

പ്രമേഹം ഒരു ദിവസംകൊണ്ട് ഉണ്ടാകുന്ന രോഗമല്ല. പലരിലും വര്‍ഷങ്ങള്‍ക്കുമുമ്പേ രക്തത്തിലെ പഞ്ചസാരയുടെ അളവില്‍ വ്യതിയാനങ്ങള്‍ ആരംഭിക്കാം. എന്നാല്‍ ഈ മാറ്റങ്ങള്‍ പലപ്പോഴും തിരിച്ചറിയപ്പെടാതെ പോകുന്നു. രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് സാധാരണ നിലയേക്കാള്‍ ഉയര്‍ന്നിട്ടുണ്ടെങ്കിലും ടൈപ്പ് 2 പ്രമേഹം നിര്‍ണയിക്കാനുള്ള പരിധിയില്‍ എത്തിയിട്ടില്ലാത്ത അവസ്ഥയാണ് പ്രീ ഡയബറ്റിസ് (Prediabetes). പ്രത്യേകിച്ച് ആശങ്കപ്പെടുത്തുന്ന ഒരു കാര്യം, ഈ അവസ്ഥയുള്ള മിക്കവര്‍ക്കും വ്യക്തമായ ലക്ഷണങ്ങള്‍ ഉണ്ടാകണമെന്നില്ല എന്നതാണ്. അതുകൊണ്ടുതന്നെ പലരും പ്രീ ഡയബറ്റിസ് തിരിച്ചറിയുന്നത് മറ്റേതെങ്കിലും ആവശ്യത്തിനായി രക്തപരിശോധന നടത്തുമ്പോഴാണ്. എന്നാല്‍ പ്രമേഹം സ്ഥിരീകരിക്കുന്നതിനു മുമ്പുള്ള ഈ ഘട്ടം തിരിച്ചറിഞ്ഞ് കഴിഞ്ഞാല്‍ ജീവിതശൈലിയില്‍ മാറ്റങ്ങള്‍ വരുത്തി ടൈപ്പ് 2 പ്രമേഹത്തിലേക്കുള്ള പുരോഗതി തടയാനോ വൈകിപ്പിക്കാനോ സാധിക്കും.

നമ്മള് കഴിക്കുന്ന ഭക്ഷണത്തിലെ കാര്‍ബോഹൈഡ്രേറ്റുകള്‍ ദഹിച്ച് ഗ്ലൂക്കോസായി മാറുന്നു. രക്തത്തിലെ ഈ ഗ്ലൂക്കോസിനെ ശരീരത്തിലെ കോശങ്ങളിലേക്ക് എത്തിക്കാന്‍ ഇന്‍സുലിന്‍ എന്ന ഹോര്‍മോണ്‍ സഹായിക്കുന്നു. എന്നാല്‍ ശരീരത്തിലെ കോശങ്ങള്‍ ഇന്‍സുലിനോട് വേണ്ടത്ര പ്രതികരിക്കാതാകുന്ന അവസ്ഥയാണ് ഇന്‍സുലിന്‍ റെസിസ്റ്റന്‍സ്. ഇതോടെ രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് ഉയരാന്‍ സാധ്യതയുണ്ട്. ഇന്‍സുലിന്‍ ഉല്പാദിപ്പിക്കുന്ന പാന്‍ക്രിയാസിന് ഈ വര്‍ധിച്ച ആവശ്യകത ദീര്‍ഘകാലം നിറവേറ്റാന്‍ കഴിയാതെ വരുമ്പോള്‍ രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂടുതല്‍ ഉയരാം. ഈ ഘട്ടത്തില്‍ രക്തത്തിലെ ഗ്ലൂക്കോസ് സാധാരണയേക്കാള്‍ കൂടുതലാണെങ്കിലും പ്രമേഹം നിര്‍ണയിക്കാനുള്ള പരിധിയില്‍ എത്തിയിട്ടില്ലെങ്കില്‍ അതിനെ പ്രീ ഡയബറ്റിസ് എന്നു വിളിക്കുന്നു.
പ്രീ ഡയബറ്റിസ് എന്നത് ഒരാള്‍ക്ക് ഭാവിയില്‍ പ്രമേഹം ഉറപ്പായും വരുമെന്നതിന്റെ സൂചനയല്ല. എന്നാല്‍ ടൈപ്പ് 2 പ്രമേഹത്തിനുള്ള സാധ്യത കൂടുതലാണെന്ന മുന്നറിയിപ്പാണ്. ശരിയായ ഭക്ഷണക്രമം, വ്യായാമം, ശരീരഭാരം നിയന്ത്രിക്കല്‍ എന്നിവയിലൂടെ ഈ സാധ്യത കുറയ്ക്കാനാകും.
പ്രീ ഡയബറ്റിസ് തിരിച്ചറിയാന്‍ രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് പരിശോധിക്കുന്ന മൂന്ന് പ്രധാന പരിശോധനകളുണ്ട്.
ഫാസ്റ്റിങ് പ്ലാസ്മ ഗ്ലൂക്കോസ്
കുറഞ്ഞത് എട്ട് മണിക്കൂര്‍ കലോറിയുള്ള ഭക്ഷണമോ പാനീയമോ കഴിക്കാതിരുന്നശേഷം നടത്തുന്ന പരിശോധനയാണിത്. രക്തത്തിലെ പഞ്ചസാരയുടെ അളവ് പരിശോധിക്കുന്നു.

HbA1c
കഴിഞ്ഞ രണ്ടുമുതല്‍ മൂന്നുമാസം വരെയുള്ള രക്തത്തിലെ ഗ്ലൂക്കോസിന്റെ ശരാശരി നിലയെക്കുറിച്ച് മനസ്സിലാക്കാന്‍ സഹായിക്കുന്ന പരിശോധനയാണിത്. ഇതിനായി പ്രത്യേകിച്ച് ഭക്ഷണം ഒഴിവാക്കേണ്ടതില്ല. എന്നാല്‍ ചിലതരം വിളര്‍ച്ച, ഹീമോഗ്ലോബിന്‍ വ്യതിയാനങ്ങള്‍, ചുവന്ന രക്താണുക്കളുടെ ആയുസ്സിനെ ബാധിക്കുന്ന അവസ്ഥകള്‍ എന്നിവയില്‍ ഫലം തെറ്റിദ്ധരിപ്പിക്കാം. അത്തരം സാഹചര്യങ്ങളില്‍ ഡോക്ടര്‍ മറ്റ് പരിശോധനകള്‍ നിര്‍ദേശിച്ചേക്കാം.
ഓറല്‍ ഗ്ലൂക്കോസ് ടോളറന്‍സ് ടെസ്റ്റ് (OGTT)
ആദ്യം ഫാസ്റ്റിങ് രക്തസാമ്പിള്‍ ശേഖരിക്കുന്നു. തുടര്‍ന്ന് 75 ഗ്രാം ഗ്ലൂക്കോസ് അടങ്ങിയ ലായനി കുടിപ്പിച്ച് രണ്ടുമണിക്കൂറിനുശേഷം രക്തത്തിലെ ഗ്ലൂക്കോസ് പരിശോധിക്കുന്നു.
ഈ മൂന്ന് പരിശോധനകളും ഒരേ വ്യക്തിയില്‍ ഒരേ ഫലം നല്കണമെന്നില്ല. ഒരു പരിശോധന സാധാരണ നിലയിലാണെങ്കിലും മറ്റൊന്ന് പ്രീ ഡയബറ്റിസ് പരിധിയിലായേക്കാം. അതിനാല്‍ പരിശോധനാഫലങ്ങള്‍ ഡോക്ടറുടെ സഹായത്തോടെ വിലയിരുത്തണം.

ചില ആരോഗ്യഘടകങ്ങളും ജീവിതശൈലികളും പ്രീ ഡയബറ്റിസിനുള്ള സാധ്യത വര്‍ധിപ്പിക്കുന്നു.
പ്രീ ഡയബറ്റിസ് കണ്ടെത്തിയാല്‍ പരിഭ്രാന്തരാകേണ്ടതില്ല. എന്നാല്‍ അത് അവഗണിക്കുകയും ചെയ്യരുത്. ഈ ഘട്ടത്തില്‍ ജീവിതശൈലിയില്‍ വരുത്തുന്ന മാറ്റങ്ങള്‍ക്ക് വലിയ പ്രാധാന്യമുണ്ട്.
ഭക്ഷണക്രമം ക്രമീകരിക്കാം
ഭക്ഷണം പൂര്‍ണമായി ഒഴിവാക്കുകയോ ചോറ് പെട്ടെന്ന് ഉപേക്ഷിക്കുകയോ അല്ല വേണ്ടത്. ഭക്ഷണത്തിന്റെ അളവും ഘടനയും ക്രമീകരിക്കുകയാണ് പ്രധാനം. പച്ചക്കറികള്‍, പയര്‍വര്‍ഗങ്ങള്‍, നാരുകള്‍ അടങ്ങിയ ഭക്ഷണങ്ങള്‍, ആവശ്യത്തിന് പ്രോട്ടീന്‍ എന്നിവ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താം. മധുരപാനീയങ്ങള്‍, അമിതമായി സംസ്കരിച്ച ഭക്ഷണങ്ങള്‍, ശുദ്ധീകരിച്ച കാര്‍ബോഹൈഡ്രേറ്റുകള്‍, ബേക്കറി പലഹാരങ്ങള്‍ എന്നിവയുടെ ഉപയോഗം കുറയ്ക്കണം. ചോറ് ഉള്‍പ്പെടുത്താമെങ്കിലും അളവ് നിയന്ത്രിക്കുകയും ഭക്ഷണത്തില്‍ പച്ചക്കറികളും പ്രോട്ടീന്‍ സ്രോതസ്സുകളും ഉള്‍പ്പെടുത്തുകയും വേണം.
ദിവസവും വ്യായാമം ചെയ്യാം
ആഴ്ചയില്‍ കുറഞ്ഞത് 150 മിനിറ്റ് മിതമായ തീവ്രതയിലുള്ള ശാരീരിക പ്രവര്‍ത്തനങ്ങള്‍ ലക്ഷ്യമിടാം. ദിവസവും 30 മിനിറ്റ് വേഗത്തിലുള്ള നടത്തം ഇതിന് സഹായിക്കും. കൂടാതെ ആഴ്ചയില്‍ രണ്ടോ അതിലധികമോ ദിവസങ്ങളില്‍ പേശികളുടെ ശക്തി വര്‍ധിപ്പിക്കുന്ന വ്യായാമങ്ങളും ഉള്‍പ്പെടുത്താം.
ശരീരഭാരം നിയന്ത്രിക്കാം
അമിതവണ്ണമോ പൊണ്ണത്തടിയോ ഉള്ള പ്രീ ഡയബറ്റിസ് രോഗികളില്‍ ശരീരഭാരം 57 ശതമാനം കുറയ്ക്കുന്നത് ടൈപ്പ് 2 പ്രമേഹസാധ്യത കുറയ്ക്കാന്‍ സഹായിക്കും. ഇത് എല്ലാവര്ക്കും ഒരേ രീതിയില്‍ ബാധകമായ നിര്‍ദേശമല്ല. വ്യക്തിയുടെ ശരീരഭാരം, ആരോഗ്യനില എന്നിവ പരിഗണിച്ച് ലക്ഷ്യം നിശ്ചയിക്കണം.
ഉറക്കത്തിനും പ്രാധാന്യം നല്‍കാം
കൃത്യമായ ഉറക്കസമയം പാലിക്കുകയും മതിയായ ഉറക്കം ഉറപ്പാക്കുകയും വേണം. ദീര്‍ഘകാല ഉറക്കക്കുറവ് ഉപാപചയപ്രവര്‍ത്തനങ്ങളെയും ഇന്‍സുലിന്‍ പ്രവര്‍ത്തനത്തെയും പ്രതികൂലമായി ബാധിക്കാം.
കൃത്യമായ ഇടവേളകളില്‍ പരിശോധന നടത്താം
പ്രീ ഡയബറ്റിസ് കണ്ടെത്തിയവര്‍ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിരീക്ഷിക്കണം. പ്രമേഹത്തിലേക്കുള്ള പുരോഗതി പരിശോധിക്കാന്‍ കുറഞ്ഞത് ആറ് മാസത്തിലൊരിക്കല്‍ പരിശോധന നടത്തണം. വ്യക്തിയുടെ അപകടസാധ്യത അനുസരിച്ച് ഡോക്ടര്‍ കൂടുതല്‍ നേരത്തെയും പരിശോധന നിര്‍ദേശിച്ചേക്കാം.
പലരിലും ജീവിതശൈലിയില്‍ മാറ്റങ്ങള്‍ വരുത്തുന്നതിലൂടെ രക്തത്തിലെ പഞ്ചസാരയുടെ അളവ് സാധാരണ പരിധിയിലേക്ക് തിരിച്ചെത്തിക്കാന്‍ കഴിയും. എന്നാല്‍ ഇത് പ്രമേഹസാധ്യത പൂര്‍ണമായി ഇല്ലാതാക്കുന്നു എന്നര്‍ഥമില്ല. അമിതവണ്ണമോ പൊണ്ണത്തടിയോ ഉള്ള ഉയര്‍ന്ന അപകടസാധ്യതയുള്ള പ്രീ ഡയബറ്റിസ് രോഗികളില്‍ ശരീരഭാരം കുറഞ്ഞത് 57 ശതമാനം കുറയ്ക്കുകയും ആഴ്ചയില്‍ കുറഞ്ഞത് 150 മിനിറ്റ് മിതമായ വ്യായാമം ചെയ്യുകയും ചെയ്യുന്നത് പ്രമേഹം വരാനുള്ള സാധ്യത ഗണ്യമായി കുറയ്ക്കാന്‍ സഹായിക്കും.
പ്രമേഹം സ്ഥിരീകരിക്കുന്നതുവരെ കാത്തിരിക്കേണ്ട രോഗമല്ല ഇത്. പ്രമേഹസാധ്യതയുള്ളവര്‍ കൃത്യസമയത്ത് പരിശോധന നടത്തുകയും ആരോഗ്യകരമായ ജീവിതശൈലി പിന്തുടരുകയും ചെയ്യേണ്ടത് പ്രധാനമാണ്. പ്രത്യേകിച്ച് കുടുംബത്തില്‍ പ്രമേഹചരിത്രമുള്ളവര്‍, അമിതവണ്ണമുള്ളവര്‍, ശാരീരിക പ്രവര്‍ത്തനങ്ങള്‍ കുറഞ്ഞവര്‍, ഗര്‍ഭകാലത്ത് പ്രമേഹം ഉണ്ടായിരുന്ന സ്ത്രീകള്‍ എന്നിവര്‍ ഡോക്ടറുടെ നിര്‍ദേശപ്രകാരം പരിശോധന നടത്തണം.
Content Highlights :Diabetes is not a disease that develops in a single day. In many people, fluctuations in blood sugar levels can begin years in advance