നാല് പതിറ്റാണ്ടിന് ശേഷം ചെസ്സ് ഒളിമ്പ്യാഡ് യുഎഇയിലേക്ക്; ഒരുക്കങ്ങൾ മികച്ചതെന്ന് വിലയിരുത്തി ഫിഡെ

വലിയ അന്താരാഷ്ട്ര കായിക മത്സരങ്ങൾ സംഘടിപ്പിക്കുന്നതിനായി രൂപകൽപ്പന ചെയ്യപ്പെട്ട രാജ്യമാണ് യുഎഇയെന്ന് ഫിഡെ പ്രസിഡന്റ്

നാല് പതിറ്റാണ്ടിന് ശേഷം ചെസ്സ് ഒളിമ്പ്യാഡ് യുഎഇയിലേക്ക്; ഒരുക്കങ്ങൾ മികച്ചതെന്ന് വിലയിരുത്തി ഫിഡെ
dot image

2028-ലെ 47-ാമത് ചെസ്സ് ഒളിമ്പ്യാഡിന് ആതിഥേയത്വം വഹിക്കാനുള്ള അബുദാബിയുടെ ഒരുക്കങ്ങൾക്ക് പൂർണ്ണ പിന്തുണയും പ്രശംസയുമായി അന്താരാഷ്ട്ര ചെസ്സ് ഫെഡറേഷൻ പ്രസിഡന്റ് തിമൂർ തുർലോവ്. ലോകത്തിലെ ഏറ്റവും ഊർജ്ജസ്വലമായ രാജ്യങ്ങളിലൊന്നാണ് യുഎഇയെ അദ്ദേഹം വിശേഷിപ്പിച്ചത്. ടൂർണമെന്റിന് മുന്നോടിയായി മേഖലയിലെ നിലവിലുള്ള രാഷ്ട്രീയ അനിശ്ചിതത്വങ്ങൾ അവസാനിക്കുമെന്ന് പ്രത്യാശ പ്രകടിപ്പിച്ചു. ബുഡാപെസ്റ്റിൽ നടന്ന 'ടോട്ടൽ ചെസ്സ്' പൈലറ്റ് ഇവന്റിൽ സംസാരിക്കുകയായിരുന്നു തുർലോവ്.

2028 ഒക്ടോബർ 28 മുതൽ നവംബർ 11 വരെ അബുദാബി നാഷണൽ എക്സിബിഷൻ സെന്ററിലാണ് ലോകമെമ്പാടുമുള്ള ചെസ്സ് താരങ്ങളും ദേശീയ ടീമുകളും മാറ്റുരയ്ക്കുന്ന ഈ കായിക മാമാങ്കം നടക്കുന്നത്. മേഖലയിലെ നിലവിലെ സാഹചര്യങ്ങൾക്കിടയിലും മികച്ച ആതിഥേയത്വം ഒരുക്കാൻ യുഎഇക്ക് സാധിക്കുമെന്ന് തുർലോവ് ആത്മവിശ്വാസം പ്രകടിപ്പിച്ചു.

വലിയ അന്താരാഷ്ട്ര കായിക മത്സരങ്ങൾ സംഘടിപ്പിക്കുന്നതിനായി രൂപകൽപ്പന ചെയ്യപ്പെട്ട രാജ്യമാണ് യുഎഇയെന്ന് തുർലോവ് ചൂണ്ടിക്കാട്ടി. ലോകോത്തര നിലവാരമുള്ള ഹോട്ടലുകൾ, വിശാലമായ വേദികൾ, വിവിധ രാജ്യങ്ങളിൽ നിന്നുള്ള സന്ദർശകർക്ക് എളുപ്പത്തിൽ എത്തിച്ചേരാനുള്ള യാത്രാ സൗകര്യങ്ങൾ എന്നിവ യുഎഇയുടെ പ്രത്യേകതയാണ്. 1986-ൽ ദുബായ് ആതിഥേയത്വം വഹിച്ചതിന് ശേഷം ഇത് രണ്ടാം തവണയാണ് യുഎഇ ചെസ്സ് ഒളിമ്പ്യാഡിന് വേദിയാകുന്നത്. അബുദാബി സ്പോർട്സ് കൗൺസിൽ, യുഎഇ ചെസ്സ് ഫെഡറേഷൻ എന്നിവരുമായി സഹകരിച്ചാണ് ഫിഡെ ടൂർണമെന്റ് സംഘടിപ്പിക്കുന്നത്.

Also Read:

അന്താരാഷ്ട്ര ടൂർണമെന്റിന് വേദിയാകുന്നതിനൊപ്പം തദ്ദേശീയരായ കൂടുതൽ ചെസ്സ് താരങ്ങളെ വളർത്തിയെടുക്കാനും യുഎഇ ലക്ഷ്യമിടുന്നുണ്ട്. കൂടുതൽ ഇമാറാത്തി ഗ്രാൻഡ്മാസ്റ്റർമാരെ സൃഷ്ടിക്കുന്നതിനായി യുഎഇ ചെസ്സ് ഫെഡറേഷനുമായി ചേർന്ന് പ്രവർത്തിക്കാൻ ഫിഡെ സന്നദ്ധമാണെന്ന് തുർലോവ് അറിയിച്ചു. ദേശീയ ഫെഡറേഷനുകളുമായുള്ള പരസ്പര സഹകരണത്തിലൂടെ ചെസ്സിനെ അടിസ്ഥാന തലം മുതൽ വളർത്തിയെടുക്കാനാണ് ശ്രമിക്കുന്നത്. ഓപ്പൺ, വനിതാ വിഭാഗങ്ങളിലായി നടക്കുന്ന ചെസ്സ് ഒളിമ്പ്യാഡ് അന്താരാഷ്ട്ര കായിക ഭൂപടത്തിൽ അബുദാബിയുടെ സ്ഥാനം കൂടുതൽ ശക്തിപ്പെടുത്തും.

Content Highlights: Abu Dhabi is preparing to host the 47th FIDE Chess Olympiad in 2028, returning the prestigious international tournament to the UAE after Dubai hosted it in 1986.

dot image
To advertise here,contact us
dot image