

ന്യൂഡല്‍ഹി: സിജെപി നേതാക്കളായ സൗരവ് ദാസിന്റെയും അശുതോഷ് റാങ്കയുടെയും ജുഡീഷ്യല്‍ കസ്റ്റഡി നീട്ടിയതിന് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ വിമർശനവുമായി അഭിജീത് ദീപ്കെ. യുവ പ്രതിഷേധക്കാരെ ഭയപ്പെടുത്തുന്നതിനായി സര്‍ക്കാര്‍ സംവിധാനങ്ങള്‍ ഉപയോഗിക്കുന്നുവെന്ന് ദീപ്കെ ആരോപിച്ചു. സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവെച്ച വീഡിയോയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തെ ചോദ്യം ചെയ്ത ദീപ്കെ സൗരവ് ദാസിന്റെയും അശുതോഷിന്റെയും ധീരതയെ പുകഴ്ത്തുകയും ചെയ്തു.
'26 വയസുള്ള സൗരവ് ദാസിനെ ജയിലില്‍ അടയ്ക്കുന്നതിലൂടെ നിങ്ങള്‍ വളരെ ശക്തനാണെന്ന് തോന്നാം. തെരുവുകളില്‍ കുട്ടികളെ മര്‍ദ്ദിക്കുന്നതിലൂടെ നിങ്ങള്‍ ശക്തനാണെന്ന് തോന്നം. ഡല്‍ഹിയിലുടനീളം ബാരിക്കേഡുകള്‍ വെക്കുന്നതിലൂടെയും തെരുവുകളില്‍ വിദ്യാര്‍ത്ഥികളെ വലിച്ചിഴക്കുന്നതിലൂടെയും നിങ്ങള്‍ ശക്തനാണെന്ന് തോന്നാം', ദീപ്കെ പരിഹസിച്ചു.
അശുതോഷും സൗരവ് ദാസും ജന്തര്‍ മന്തറില്‍ പോയത് ദേശീയ പതാക ഉയര്‍ത്താനാണെന്നും എന്നാല്‍ അവരെ ജുഡീഷ്യല്‍ കസ്റ്റഡിയിലേക്ക് വിട്ടെന്നും ദീപ്കെ കുറ്റപ്പെടുത്തി. ഇരുവരുടെയും കോടതി നടപടികള്‍ മാറ്റിവെക്കുന്നുവെന്നും അദ്ദേഹം ആരോപിച്ചു. ഇതാണോ പ്രധാനമന്ത്രിയുടെ ധൈര്യമെന്നും ദീപ്കെ ചോദിച്ചു.
'ഇതാണോ ധൈര്യം? പൊലീസിന്റെ പിന്നില്‍, കോടതിയുടെ മറവില്‍ ഒളിച്ചിരിക്കുന്നതാണോ നരേന്ദ്ര മോദിയുടെ ധൈര്യം? അവരെ ജയിലില്‍ അടച്ചതിലൂടെ നിങ്ങള്‍ ശക്തനായ പ്രധാനമന്ത്രിയായെന്ന് തോന്നുന്നുണ്ടോ? നിങ്ങള്‍ വെറുമൊരു ഭീരുവാണ്', അഭിജീത് ദീപ്കെ പറഞ്ഞു. സൗരവ് ദാസിന്റെ ധൈര്യത്തെയും ദീപ്കെ പുകഴ്ത്തി. ഒരു ദിവസം പോലും ജയിലില്‍ കിടക്കാന്‍ സാധിക്കുമോ എന്ന ചിന്തയുണ്ടായിരുന്ന സൗരവ് അഞ്ച് ദിവസത്തെ ജയില്‍ വാസത്തിന് ശേഷം ചിരിച്ച് കൊണ്ടാണ് കോടതിയിലെത്തിയതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ജുഡീഷ്യല്‍ കസ്റ്റഡി നീട്ടിയപ്പോഴും അവന് പേടിച്ചില്ല. ഇതാണ് ധൈര്യമെന്നും അദ്ദേഹം പറഞ്ഞു. ഭയത്തിന്റെ മുന്നില്‍ കീഴടങ്ങാത്തതിന് അശുതോഷിനെയും ഇരു നേതാക്കളുടെ കുടുംബത്തെയും അഭിജീത് പ്രശംസിച്ചു.
അറസ്റ്റിലൂടെയും തടവിലൂടെയും നിശബ്ദമാക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും ഇത്തരം നടപടികളിലൂടെ യുവ പ്രതിഷേധക്കാരെ പിന്തിരിപ്പിക്കാനാകില്ലെന്നും ദീപ്കെ പറഞ്ഞു. ' മിസ്റ്റര്‍ മോദി, ഞങ്ങളില്‍ ആര്‍ക്കും നിങ്ങളെ പേടിയില്ല. ഞങ്ങളില്‍ ആരും നിശബ്ദരാകില്ല. ഞങ്ങളെ ജയിലില്‍ അടച്ചാല്‍ ഞങ്ങള്‍ നിശബ്ദരാകുമെന്ന് കരുതുന്നെങ്കില്‍ അങ്ങനെ ഒന്ന് നടക്കാന്‍ പോകുന്നില്ല', ദീപ്കെ പറഞ്ഞു.
സൗരവ് ദാസിനും അശുതോഷ് റാങ്കയ്ക്കും ഇന്ന് ജാമ്യം നല്‍കിയിരുന്നില്ല. ഇരുവരുടെയും ജുഡീഷ്യല്‍ കസ്റ്റഡി രണ്ട് ദിവസത്തേക്ക് കൂടി നീട്ടി. സ്പെഷ്യല്‍ എക്സിക്യൂട്ടീവ് മജിസ്ട്രേറ്റിന്റേതാണ് തീരുമാനം. ഇരുവരും ഇനിയും പ്രതിഷേധിക്കാന്‍ സാധ്യതയുണ്ടെന്ന് പറഞ്ഞ് അഞ്ച് ദിവസം കൂടി കസ്റ്റഡിയില്‍ വേണമെന്ന് ഡല്‍ഹി പൊലീസ് ആവശ്യപ്പെട്ടിരുന്നു.
Content Highlights: CJP founder Abhijit Deepke criticised Prime Minister Narendra Modi after a court extended the judicial custody of CJP leaders Saurav Das and Ashutosh Rangay