

ന്യൂഡല്‍ഹി: ബില്‍ക്കിസ് ബാനു കേസില്‍ ശിക്ഷിക്കപ്പെട്ട രണ്ട് പേരുടെ ജീവപര്യന്തം തടവ് ശിക്ഷ മരവിപ്പിച്ച് സുപ്രീം കോടതി. പിന്നാലെ പ്രതികള്‍ക്ക് ജാമ്യം അനുവദിച്ചു. ഇവര്‍ ഇതിനകം 17 വര്‍ഷത്തിലേറെയായി ജയിലില്‍ കഴിയുകയാണെന്നും, ഇവര്‍ നല്കിയ അപ്പീലില്‍ വസ്തുതകളുമായും നിയമവുമായും ബന്ധപ്പെട്ട ഗൗരവകരമായ വിഷയങ്ങള്‍ പരിഗണിക്കേണ്ടതുണ്ടെന്നും കോടതി നിരീക്ഷിച്ചു. 2017 മെയ് മാസത്തില്‍ ബോംബെ ഹൈക്കോടതി പുറപ്പെടുവിച്ച വിധി ചോദ്യം ചെയ്തുകൊണ്ട് ബിപിന്‍ചന്ദ് ജോഷി, പ്രദീപ് മോദിയ എന്നിവര്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഒക്ടോബര്‍ 28ലെ സുപ്രീം കോടതി ഉത്തരവ്. ഇവർ കുറ്റക്കാരെന്ന കണ്ടെത്തലും ജീവപര്യന്തം തടവ് ശിക്ഷയും നേരത്തെ ബോംബെ ഹൈക്കോടതി ശരിവെച്ചിരുന്നു.
അപ്പീല്‍ നല്കിയവരില് ഒരാളായ ജോഷിക്ക് ഗുരുതരമായ ശാരീരിക വൈകല്യങ്ങളുണ്ടെന്ന കാര്യവും കോടതി പരിഗണിച്ചു. കുറ്റകൃത്യത്തിന്റെ ഗൗരവവും, വിചാരണക്കോടതിയും ഹൈക്കോടതിയും ഇവരെ കുറ്റക്കാരായി കണ്ടെത്തിയതും ചൂണ്ടിക്കാട്ടി, സര്‍ക്കാര്‍ അഭിഭാഷകന് ജാമ്യാപേക്ഷയെ എതിര്‍ത്തു. എന്നാല്‍ അപ്പീല്‍ നല്കിയവരില് ഒരാളുടെ പേര് സംഭവത്തിന് ശേഷം രജിസ്റ്റര്‍ ചെയ്ത ആദ്യ എഫ്ഐആറില്‍ ഉണ്ടായിരുന്നില്ലെന്നും, കുറ്റകൃത്യം നടന്ന് ഏകദേശം മൂന്ന് വര്‍ഷത്തിന് ശേഷമാണ് ഇയാളെ കേസില്‍ ഉള്‍പ്പെടുത്തിയതെന്നും പ്രതികള്‍ക്ക് വേണ്ടി ഹാജരായ അഭിഭാഷകന് വാദിച്ചു. ഈ വര്‍ഷം മാര്‍ച്ചില്‍ പുറപ്പെടുവിച്ച ഉത്തരവിലൂടെ, ഇവര്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ സുപ്രീം കോടതി നോട്ടീസ് അയച്ചിരുന്നു.
നേരത്തെ നടന്ന വാദത്തിനിടെ, ബലാത്സംഗ ആരോപണവുമായി ബന്ധപ്പെട്ട് പൊലീസിന് നല്കിയ മൊഴിയിലോ, വൈദ്യപരിശോധനയ്ക്കിടെ ഡോക്ടറുടെ മുന്നില്‍ നല്കിയ മൊഴിയിലോ അതിജീവിത ഈ രണ്ട് ഹര്‍ജിക്കാരുടെയും പേരുകള്‍ പരാമര്‍ശിച്ചിട്ടില്ലെന്ന് പ്രതിഭാഗം അഭിഭാഷകന് ചൂണ്ടിക്കാട്ടി. ഈ രണ്ട് വ്യക്തികള്‍ക്കെതിരെയും പ്രത്യേക കുറ്റകൃത്യങ്ങളൊന്നും ആരോപിക്കപ്പെട്ടിട്ടില്ലെന്നും, സംഭവം നടക്കുമ്പോള്‍ അവിടെയുണ്ടായിരുന്ന ആള്‍ക്കൂട്ടത്തില്‍ ഇവര്‍ ഉണ്ടായിരുന്നിരിക്കാം എന്നത് മാത്രമാണ് ഇവര്‍ക്കെതിരെയുള്ള തെളിവെന്നും അഭിഭാഷകന് വാദിച്ചു. ശിക്ഷാ ഇളവ് ലഭിച്ച് പുറത്തിറങ്ങിയ 11 കുറ്റവാളികളില്‍ ഉള്‍പ്പെടുന്നവരാണ് ഇവര്‍. ഇവരുടെ ശിക്ഷാ ഇളവ് റദ്ദാക്കിക്കൊണ്ട് 2024 ജനുവരിയില്‍ സുപ്രീം കോടതി ഉത്തരവിട്ടിരുന്നു. ബില്‍ക്കിസ് ബാനു നല്കിയ ഹര്‍ജി പരിഗണിച്ചാണ് കോടതി ഈ നടപടി സ്വീകരിച്ചത്.
ഈ കേസില്‍ ശിക്ഷാ ഇളവ് നല്കാന് ഗുജറാത്ത് സര്‍ക്കാരിന് അധികാരമില്ലെന്ന് വ്യക്തമാക്കിയ സുപ്രീം കോടതി, 11 കുറ്റവാളികളോടും രണ്ടാഴ്ചയ്ക്കുള്ളില്‍ കീഴടങ്ങാന്‍ നിര്‍ദ്ദേശിച്ചിരുന്നു. അവര്‍ അത് അനുസരിക്കുകയും ചെയ്തിരുന്നു. ബലാത്സംഗം ചെയ്യപ്പെടുമ്പോള്‍ ബില്‍ക്കിസ് ബാനുവിന് 21 വയസ്സായിരുന്നു. അപ്പോള്‍ അവര്‍ അഞ്ച് മാസം ഗര്‍ഭിണിയുമായിരുന്നു. കൊല്ലപ്പെട്ട ഏഴ് കുടുംബാംഗങ്ങളില്‍ അവരുടെ മൂന്ന് വയസ്സുള്ള മകളും ഉള്‍പ്പെടുന്നു.
Content Highlights: The Supreme Court has suspended the life sentences of two convicts in the Bilkis Bano case and granted them bail. The court noted that they had spent more than 17 years in prison and that their appeals raised serious questions of fact and law. The October 28 order came in petitions challenging the Bombay High Court's May 2017 verdict, which had upheld their convictions and life sentences.