

ന്യൂഡല്‍ഹി: ന്യൂഡല്‍ഹിയില്‍ നടക്കുന്ന ഷാങ്ഹായ് സഹകരണ സംഘടനയുടെ (SCO) 'സിവിലൈസേഷണല്‍ ഡയലോഗ് ഫോറ'ത്തില്‍ പാകിസ്താന് മന്ത്രി പങ്കെടുക്കുമെന്ന് റിപ്പോര്‍ട്ട്. പാകിസ്താന് കാലാവസ്ഥാ വ്യതിയാന, പരിസ്ഥിതി ഏകോപന മന്ത്രി മുസാദിക് മസൂദ് മാലിക്കിനെയാണ് പ്രതിനിധിയായി അയക്കുക. നവംബര്‍ 20 മുതല്‍ 22 വരെയാണ് രാജ്യ തലസ്ഥാനത്ത് പരിപാടി സംഘടിപ്പിക്കപ്പെടുന്നത്. പാകിസ്താന് പങ്കെടുക്കുമെന്ന് താന്‍ പ്രതീക്ഷിക്കുന്നതായി കേന്ദ്ര സാംസ്കാരിക മന്ത്രി ഗജേന്ദ്ര സിംഗ് ഷെഖാവത്ത് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നത്. പിന്നാലെ ശനിയാഴ്ച ഇസ്ലാമാബാദ് ഇക്കാര്യം സ്ഥിരീകരിക്കുകയായിരുന്നു.
'സംസ്കാരങ്ങള്‍ തമ്മിലുള്ള സംവാദം, സാംസ്കാരിക ധാരണ എന്നിവയുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ ആശയങ്ങള്‍ കൈമാറാന്‍ SCO അംഗരാജ്യങ്ങളില്‍ നിന്നുള്ള പ്രതിനിധികളെ ഈ പരിപാടി ഒരുമിച്ച് കൊണ്ടുവരും. പരസ്പര ബഹുമാനത്തോടെ, SCO ചട്ടക്കൂടിനുള്ളില്‍ നിന്ന് സംസ്കാരങ്ങള്‍ തമ്മിലുള്ള സംവാദത്തെ പ്രോത്സാഹിപ്പിക്കാനും ജനങ്ങള്‍ തമ്മിലുള്ള ബന്ധം വളര്‍ത്താനും പാകിസ്താന് സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണ്,' എന്നും മന്ത്രാലയം വ്യക്തമാക്കി.
പാകിസ്താന്റെ സാംസ്കാരിക, ദേശീയ പൈതൃക മന്ത്രി ഔറംഗസേബ് ഖാന് ഖിച്ചിക്ക് ഇന്ത്യ ഈ ഫോറത്തിലേക്ക് ക്ഷണം നല്‍കിയിരുന്നു. 'ഓപ്പറേഷന് സിന്ദൂര്‍' നെ തുടര്‍ന്ന് 2025 മെയ് മാസത്തില്‍ ഇന്ത്യയും പാകിസ്താനും തമ്മിലുണ്ടായ സംഘര്‍ഷങ്ങള്‍ക്ക് ശേഷം, പാകിസ്താനിലെ ഒരു മുതിര്‍ന്ന മന്ത്രിക്ക് ലഭിക്കുന്ന ആദ്യ ക്ഷണമാണിത്.2023 മെയ് മാസത്തില്‍, അന്നത്തെ വിദേശകാര്യ മന്ത്രി ബിലാവല്‍ ഭൂട്ടോ സര്‍ദാരി, എസ്സിഒ വിദേശകാര്യ മന്ത്രിമാരുടെ യോഗത്തില്‍ പങ്കെടുക്കാനായി ഗോവയില്‍ എത്തിയതായിരുന്നു സവസാന സന്ദര്‍ശനം. എസ്സിഒ സിവിലൈസേഷണല്‍ ഡയലോഗ് ഫോറം' ന് ആതിഥേയത്വം വഹിക്കുന്ന രാജ്യമെന്ന നിലയില്‍, എസ്സിഒ അംഗരാജ്യങ്ങളില്‍ നിന്നെല്ലാം പ്രതിനിധികളെ ക്ഷണിക്കേണ്ടത് ഇന്ത്യയുടെ ബാധ്യതയാണ്. ഇതിന്റെ ഭാഗമായാണ് പാകിസ്താനിലേക്കും ക്ഷണം അയച്ചത്. അടുത്ത വര്‍ഷം എസ്സിഒ നേതാക്കളുടെ ഉച്ചകോടിക്ക് ആതിഥേയത്വം വഹിക്കുന്നത് പാകിസ്ഥാനായിരിക്കും.
പുരാന ഖിലയില്‍ നടക്കുന്ന ഈ ഫോറത്തില്‍ പങ്കെടുക്കുമെന്ന് ചൈന, കസാക്കിസ്ഥാന്‍, ഇറാന്, താജിക്കിസ്ഥാന്‍, ഉസ്ബെക്കിസ്ഥാന്, ബെലാറസ്, അസര്ബൈജാന്, അര്‍മേനിയ, ബഹ്റൈന്‍, നേപ്പാള്‍, സൗദി അറേബ്യ, തുര്‍ക്കി, ശ്രീലങ്ക എന്നീ രാജ്യങ്ങള്‍ ഇതിനകം സ്ഥിരീകരിച്ചിട്ടുണ്ട്. നവംബര്‍ 20ന് നടക്കുന്ന ഉദ്ഘാടന ചടങ്ങില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കും. തുടര്‍ന്ന്, നാഗരിക സാംസ്കാരിക ആവിഷ്കാരങ്ങള്‍, കലയും വാസ്തുവിദ്യയും, ഭാഷ, സാഹിത്യം, കൈയെഴുത്തുപ്രതികള്‍ എന്നിവ പ്രമേയമാക്കിയുള്ള നാല് പ്രധാന സെഷനുകള്‍ നടക്കും. ഷാങ്ഹായ് സഹകരണ സംഘടന കേവലം ഒരു ഭൗമരാഷ്ട്രീയ-സാമ്പത്തിക വേദിയായി മാത്രം ഒതുങ്ങിനില്ക്കാതെ, പങ്കുവെക്കപ്പെട്ട നാഗരിക പൈതൃകത്തിന്റെയും മാനുഷിക മൂല്യങ്ങളുടെയും ഒരു വേദിയായി കൂടി മാറുന്നുവെന്ന് ഉറപ്പാക്കുകയാണ് ഇന്ത്യയുടെ ലക്ഷ്യമെന്ന് ഷെഖാവത്ത് പറഞ്ഞു. രാജ്യങ്ങളും നാഗരികതകളും തമ്മില്‍ സംവാദങ്ങള്‍ ആരംഭിക്കാനും വിശ്വാസത്തിന്റെ പാലങ്ങള്‍ കെട്ടിപ്പടുക്കാനും സംസ്കാരത്തിന് കഴിയുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Content Highlights: Pakistan will be represented by its Minister for Climate Change and Environmental Coordination, Musadik Masood Malik, at the Shanghai Cooperation Organisation's Civilisational Dialogue Forum in New Delhi. The event is scheduled to take place from November 20 to 22. Union Culture Minister Gajendra Singh Shekhawat had earlier expressed hope that Pakistan would participate. Islamabad confirmed the country's participation on Saturday.