

വിദ്യാര്‍ത്ഥികളുമായി ഇടപഴകുന്നതില്‍ പ്രൈവറ്റ് സ്ഥാപനങ്ങള്‍ക്ക് പുതിയ ചട്ടക്കൂടുമായി ദുബായ്. പ്രൈവറ്റ് വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ അധ്യാപകര്‍ വിദ്യാര്‍ത്ഥികളുമായി ആശയവിനിമയം നടത്തുന്നതിന് വ്യക്തിഗത ഉപകരണങ്ങളോ, സോഷ്യല്‍ മീഡിയകളോ ഉപയോഗിക്കരുതെന്നാണ് നിര്‍ദ്ദേശം. നോളജ് ആന്‍ഡ് ഹ്യൂമന്‍ ഡെവലപ്മെന്റ് അതോറിറ്റി (കെഎച്ച്ഡിഎ) നവംബര്‍ 13ന് പ്രഖ്യാപിച്ച ദുബായിയിലെ സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ സുരക്ഷയ്ക്കും പഠിതാക്കളുടെ സംരക്ഷണത്തിനുമുള്ള നയ ചട്ടക്കൂടിലാണ് ഈ നിര്‍ദ്ദേശം അടങ്ങിയിരിക്കുന്നത്.
സ്ഥാപനം അംഗീകരിക്കുന്ന ഉപകരണങ്ങളോ പ്ലാറ്റ്ഫോമുകളോ ഉപയോഗിച്ച് മാത്രമേ വിദ്യാര്‍ത്ഥികളോട് ഇടപഴകാന്‍ പാടുള്ളൂവെന്നാണ് പുതിയ നിര്‍ദ്ദേശം. സ്വകാര്യ വിദ്യാഭ്യാസ മേഖലകളിലെ പ്രൊഫഷണല്‍ പെരുമാറ്റത്തില്‍ ചില ആശങ്കകള്‍ റിപ്പോര്‍ട്ട് ചെയ്തതിന് പിന്നാലെയാണ് ഇത്തരം നിര്‍ദ്ദേശങ്ങള്‍ മുന്നോട്ട് വെച്ചിരിക്കുന്നത്.
വിദ്യാര്‍ത്ഥികളുമായി വ്യക്തിഗതമോ സ്വകാര്യമോ ആയ ആശയവിനിമയം പാടില്ല, വ്യക്തിപരമായ സോഷ്യല്‍ മീഡിയ ഉപയോഗിക്കരുത്, അധ്യാപകരോ മറ്റ് സ്റ്റാഫുകളോ വ്യക്തിപരമായ വാട്സ്ആപ്പ് അക്കൗണ്ടുകളോ ഉപയോഗിക്കരുത് തുടങ്ങിയ നിര്‍ദ്ദേശങ്ങളാണ് നല്‍കിയിരിക്കുന്നത്. സ്ഥാപനത്തിന്റെ അംഗീകൃത മാധ്യമങ്ങള്‍ വഴി മാത്രമേ ആശയവിനിമയം നടത്താന്‍ പാടുള്ളൂ.
മാത്രവുമല്ല, വിദ്യാര്‍ത്ഥികളില്‍ നിന്നും അംഗീകൃതമല്ലാത്ത സമ്മാനങ്ങള്‍ അധ്യാപകര്‍ സ്വീകരിക്കരുതെന്നും നിര്‍ദ്ദേശമുണ്ട്. ഏതെങ്കിലും വിദ്യാര്‍ത്ഥികളോട് പ്രത്യേക പരിഗണന കാണിക്കരുത്, വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടുന്ന ഫോട്ടോഗ്രാഫുകള്‍ക്കും സാമൂഹ്യമാധ്യമങ്ങളിലെ കണ്ടന്റുകള്‍ക്കും നിയമങ്ങള്‍ പാലിക്കുക, പ്രായോഗികമാകുന്നയിടത്തെല്ലാം തുറന്ന അന്തരീക്ഷത്തില്‍ പഠിപ്പിക്കാന്‍ ശ്രമിക്കുക എന്നിവയും ചട്ടക്കൂടില്‍ ഉള്‍പ്പെടുന്നു.
സ്വകാര്യ സ്കൂള്‍ അധ്യാപകര്‍ക്കാണ് ഈ ചട്ടക്കൂട്ടിലെ നിര്‍ദ്ദേശങ്ങള്‍ നിര്‍ബന്ധമാക്കിയിട്ടുള്ളത്. കെഎച്ച്ഡിഎ അനുമതിയുള്ള സ്വകാര്യ വിദ്യാഭ്യസ സ്ഥാപനങ്ങള്‍ക്കാണ് ഇത് ബാധകം. ഇതില്‍ നഴ്സറികള്‍, സ്വകാര്യ സ്കൂളുകള്‍, സര്‍വകലാശാലകള്‍, മറ്റ് ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, പരിശീലന സ്ഥാപനങ്ങളെല്ലാം ഉള്‍പ്പെടും. ഓണ്‍ലൈനായി പഠിപ്പിക്കുന്ന സ്ഥാപനങ്ങള്‍ക്കും ഈ നിര്‍ദ്ദേശങ്ങള്‍ ബാധകമാണ്.
Content Highlights: Dubai is introducing a new framework for private educational institutions to regulate their interactions with students. The move aims to establish clear guidelines for student engagement and ensure a structured educational environment