കുടുംബരേഖകളുമായും വംശപരമായ ബന്ധങ്ങളുമായും ബന്ധിപ്പിക്കുന്നുവെന്നാണ് പ്രവര്‍ത്തകരുടെ വിമര്‍ശനം.
ട്രാന്‍സ്ജെന്‍ഡര്‍ സമൂഹത്തിന്റെ തെരഞ്ഞെടുപ്പ് പങ്കാളിത്തം വര്‍ധിപ്പിക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ നേരത്തെ നിരവധി നടപടികള്‍ സ്വീകരിച്ചിരുന്നു. സുപ്രീംകോടതിയുടെ 2014ലെ നാല്‍സ (NALSA) വിധിക്ക് പിന്നാലെ വോട്ടര്‍ രജിസ്‌ട്രേഷന്‍ ഫോമുകളില്‍ 'മറ്റുള്ളവര്‍' എന്ന ലിംഗവിഭാഗം ഉള്‍പ്പെടുത്തി. രജിസ്‌ട്രേഷന്‍ നടപടികള്‍ പരിഷ്‌കരിക്കുകയും സമൂഹവുമായി നേരിട്ട് ബന്ധപ്പെടാനുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തുകയും ചെയ്തു. പിന്നാക്ക വിഭാഗങ്ങളുടെ തെരഞ്ഞെടുപ്പ് പങ്കാളിത്തം ഉറപ്പാക്കാന്‍ നാഷണല്‍ അഡൈ്വസറി കമ്മിറ്റി ഓണ്‍ ഇന്‍ക്ലൂസീവ് ഇലക്ഷന്‍സ് രൂപീകരിക്കുകയും ചെയ്തു. വോട്ടര്‍പട്ടികയില്‍ 'TG' വിഭാഗം ഉള്‍പ്പെടുത്തുക, ട്രാന്‍സ്ജെന്‍ഡര്‍ വ്യക്തികളെ ബൂത്ത് ലെവല്‍ ഓഫീസര്‍മാരായി നിയമിക്കുക, തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ക്ക് ബോധവല്‍ക്കരണം നല്‍കുക, ട്രാന്‍സ്ജെന്‍ഡര്‍ നേതാക്കളെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമാക്കുക തുടങ്ങിയ നിര്‍ദേശങ്ങളും മുന്നോട്ടുവന്നിരുന്നു.

എന്‍ജിഒകളും സാമൂഹിക സംഘടനകളും സജീവമായ പ്രദേശങ്ങളില്‍ രജിസ്‌ട്രേഷന്‍ വര്‍ധിച്ചു. എന്നാല്‍ എസ്ഐആര്‍ ഈ നേട്ടങ്ങളെ പിന്നോട്ടടിച്ചതായി പ്രവര്‍ത്തകര്‍ പറയുന്നു. 2026ലെ ട്രാന്‍സ്ജെന്‍ഡര്‍ വ്യക്തികളുടെ അവകാശ സംരക്ഷണ ഭേദഗതി നിയമവും സ്വയം ലിംഗനിര്‍ണയത്തിനുള്ള അവകാശത്തെ ദുര്‍ബലപ്പെടുത്തുന്നതാണെന്ന് വിമര്‍ശനമുണ്ട്. 2011ലെ സെന്‍സസ് കണക്കിലുള്ള ട്രാന്‍സ്ജെന്‍ഡര്‍ വ്യക്തികളില്‍ 10 ശതമാനത്തില്‍ താഴെ മാത്രമാണ് കേന്ദ്ര സാമൂഹിക നീതി മന്ത്രാലയത്തിന്റെ തിരിച്ചറിയല്‍ കാര്‍ഡ് ലഭിച്ചിട്ടുള്ളത്. തിരിച്ചറിയല്‍ അടിസ്ഥാനമാക്കിയുള്ള ആനുകൂല്യങ്ങള്‍ ദുരുപയോഗം ചെയ്യപ്പെടുമെന്ന സുപ്രീംകോടതിയിലെ ആശങ്കകളും ചര്‍ച്ചയാകുന്നുണ്ടെങ്കിലും ട്രാന്‍സ്ജെന്‍ഡര്‍ വിഭാഗത്തിന് നിലവില്‍ മറ്റ് വിഭാഗങ്ങളെപ്പോലെ സംവരണ സംവിധാനം ഇല്ലെന്നത് പ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടുന്നു.
വോട്ടര്‍ രജിസ്‌ട്രേഷന്‍, പൗരത്വ പരിശോധന, ക്ഷേമപദ്ധതികളുടെ ആനുകൂല്യങ്ങള്‍ എന്നിവ പരസ്പരം ബന്ധിപ്പിക്കുന്നത് കൂടുതല്‍ പുറത്താക്കലിന് വഴിയൊരുക്കുമെന്ന മുന്നറിയിപ്പും അന്വേഷണത്തിലുണ്ട്. തെരഞ്ഞെടുപ്പ് കമ്മീഷന്റെ ERONET ഡിജിറ്റല്‍ സംവിധാനത്തില്‍ പേര്, ലിംഗം, മാതാപിതാക്കളുടെ വിവരങ്ങള്‍ എന്നിവയിലെ പൊരുത്തക്കേടുകള്‍ കണ്ടെത്തുന്നതിലൂടെ കുടുംബരേഖകള്‍ വോട്ടര്‍ രജിസ്‌ട്രേഷനില്‍ നിര്‍ണായകമാകുന്നുവെന്നാണ് വിമര്‍ശനം. നവംബര്‍ 3ന് കേന്ദ്ര പഞ്ചായത്തീരാജ് മന്ത്രി ലല്ലന്‍ സിങ്, മന്ത്രാലയത്തിന്റെ ക്ഷേമപദ്ധതികളില്‍ ഗുണഭോക്താക്കളെ തിരിച്ചറിയാനും പണം നല്‍കാനും ആധാറിന് പകരം വോട്ടര്‍ ഐഡി ഉപയോഗിക്കുമെന്ന് പ്രഖ്യാപിച്ചതും ആശങ്ക വര്‍ധിപ്പിക്കുന്നു. വോട്ടര്‍പട്ടികയില്‍ നിന്ന് പുറത്താകുന്നവര്‍ക്ക് ക്ഷേമപദ്ധതികളുടെ ആനുകൂല്യങ്ങള്‍ ലഭിക്കുന്നതിലും തടസ്സങ്ങള്‍ നേരിടേണ്ടിവരുമെന്നാണ് ആശങ്ക. 2025ലെ Jane Kaushik v. Union of India കേസില്‍ ട്രാന്‍സ്ജെന്‍ഡര്‍ അവകാശങ്ങളുമായി ബന്ധപ്പെട്ട സര്‍ക്കാരിന്റെ തുടര്‍ച്ചയായ വീഴ്ചയെ സുപ്രീംകോടതി 'ഒമിസീവ് ഡിസ്‌ക്രിമിനേഷന്‍' എന്ന് വിശേഷിപ്പിച്ചതും ഈ സാഹചര്യത്തില്‍ ചൂണ്ടിക്കാട്ടപ്പെടുന്നു. നിയമപരമായ നിയന്ത്രണങ്ങള്‍, രേഖാപരമായ തടസ്സങ്ങള്‍, വോട്ടവകാശത്തില്‍ നിന്നുള്ള പുറത്താക്കല്‍ എന്നിവ ട്രാന്‍സ്ജെന്‍ഡര്‍ സമൂഹത്തെ കൂടുതല്‍ പാര്‍ശ്വവല്‍ക്കരിക്കുമെന്ന മുന്നറിയിപ്പോടെയാണ് നവംബര്‍ 20 ട്രാന്‍സ്‌ജെന്‍ഡര്‍ അനുസ്മരണ ദിനത്തില്‍ ഈ വിഷയം ഉയര്‍ത്തുന്നത്. അതിക്രമങ്ങള്‍ക്ക് ഇരയായി നഷ്ടപ്പെട്ടവരെ ഓര്‍ക്കുന്നതിനൊപ്പം, ജീവിച്ചിരിക്കുന്നവരുടെ തിരിച്ചറിയല്‍, പൗരത്വ അംഗീകാരം, ജനാധിപത്യത്തില്‍ പങ്കാളിത്തം എന്നിവ സംരക്ഷിക്കണമെന്നും അന്വേഷണ റിപ്പോര്‍ട്ട് ആവശ്യപ്പെടുന്നുണ്ട്.
Content Highlights: An investigation by The Wire has raised concerns over the disproportionate reduction of transgender voters during the Election Commission's Special Intensive Revision (SIR) process across 12 states and Union Territories. The report found a 30.84% decline in transgender voters, compared with an overall voter reduction of 11.92%, highlighting concerns over structural barriers to electoral inclusion. The investigation draws on election data, government records obtained through RTI and the experiences of affected individuals.