ക്യാപ്റ്റന്‍ വീണ്ടും കോണ്‍ഗ്രസിലേക്ക്? സാധ്യതകള്‍ പൂര്‍ണമായും തള്ളി അമരീന്ദര്‍ സിങ്

എന്നാല്‍ ഗാന്ധി കുടുംബവുമായി ദീര്‍ഘകാലമായി ഉണ്ടായിരുന്ന ബന്ധം കാരണമാണ് ഈ പരിപാടിയില്‍ പങ്കെടുത്തത് എന്നാണ് അമരീന്ദര്‍ സിങ് നല്‍കുന്ന വിശദീകരണം. ഇതൊരു പൊതുപരിപാടി ആയിരുന്നുവെന്നും, ഇന്ത്യയില്‍ ഒരു പൊതുപരിപാടിയില്‍ പങ്കെടുക്കുന്നതില്‍ പാര്‍ട്ടി തടസമല്ലെന്നും അദ്ദേഹം പറഞ്ഞു.

ക്യാപ്റ്റന്‍ വീണ്ടും കോണ്‍ഗ്രസിലേക്ക്? സാധ്യതകള്‍ പൂര്‍ണമായും തള്ളി അമരീന്ദര്‍ സിങ്
dot image

ന്യൂഡല്‍ഹി: കോണ്‍ഗ്രസിലേക്ക് തിരിച്ചുപോകില്ലെന്ന് വ്യക്തമാക്കി മുന്‍ കോണ്‍ഗ്രസ് നേതാവും മുന്‍ പഞ്ചാബ് മുഖ്യമന്ത്രിയുമായ ക്യാപ്റ്റന്‍ അമരീന്ദര്‍ സിങ്. കഴിഞ്ഞ ദിവസം സോണിയ ഗാന്ധിയുടെ പുസ്തക പ്രകാശനത്തില്‍ പങ്കെടുത്തതോടെയാണ് ക്യാപ്റ്റന്‍ വീണ്ടും കോണ്‍ഗ്രസിലേക്കെന്ന ചര്‍ച്ചകള്‍ സജീവമായത്. കഴിഞ്ഞ തെരഞ്ഞെടുപ്പിന് മുന്നോടിയായി പാര്‍ട്ടി വിട്ട അമരീന്ദര്‍ സിങ് നിലവില്‍ ബിജെപിക്കൊപ്പമാണ്. പുസ്തക പ്രകാശത്തില്‍ പങ്കെടുത്ത ഏക ബിജെപി നേതാവും അമരീന്ദര്‍ സിങ് മാത്രമാണ്.

Amarinder Singh
അമരീന്ദര്‍ സിങ്

എന്നാല്‍ ഗാന്ധി കുടുംബവുമായി ദീര്‍ഘകാലമായി ഉണ്ടായിരുന്ന ബന്ധം കാരണമാണ് ഈ പരിപാടിയില്‍ പങ്കെടുത്തത് എന്നാണ് അമരീന്ദര്‍ സിങ് നല്‍കുന്ന വിശദീകരണം. ഇതൊരു പൊതുപരിപാടി ആയിരുന്നുവെന്നും, ഇന്ത്യയില്‍ ഒരു പൊതുപരിപാടിയില്‍ പങ്കെടുക്കുന്നതില്‍ പാര്‍ട്ടി തടസമല്ലെന്നും അദ്ദേഹം പറഞ്ഞു. കോണ്‍ഗ്രസിലേക്ക് തിരിച്ചുപോകുമോ എന്ന ചോദ്യത്തോട് ഒരിക്കലുമില്ല എന്നാണ് രാജീവ് ഗാന്ധിയുടെ സഹപാഠി കൂടിയായിരുന്ന അമരീന്ദര്‍ പറഞ്ഞത്. കഴിഞ്ഞ ദിവസം നടന്ന ചടങ്ങിന്റെ മുന്‍നിരയില്‍ തന്നെ അമരീന്ദറിന് ഇരിപ്പിടമൊരുക്കിയിരുന്നു. ചടങ്ങില്‍ രാഹുല്‍ ഗാന്ധി അദ്ദേഹത്തെ പേരെടുത്ത് പരാമര്‍ശിക്കുകയും ചെയ്തിരുന്നു.

അമരീന്ദര്‍ കോണ്‍ഗ്രസിലേക്ക് മടങ്ങിവരാന്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ അദ്ദേഹത്തെ തീര്‍ച്ചയായും സ്വാഗതം ചെയ്യുമെന്നാണ് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് സല്‍മാന്‍ ഖുര്‍ഷിദ് പറഞ്ഞത്. നിലവില്‍ ആരും അദ്ദേഹത്തെ കോണ്‍ഗ്രസിലേക്ക് ക്ഷണിച്ചിട്ടില്ലെന്നും എന്നാല്‍ മടങ്ങിവരാന്‍ അദ്ദേഹത്തിന് ആഗ്രഹമുണ്ടെങ്കില്‍ വാതിലുകള്‍ തുറന്നുതന്നെയാണെന്നും അദ്ദേഹം പറഞ്ഞു. അമരീന്ദറിനെ പോലെ അനുഭവസമ്പന്നനായ നേതാവിന്റെ സാന്നിധ്യം കോണ്‍ഗ്രസിന്റെ കരുത്ത് വര്‍ധിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.

അമരീന്ദര്‍ തിരിച്ചുവരികയാണെങ്കില്‍ അത് പാര്‍ട്ടിക്ക് ഏറെ ഗുണം ചെയ്യുമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് അംബിക സോണിയും പ്രതികരിച്ചിരുന്നു. പഞ്ചാബ് കോണ്‍ഗ്രസ് അധ്യക്ഷന്‍ നവ്‌ജ്യോത് സിങ്ങുമായുള്ള തര്‍ക്കങ്ങള്‍ക്ക് പിന്നാലെയാണ് അമരീന്ദര്‍ കോണ്‍ഗ്രസുമായുള്ള ദീര്‍ഘകാല ബന്ധം ഉപേക്ഷിക്കുന്നത്. 2017ല്‍ നവ്‌ജോത് സിങ് സിദ്ദു കോണ്‍ഗ്രസിലെത്തിയതോടെയാണ് അമരീന്ദര്‍ സിങ്ങുമായുള്ള ഭിന്നത തുടങ്ങുന്നത്. മന്ത്രിസ്ഥാനവും വകുപ്പുകളും സംബന്ധിച്ച തര്‍ക്കങ്ങള്‍ക്കൊപ്പം 2018ല്‍ സിദ്ദുവിന്റെ പാകിസ്ഥാന്‍ സന്ദര്‍ശനവും പാക് സൈനിക മേധാവിയെ ആലിംഗനം ചെയ്തതും വിവാദമായി. ഇതിനെ അമരീന്ദര്‍ പരസ്യമായി വിമര്‍ശിച്ചു.

2019ല്‍ മന്ത്രിസഭാ പുനഃസംഘടനയില്‍ സിദ്ദുവിന്റെ തദ്ദേശഭരണ വകുപ്പ് മാറ്റിയതോടെ അദ്ദേഹം മന്ത്രിസ്ഥാനം രാജിവെച്ചു. 2021-ല്‍ സിദ്ദുവിനെ പഞ്ചാബ് കോണ്‍ഗ്രസ് അധ്യക്ഷനാക്കിയ ഹൈക്കമാന്‍ഡ് തീരുമാനവും തര്‍ക്കം രൂക്ഷമാക്കി. ഇരുവിഭാഗങ്ങളും തമ്മിലുള്ള പോര് ഒടുവില്‍ അമരീന്ദറിന്റെ മുഖ്യമന്ത്രി പദവിയിലെ രാജിയിലേക്ക് നയിച്ചു.

ബിജെപിയില്‍ ചേരുന്നു

2021 സെപ്റ്റംബര്‍ 18ന് മുഖ്യമന്ത്രി സ്ഥാനം രാജിവെച്ച അമരീന്ദര്‍ നവംബര്‍ രണ്ടിന് കോണ്‍ഗ്രസും വിട്ടു. സോണിയ ഗാന്ധിക്ക് നല്‍കിയ രാജിക്കത്തില്‍ രാഹുല്‍ ഗാന്ധിയുടെയും പ്രിയങ്ക ഗാന്ധിയുടെയും നേതൃത്വത്തിനെതിരെ രൂക്ഷ വിമര്‍ശനങ്ങളുന്നയിച്ചിരുന്നു. പിന്നാലെ പഞ്ചാബ് ലോക് കോണ്‍ഗ്രസ് എന്ന പേരില്‍ സ്വന്തം പാര്‍ട്ടി രൂപീകരിച്ച് 2022 നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപിയുമായി സഖ്യത്തിലായി. തെരഞ്ഞെടുപ്പിലെ തിരിച്ചടിക്കുശേഷം 2022 സെപ്റ്റംബര്‍ 19ന് അമരീന്ദര്‍ ബിജെപിയില്‍ ചേരുകയും സ്വന്തം പാര്‍ട്ടിയെ അതില്‍ ലയിപ്പിക്കുകയും ചെയ്തു.

Content Highlight: Former Punjab Chief Minister Captain Amarinder Singh rules out returning to Congress after attending Sonia Gandhi's book launch, triggering speculation about his political comeback. Citing his longstanding personal relationship with the Gandhi family, he clarified that his participation was purely personal. Senior Congress leaders Salman Khurshid and Ambika Soni expressed openness to his return. Amarinder had quit Congress in 2021 following a prolonged power struggle with Navjot Singh Sidhu, resigned as Punjab Chief Minister and later joined the BJP in September 2022.

dot image
To advertise here,contact us
dot image