

മുംബൈ: ബോളിവുഡ് താരം ടൈഗര്‍ ഷ്റോഫിനെ ആക്രമിച്ച സംഘം ലക്ഷ്യമിട്ടത് സല്മാന് ഖാനെയെന്ന് നിഗമനം. സല്മാന് ഖാന്റെ വീട്ടില്‍ കനത്ത സുരക്ഷ ഉള്ളതിനാല്‍ സംഘം ഉദ്യമം ഉപേക്ഷിച്ചെന്ന് മുംബൈ പൊലീസ് വൃത്തങ്ങള്‍ വ്യക്തമാക്കുന്നു. ടൈഗര്‍ ഷ്റോഫിനെ ആക്രമിച്ചത് കൃത്യമായി നിരീക്ഷിച്ച ശേഷം ആസൂത്രിതമായാണെന്നും പൊലീസ് പറയുന്നു.
പ്രതികള്‍ ഒരു വിഐപിയെ ലക്ഷ്യമിട്ടാണ് പോയിരുന്നതെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. ടൈഗര്‍ ഷ്റോഫിന്റെ കാറിന് നേരെ വെടിയുതിര്‍ത്ത രണ്ടുപേര്‍ ബാന്ദ്രയിലെ സല്മാന് ഖാന്റെ വീടിനെ രഹസ്യമായി നിരീക്ഷിച്ചിരുന്നു. എന്നാല്‍ അവിടെ കര്‍ശനമായ സുരക്ഷാ ക്രമീകരണങ്ങള്‍ ഉള്ളതിനാല്‍ നീക്കം ഉപേക്ഷിക്കുകയായിരുന്നു.
തുടര്‍ന്നാണ് പ്രത്യേക സുരക്ഷയില്ലാത്ത ടൈഗര്‍ ഷ്റോഫിനെ സംഘം ലക്ഷ്യമിട്ടത്. സോഷ്യല്‍ മീഡിയ പോസ്റ്റുകളിലൂടെയാണ് നടന് എല്ലാ ഞായറാഴ്ചയും മുംബൈയിലെ ജുഹുവിലെ ഫുട്ബോള്‍ ഗ്രൗണ്ടിലെത്താറുണ്ടെന്ന് സംഘം മനസിലാക്കിയത്.
അതേസമയം, ടൈഗർ ഷ്റോഫിനെ വെടിവെച്ച സംഭവവുമായി ബന്ധപ്പെട്ട് നാല് പ്രതികളെക്കൂടി ഡൽഹി പൊലീസ് സ്പെഷ്യൽ സെല്‍ പിടികൂടി. ഹരിയാനയിലെ സോണിപത്ത് ജില്ലയിൽ നിന്നുമാണ് ഇവരെ അറസ്റ്റ് ചെയ്തത്. ഇവരിൽ രണ്ടുപേർ സ്ത്രീകളാണ്. കുനാൽ (21), സുമിത് (19), രാധ (23), ബബിത (23) എന്നിവരാണ് അറസ്റ്റിലായത്. ഇവരെ കോടതിയിൽ ഹാജരാക്കി.
പ്രതികൾക്ക് ആയുധങ്ങൾ വിതരണം ചെയ്തവരാണ് ഇവർ. അറസ്റ്റിലായ സ്ത്രീകള്‍ ലോറൻസ് ബിഷ്ണോയി സംഘത്തിനുവേണ്ടി ആയുധങ്ങൾ കൈമാറ്റം ചെയ്യാൻ നിയോഗിക്കപ്പെട്ടിരുന്നു എന്നാണ് വിവരം. ഇവരാണ് ആയുധങ്ങളുമായി ഹരിയാനയിൽ നിന്ന് മുംബൈയിലേക്ക് പോയത്. വെടിവെപ്പുമായി ബന്ധമുള്ള മൂന്ന് പേരെ ഇന്നലെ പിടികൂടിയിരുന്നു.
ഹരിയാനയിലെ സോണിപത്തിലെ ഈദ്ഗായില്‍ താമസിക്കുന്ന റഹീസുദ്ദീന്റെ മകന് 18 വയസ്സുള്ള റെഹാന് എന്ന സുക്ക, ബിഹാറിലെ ബെഗുസാരായിയിലെ പിപ്രാഹിയില് താമസിക്കുന്ന രാമു മഹ്തോയുടെ മകന് ഹൃതിക് കുര്‍മി എന്ന റോഷന് ഫൈറ്റര്‍ (22), രാജസ്ഥാനിലെ കോട്ടയില്‍ നിന്നുള്ള 18 വയസ്സുള്ള ഫൂല് സിംഗ് എന്നിവരെ ഡല്‍ഹിയിലേക്കുള്ള ട്രെയിനില്‍ കയറുന്നതിനിടെയാണ് മുംബൈ പൊലീസ് അറസ്റ്റ് ചെയ്തത്.
1998-ൽ കൃഷ്ണമൃഗങ്ങളെ വേട്ടയാടിയതാണ് ബിഷ്ണോയ് സംഘത്തിന് നടൻ സൽമാൻ ഖാനുമായുള്ള ശത്രുതയ്ക്ക് കാരണം. ബിഷ്ണോയ് സമുദായം കൃഷ്ണമൃഗങ്ങളെ ആരാധിക്കുന്നതിനാൽ സൽമാനെ വധിക്കുമെന്നാണ് ഇവരുടെ ഭീഷണി.
Content Highlights: salman khan target in mumbai case involving tiger shroff