

സിക്കിം: വിവാദങ്ങള്‍ക്കിടെ ദുഷ്യന്ത് കുമാര്‍ ഗൗതം സിക്കിം ഗവര്‍ണറായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. മുഖ്യമന്ത്രി പ്രേം സിംഗ് തമാങ്, മന്ത്രിമാര്‍, സിക്കിം നിയമസഭാ സ്പീക്കര്‍, ഹൈക്കോടതി ജഡ്ജിമാര്‍, ലോക്സഭാ എംപിമാര്‍, എംഎല്‍എമാര്‍, മറ്റ് വിശിഷ്ട വ്യക്തികള്‍ എന്നിവരുടെ സാന്നിധ്യത്തില്‍ സിക്കിം ഹൈക്കോടതി ചീഫ് ജസ്റ്റിസ് എ മുഹമ്മദ് മുസ്താഖ് ആണ് സത്യവാചകം ചൊല്ലിക്കൊടുത്തത്.
സത്യപ്രതിജ്ഞാ ചടങ്ങിനുശേഷം, മുഖ്യമന്ത്രി, സിക്കിം നിയമസഭാ സ്പീക്കറെയും മന്ത്രിസഭാംഗങ്ങളെയും എംഎല്‍എമാരെയും ഗവര്‍ണര്‍ക്ക് പരിചയപ്പെടുത്തി. തുടര്‍ന്ന് ഗവര്‍ണര്‍ക്ക് സിക്കിം സായുധ പൊലീസ് ആചാരപരമായ ഗാര്‍ഡ് ഓഫ് ഓണര്‍ നല്കി. 2026 ഒക്ടോബര്‍ 12-നാണ് പ്രസിഡന്റ് ദ്രൗപതി മുര്‍മു, ദുഷ്യന്ത് കുമാര്‍ ഗൗതമിനെ സിക്കിം ഗവര്‍ണറായി നിയമിച്ചത്. ദുഷ്യന്ത് കുമാറിനെ ഗവര്‍ണറായി നിയമിച്ചതിന് പിന്നാലെ വലിയ രീതിയുള്ള പ്രതിഷേധങ്ങളാണ് ഉയര്‍ന്നുവന്നത്.
ഉത്തരാഖണ്ഡില്‍ കൊല്ലപ്പെട്ട റിസപ്ഷനിസ്റ്റ് അങ്കിത ഭണ്ഡാരിയുമായി ബന്ധപ്പെട്ട കേസില്‍ അന്ന് ബിജെപിയുടെ ഉത്തരാഖണ്ഡ് സംസ്ഥാന ചുമതലയുള്ള ദേശീയ ജനറല്‍ സെക്രട്ടറിയായിരുന്ന ദുഷ്യന്ത് കുമാര്‍ ഗൗതമിനെതിരെ ആരോപണമുയര്‍ന്നിരുന്നു. ദുഷ്യന്ത് കുമാറിന്റെ നിയമനത്തിനെതിരെ അങ്കിതയുടെ മാതാപിതാക്കള്‍ക്കൊപ്പം രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും രംഗത്തെത്തുകയും ഇന്ത്യാ ഗേറ്റില്‍ മിന്നല്‍ പ്രതിഷേധം നടത്തുകയും ചെയ്തിരുന്നു.
ഋഷികേശിന് സമീപത്തെ റിസോർട്ടിൽ റിസപ്ഷനിസ്റ്റായി ജോലി ചെയ്തുവരികയായിരുന്ന അങ്കിത ഭണ്ഡാരിയെ 2022 സെപ്തംബറിലാണ് കാണാതായത്. ആറ് ദിവസത്തിന് ശേഷം അങ്കിതയുടെ മൃതദേഹം കണ്ടെത്തി. സംഭവത്തിൽ മുൻ ബിജെപി നേതാവ് വിനോദ് ആര്യയുടെ മകനും റിസോർട്ട് ഉടമയുമായ പുൽകിത് ആര്യയും അദ്ദേഹത്തിന്റെ രണ്ട് ജീവനക്കാരും അറസ്റ്റിലായിരുന്നു.
വനിതാ ഐപിഎസ് ഉദ്യോഗസ്ഥ നയിക്കുന്ന പ്രത്യേക അന്വേഷണ സംഘത്തെ സംസ്ഥാന സർക്കാർ കേസ് അന്വേഷണത്തിനായി നിയോഗിച്ചിരുന്നു. പുൽകിതും പ്രതികളും ചേർന്ന് പെൺകുട്ടിയെ കനാലിൽ എറിഞ്ഞ് കൊലപ്പെടുത്തി എന്നായിരുന്നു കണ്ടെത്തൽ. 2025 മെയിൽ കേസിലെ മൂന്ന് പ്രതികൾക്കും കോടതി ജീവപര്യന്തം തടവുശിക്ഷ വിധിച്ചു. കോട് വാർ അഡീഷണൽ ജില്ലാ ആന്റ് സെഷൻസ് ജഡ്ജിയാണ് ശിക്ഷ വിധിച്ചത്.
സംഭവം നടന്നതിന് പിന്നാലെ ജനക്കൂട്ടം റിസോർട്ട് തകർത്ത് തീയിടുകയും പ്രതിഷേധങ്ങൾ സംഘടിപ്പിക്കുകയും ചെയ്തിരുന്നു. പുഷ്കർ സിങ് ധാമിയുടെ നിർദേശ പ്രകാരം ഈ റിസോർട്ട് ബുൾഡോസർ ഉപയോഗിച്ച് ഇടിച്ച് നിരത്തുകയും ചെയ്തിരുന്നു. എന്നാൽ സംഭവം നടന്നതിന് പിന്നാലെ അങ്കിത കൊല്ലപ്പെട്ട ദിവസം റിസോർട്ടിൽ ഒരു വിഐപി ഉണ്ടായിരുന്നുവെന്ന അവകാശവാദങ്ങൾ ഉയർന്നു. എന്നാൽ ഇത് സംബന്ധിച്ച് തെളിവുകൾ ലഭിച്ചില്ലെന്നായിരുന്നു എസ്ഐടി വ്യക്തമാക്കിയത്.
അന്ന് റിസോർട്ടിലുണ്ടായിരുന്ന വിഐപി മുതിർന്ന നേതാവും ഉത്തരാഖണ്ഡിന്റെ ചുമതലയുള്ള ബിജെപി ദേശീയ ജനറൽ സെക്രട്ടറി ദുഷ്യന്ത് കുമാർ ഗൗതം ആണെന്ന ആരോപണവുമായി നടിയും മുൻ ബിജെപി എംഎൽഎ സുരേഷ് റാത്തോഡിന്റെ ഭാര്യയുമായ ഊർമിള സനവർ രംഗത്ത് വന്നതോടെയാണ് കേസ് വീണ്ടും വിവാദത്തിലായത്. ദുഷ്യന്ത് ഗൗതമിന് അങ്കിതയുടെ മരണത്തിൽ പങ്കുണ്ടെന്നും ഇക്കാര്യം ശരിവെക്കുന്നതരത്തിലുള്ള സംഭാഷണത്തിന്റെ ഓഡിയോ ക്ലിപ്പും ഊർമിള പുറത്തുവിട്ടിരുന്നു.
Content Highlights: dushyant kumar gautam sworn in as new governor of sikkim amid controversy