

അമരാവതി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അമ്മ ഹീരാബെൻ മോദിയുടെ പേരിൽ അമ്പലം പണിയാൻ ഒരുങ്ങി ആന്ധ്രാപ്രദേശിലെ മാതാ ശ്രീ മന്ദിരം ചാരിറ്റബിൾ സൊസൈറ്റി. ഞായറാഴ്ച യെമ്മിഗനൂർ മണ്ഡലത്തിലെ ഗുഡിക്കല്ലു ഗ്രാമത്തിലെ അര ഏക്കർ സ്ഥലത്ത് അമ്പലം പണിയുന്നതിനായുള്ള "ഭൂമി പൂജ" നടന്നു. ഒരു മകന് തൻ്റെ അമ്മയോടുള്ള ആദരവിൻ്റെ പ്രതീകമായാണ് ചാരിറ്റബൾ സൊസൈറ്റി ഈ അമ്പലത്തെ വിശേഷിപ്പിച്ചത്. അദോണി നിയോജകമണ്ഡലത്തിലെ ബിജെപി എംഎൽഎ പി വി പാർത്ഥസാരതിയാണ് അമ്പലത്തിനായുള്ള തറക്കല്ലിട്ടത്.

അമ്പലത്തിനു പുറമേ അതിനോട് ഗോശാലയും പണിയാൻ ചാരിറ്റബിൾ സൊസൈറ്റി പദ്ധിയിട്ടിട്ടുണ്ട്. ആദ്യം സ്ഥലത്ത് ഒരു ഗോശാല നിർമ്മിക്കുമെന്നും തുടർന്ന് ഹീരാബെൻ മോദിക്ക് സമർപ്പിച്ചിരിക്കുന്ന ഒരു ക്ഷേത്രം നിർമ്മിക്കുമെന്നും എംഎൽഎ മാധ്യമങ്ങളോട് പറഞ്ഞു. എംഎൽഎ പി വി പാർത്ഥസാരഥി മുഖ്യാതിഥിയായി ചടങ്ങിൽ ബിജെപി, ജനസേന, വൈഎസ്ആർ കോൺഗ്രസ് പാർട്ടി (വൈഎസ്ആർസിപി) എന്നിവയുൾപ്പെടെ വിവിധ പാർട്ടികളിൽ നിന്നുള്ള രാഷ്ട്രീയ നേതാക്കൾ പങ്കെടുത്തു. പ്രധാനമന്ത്രിയുടെ അമ്മയ്ക്ക് വേണ്ടിയുള്ള ക്ഷേത്രം രാജ്യത്ത് ഇത്തരത്തിലുള്ള ആദ്യത്തേതാണെന്ന് ബിജെപി എംഎൽഎ പാർത്ഥസാരഥി പറഞ്ഞു. 'പ്രധാനമന്ത്രി രാഷ്ട്രത്തലവനായതിനാൽ ഇത് രാജ്യത്തെ എല്ലാ അമ്മമാരോടുമുള്ള ആദരവിൻ്റെ പ്രതീകമാണ്.' പാർത്ഥസാരഥി പറഞ്ഞു.
അമ്പലത്തിലേക്കുള്ള ഹീരാബെൻ മോദിയുടെ മാർബിൾ വിഗ്രഹം മൂന്ന് ലക്ഷം രൂപ ചെലവിലാണ് നിർമ്മിച്ചത്. ഹീരാബെൻ മോദിയെ ആദരിക്കുന്നതിനായാണ് ക്ഷേത്രം നിർമ്മിക്കുന്നതെന്ന് ചാരിറ്റബിൾ ട്രസ്റ്റ് പ്രസിഡന്റ് ശിവ കുമാർ പറഞ്ഞു. 'വിവിധ ദാതാക്കളിൽ നിന്നുള്ള ഫണ്ട് സ്വരൂപിച്ചാണ് ഞങ്ങൾ ക്ഷേത്രം നിർമ്മിക്കുന്നത്. ഹീരാബെൻ ക്ഷേത്രത്തിനൊപ്പം, നിർദ്ദിഷ്ട സമുച്ചയത്തിൽ ശിവൻ, ദക്ഷിണാമൂർത്തി, ശ്രീരാമൻ, ഗണേശൻ എന്നിവരുടെ ക്ഷേത്രങ്ങളും ഉൾപ്പെടും,' അദ്ദേഹം പറഞ്ഞു.'വിഗ്രഹം സമർപ്പണത്തിന് തയ്യാറാണ്. ദാതാക്കളിൽ നിന്നുള്ള ഉദാരമായ സംഭാവനകൾ ഉപയോഗിച്ച്, അടുത്ത രണ്ട് മാസത്തിനുള്ളിൽ ഞങ്ങൾ ക്ഷേത്രത്തിന്റെ നിർമ്മാണം പൂർത്തിയാക്കും,' അദ്ദേഹം പറഞ്ഞു.
മതപരമായ ഘടനകൾക്ക് പുറമേ, സമുച്ചയത്തിന്റെ ഭാഗമായി ഒരു അനാഥാലയവും പശു സംരക്ഷണ കേന്ദ്രവും സ്ഥാപിക്കാൻ ചാരിറ്റബിൾ സൊസൈറ്റി പദ്ധതിയിട്ടിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 2022 ഡിസംബർ 30നായിരുന്നു ഹീരാബെൻ മോദി അന്തരിച്ചത്.
Content Highlights: An Andhra Pradesh charitable society has begun preparations to build a temple dedicated to Prime Minister Narendra Modi's mother, Heeraben Modi, in Gudikallu village. A marble statue is being made at a cost of ₹3 lakh.