'കോണ്‍ഗ്രസ് വിശ്വസിക്കാന്‍ കൊള്ളാത്തവർ, ടിവികെയുടെ വിജയം തെരഞ്ഞെടുപ്പ് സുതാര്യമാണെന്നതിന്റെ അടയാളം': ബിജെപി

പച്ചപ്പുനിറഞ്ഞ പുതിയ മേച്ചില്‍ പുറങ്ങള്‍ കാണുമ്പോള്‍ സഖ്യകക്ഷികളെ ഉപേക്ഷിക്കുന്നവരാണ് കോണ്‍ഗ്രസ് എന്നും തമിഴ്നാടിന്റെ ചുമതലയുള്ള ദേശീയ നേതാവ് പറഞ്ഞു

'കോണ്‍ഗ്രസ് വിശ്വസിക്കാന്‍ കൊള്ളാത്തവർ, ടിവികെയുടെ വിജയം തെരഞ്ഞെടുപ്പ് സുതാര്യമാണെന്നതിന്റെ അടയാളം': ബിജെപി
dot image

ചെന്നൈ: കോണ്‍ഗ്രസ് വിശ്വസിക്കാന്‍ കൊള്ളാത്ത പാര്‍ട്ടിയാണെന്ന് തമിഴ്നാട് മുഖ്യമന്ത്രി സി ജോസഫ് വിജയിയോട് ബിജെപി ദേശീയ വൈസ് പ്രസിഡന്റ് റാം മാധവ്. പച്ചപ്പുനിറഞ്ഞ പുതിയ മേച്ചില്‍ പുറങ്ങള്‍ കാണുമ്പോള്‍ സഖ്യകക്ഷികളെ ഉപേക്ഷിക്കുന്നവരാണ് കോണ്‍ഗ്രസ് എന്നും തമിഴ്നാടിന്റെ ചുമതലയുള്ള ദേശീയ നേതാവ് പറഞ്ഞു. 'ഇന്ന് തമിഴ്നാട് സര്‍ക്കാര്‍ കോണ്‍ഗ്രസിനെ ആശ്രയിക്കുകയാണ്. വിജയ് ഒരു കാര്യം എല്ലായ്പ്പോഴും ഓര്‍ക്കണം, കോണ്‍ഗ്രസിന് ഒന്നും തന്നെയില്ല. അവര്‍ മറ്റ് പാര്‍ട്ടികളുടെ തണലിലാണ് വളരുന്നത്,' റാം മാധവ് കടന്നാക്രമിച്ചു.

Ram Madhav at a press conference held in Chennai
ചെന്നെെയില്‍ നടന്ന പത്രസമ്മേളനത്തില്‍ റാം മാധവ്

പെരുംതലൈവര്‍ കാമരാജിനെ ഉദാഹരിച്ചുകൊണ്ടും റാം മാധവ് കോണ്‍ഗ്രസിനെ വിമര്‍ശിച്ചു. ഇന്ദിരാ ഗാന്ധിയെ ദേശീയ രാഷ്ട്രീയത്തിന്റെ മുഖമായി മാറ്റുന്നതില്‍ പ്രധാന പങ്കുവഹിച്ച ആളായിരുന്നു കാമരാജറെന്നും എന്നാല്‍ കോണ്‍ഗ്രസ് അദ്ദേഹത്തെ ഒതുക്കുകയായിരുന്നുവെന്നും ബിജെപി നേതാവ് ആരോപിച്ചു.

ടിവികെയ്ക്ക് എന്തെങ്കിലും ഉപദേശം നല്‍കാനുണ്ടോ എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന്, ബിജെപി ടിവികെയെ രാഷ്ട്രീയ എതിരാളിയായി കാണുന്നത് തുടരുമെന്നായിരുന്നു ബിജെപി ദേശീയ വൈസ് പ്രസിഡന്റിന്റെ മറുപടി.

TVK BJP
ടിവികെ | ബിജെപി

തമിഴ്നാട്ടില്‍ ടിവികെയെ അധികാരത്തിലേറ്റാന്‍ ബിജെപി ശ്രമിച്ചു എന്ന ആരോപണങ്ങളെയും റാം മാധവ് തള്ളി. ഇത്തരം ആരോപണങ്ങള്‍ ജനവിധിയെ ദുര്‍ബലപ്പെടുത്തുന്നതാണെന്നായിരുന്നു പ്രതികരണം.

Also Read:

'മറ്റേതെങ്കിലും ബാഹ്യ പിന്തുണയുടെ അടിസ്ഥാനത്തിലാണ് ടിവികെ തെരഞ്ഞെടുപ്പില്‍ വിജയിച്ചതെന്ന് പറയുന്നത് തമിഴ്‌നാട്ടിലെ ജനങ്ങളെയും അവരുടെ രാഷ്ട്രീയ വിവേചനബുദ്ധിയെയും അപമാനിക്കുന്നതിന് തുല്യമാണ്. ഭരണകക്ഷിക്കെതിരെ രാഷ്ട്രീയമായി പോരാടും,'' അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Vijay TVK
വിജയ്

തമിഴ്നാട്ടില്‍ ദ്രാവിഡകക്ഷികളായ ഡിഎംകെയെയും എഐഎഡിഎംകെയെയും പരാജയപ്പെടുത്തി ടിവികെ നേടിയ ഉജ്വല വിജയം ഇന്ത്യയിലെ തെരഞ്ഞെടുപ്പ് പ്രക്രിയ എത്രത്തോളം സ്വതന്ത്രവും നീതിയുക്തവുമാണെന്നതിന്റെ മികച്ച ഉദാഹരണമാണെന്നും ബിജെപി ദേശീയ ഉപാധ്യക്ഷന്‍ കൂട്ടിച്ചേര്‍ത്തു. മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ക്കും തെരഞ്ഞെടുപ്പ് കമ്മീഷനും എതിരെ കോണ്‍ഗ്രസും രാഹുല്‍ ഗാന്ധിയും പ്രതിഷേധം ഉയര്‍ത്തുന്നുണ്ടെങ്കിലും അവരുടെ യഥാര്‍ത്ഥ ലക്ഷ്യം പ്രധാനമന്ത്രി നരേന്ദ്ര മോദിയാണെന്നും മാധവ് ആരോപിച്ചു.

'അരാജകത്വവും നുണകളും നിറഞ്ഞ ഒരു പാര്‍ട്ടിയെ പിന്തുണയ്ക്കുകയാണ് ഇവിടുത്തെ നേതൃത്വം ചെയ്യുന്നതെന്ന് ഓര്‍ക്കണം. അവര്‍ നുണകള്‍ പ്രചരിപ്പിക്കുകയും രാജ്യത്ത് അരാജകത്വം നിലനില്‍ക്കണമെന്ന് ആഗ്രഹിക്കുകയും ചെയ്യുന്നു. മാത്രമല്ല, ഏറ്റവും വിശ്വാസ്യതയില്ലാത്ത പാര്‍ട്ടിയും കോണ്‍ഗ്രസാണ്,' റാം മാധവ് പറഞ്ഞു.

കോണ്‍ഗ്രസിന്റെ മുന്‍കാല പ്രവര്‍ത്തനങ്ങളെക്കുറിച്ച് തമിഴ്നാട്ടിലെ ജനങ്ങള്‍ക്ക് വ്യക്തമായ ബോധ്യമുണ്ടെന്നും വിജയ്‌യ്ക്കും വൈകാതെ ഇത് മനസിലാകുമെന്നും ബിജെപി നേതാവ് കൂട്ടിച്ചേര്‍ത്തു. ആറ് മാസം മുമ്പ് കോണ്‍ഗ്രസ് സഖ്യം വിട്ടപ്പോള്‍ ഡിഎംകെ അധ്യക്ഷന്‍ എം കെ സ്റ്റാലിന് ഉണ്ടായ അനുഭവം വിജയ്യ്ക്കും ഉണ്ടാകുമെന്നാണ് മാധവിന്റെ പരാമര്‍ശം.

Also Read:

തമിഴ്നാട്ടില്‍ ടിവികെ നയിക്കുന്ന സഖ്യസര്‍ക്കാരില്‍ കോണ്‍ഗ്രസ് നിര്‍ണായക ഘടകമാണ്. മുഖ്യമന്ത്രിയായി ആറ് മാസം പിന്നിടുന്ന വിജയ്, രാഷ്ട്രീയത്തിലും ഭരണത്തിലും ഒരുപോലെ സന്തുലിതമായ നിലപാട് സ്വീകരിക്കാനാണ് ശ്രമിക്കുന്നത്.

Content Highlight: BJP national vice-president Ram Madhav has cautioned Tamil Nadu Chief Minister C Joseph Vijay against trusting the Congress, alleging that the party abandons its allies whenever better political opportunities arise. Madhav also cited the TVK's victory over the DMK and AIADMK as an example of India's free and fair electoral process, while accusing the Congress and Rahul Gandhi of targeting Prime Minister Narendra Modi through their protests against the Chief Election Commissioner and the Election Commission of India.

dot image
To advertise here,contact us
dot image