

ന്യൂഡല്‍ഹി: ജാമ്യം നിഷേധിച്ചതിന് പിന്നാലെ സിജെപി നേതാക്കളായ സൗരവ് ദാസിന്റെയും അശുതോഷ് റാങ്കയുടെയും ചിത്രം പങ്കുവെച്ച് അഭിജീത് ദീപ്കെ. അവരുടെ മനോവീര്യം ഒരിക്കലും തകര്‍ക്കാനാകില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ചിത്രം പങ്കുവെച്ചിരിക്കുന്നത്. അഞ്ച് ദിവസത്തെ ജയില്‍ വാസത്തിന് ശേഷവും അവരുടെ മുഖത്തെ ചിരി മാഞ്ഞിട്ടില്ലെന്നും ദീപ്കെ എക്സില്‍ കുറിച്ചു.
'ജന്തര്‍ മന്തറില്‍ ത്രിവര്‍ണ പതാക ഉയര്‍ത്തിയതായിരുന്നു ആഷുവിന്റെയും സൗരവിന്റെയും ആദ്യത്തെ കുറ്റം. രണ്ടാമത്തെ കുറ്റമോ? തോറ്റുകൊടുക്കാന്‍ കൂട്ടാക്കാതിരുന്നത്! അഞ്ചു ദിവസത്തെ ജയില്‍വാസത്തിന് ശേഷവും, പുഞ്ചിരിക്കുന്ന മുഖങ്ങളോടെ, തളരാത്ത മനോവീര്യത്തോടെയാണ് അവര്‍ കോടതിയിലേക്ക് നടന്നു കയറിയത്', ദീപ്കെ കുറിച്ചു.
സ്പെഷ്യല്‍ എക്സിക്യൂട്ടീവ് മജിസ്ട്രേറ്റായിരുന്നു സൗരവ് ദാസിന്റെയും അശുതോഷ് റാങ്കയുടെയും ജാമ്യം നിഷേധിച്ചത്. ഇരുവരെയും രണ്ട് ദിവസത്തേക്ക് കൂടി ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടിരിക്കുകയാണ്. ബുധനാഴ്ച വീണ്ടും കോടതിയില്‍ ഹാജരാക്കും. ഇരുവരും ഇനിയും പ്രതിഷേധിക്കാന്‍ സാധ്യതയുണ്ടെന്ന് ആരോപിച്ച് അഞ്ച് ദിവസം കൂടി കസ്റ്റഡിയില്‍ വേണമെന്ന് ഡല്‍ഹി പൊലീസ് ആവശ്യപ്പെട്ടിരുന്നു.
സിജെപി നേതാക്കള്‍ക്ക് ജാമ്യം നിഷേധിച്ച നടപടിയില്‍ വിമര്‍ശനം ശക്തമായിരിക്കുകയാണ്. ജുഡീഷ്യല്‍ എക്സിക്യൂട്ടീവ് മജിസ്ട്രേറ്റ് ഉത്തരവ് വിചിത്രമെന്നാണ് സിജെപി ലീഗല്‍ കറസ്പോണ്ടന്റ് രത്ന സിങ് പ്രതികരിച്ചത്. എസ്എംഇ വിധി കോടതിയില്‍ ചോദ്യം ചെയ്യപ്പെടേണ്ടതാണ്. ചോദ്യം ചെയ്യുക തന്നെ ചെയ്യും. രേഖകളില്‍ പൊരുത്തക്കേട് ചൂണ്ടിക്കാട്ടിയാണ് ജാമ്യം നിഷേധിച്ചത്. ഷുവര്‍റ്റി ബോണ്ടില്‍ ഉള്ള ചിത്രത്തിലെ വ്യത്യാസം കാരണമായി പറഞ്ഞു. മാതാപിതാക്കളുടെ വിശദാംശങ്ങളില്‍ വ്യക്തത കുറവ് ഉണ്ട് എന്നും എസ്എംഇ പറഞ്ഞു. ഇത് നിയമവ്യവസ്ഥയെ അവഹേളിക്കുന്ന നിലപാടാണെന്നും രത്ന സിംഗ് വിമർശിച്ചു.
Content Highlights: Abhijeet Deepke shared a photo of Saurav and Ashutosh after bail was denied, stating that their spirits unbroken.