

കാന്‍പൂര്‍: ബന്ധുക്കളെ യാത്രയാക്കാന്‍ ടിക്കറ്റില്ലാതെ വന്ദേഭാരത് ട്രെയിനില്‍ കയറിയവര്‍ക്ക് 30,000 രൂപയിലധികം പിഴ ചുമത്തി റെയില്‍വേ പൊലീസ്. 12 പേര്‍ക്കാണ് ടിക്കറ്റില്ലാതെ ട്രെയിനില്‍ യാത്ര ചെയ്തതിന് പിഴ ചുമത്തിയത്. നവംബര്‍ 15ന് വാരണാസി-ന്യൂഡല്‍ഹി വന്ദേഭാരത് എക്സ്പ്രസിലായിരുന്നു സംഭവം.
കാൺപൂര്‍ സ്റ്റേഷനില്‍ നിന്ന് ബന്ധുക്കളെ യാത്രയാക്കാനും അവരുടെ ലഗേജുകള്‍ കയറ്റാനുമായാണ് സംഘം ട്രെയിനില്‍ കയറിയത്. എന്നാല്‍ ട്രെയിനിന്റെ ഓട്ടോമാറ്റിക് വാതിലുകള്‍ അടഞ്ഞതോടെ ഇവര്‍ക്ക് പുറത്തിറങ്ങാനായില്ല. തുടര്‍ന്ന് ട്രെയിന്‍ യാത്ര തുടര്‍ന്നതോടെ സംഘം അകത്ത് കുടുങ്ങുകയായിരുന്നു.
ഏകദേശം 150 കിലോമീറ്റര്‍ സഞ്ചരിച്ച് ഇറ്റാവയില്‍ എത്തിയപ്പോഴാണ് റെയില്‍വേ ഉദ്യോഗസ്ഥരും റെയില്‍വേ പ്രൊട്ടക്ഷന്‍ ഫോഴ്സും ചേര്‍ന്ന് ഇവരെ പുറത്തിറക്കിയത്. പരിശോധനയില്‍ 12 പേര് മുതിര്‍ന്നവരും ഒരാള്‍ പ്രായപൂര്‍ത്തിയാവാത്ത കുട്ടിയുമായിരുന്നു ടിക്കറ്റില്ലാതെ യാത്ര ചെയ്തതെന്ന് കണ്ടെത്തി. ഇവരുടെ പക്കല്‍ പ്ലാറ്റ്ഫോം ടിക്കറ്റും ഇല്ലായിരുന്നു. മുതിര്‍ന്നവര്‍ക്ക് ഒരാള്‍ക്ക് 3,000 രൂപ വീതമാണ് പിഴ ചുമത്തിയത്.
തുണ്ട്ല കണ്ട്രോള് റൂമില്‍ നിന്ന് വിവരം ലഭിച്ചതിനെ തുടര്‍ന്നാണ് റെയില്‍വേ അധികൃതര്‍ അന്വേഷണം നടത്തിയത്. റെയില്‍വേ നിയമപ്രകാരം അനധികൃത യാത്രക്കാരായി കണക്കാക്കിയാണ് പിഴയും നിശ്ചിത യാത്രാനിരക്കും ഈടാക്കിയത്.
ട്രെയിനുകള്‍ പുറപ്പെടുമ്പോള്‍ സുരക്ഷാ ക്രമീകരണത്തിന്റെ ഭാഗമായി വന്ദേഭാരതില്‍ ഓട്ടോമാറ്റിക്കായി വാതിലുകള്‍ അടയും. ബന്ധുക്കളെ യാത്രയാക്കാന്‍ സ്റ്റേഷനിലെത്തുന്നവര്‍ പ്ലാറ്റ്ഫോം ടിക്കറ്റ് എടുക്കണമെന്നും യാത്രാ അനുമതിയില്ലാതെ ട്രെയിനില്‍ കയറരുതെന്നും റെയില്‍വേ അധികൃതര്‍ മുന്നറിയിപ്പ് നല്കി.
Content Highlights: Twelve passengers were fined over Rs 30,000 after getting trapped inside a Vande Bharat Express at Kanpur while seeing off relatives. They were found travelling without valid tickets and were fined after being deboarded at Etawah