മുറിവുകളിൽ ഉപ്പ് തേച്ചു,തലകീഴായി കെട്ടിത്തൂക്കി;BJPMLAയുടെ വീട്ടിൽ ക്രൂരമായി ഉപദ്രവിക്കപ്പെട്ടുവെന്ന് യുവാക്കൾ

മൂവരും നിലവിൽ കാശിപൂരിലെ ആശുപത്രിയിൽ ചികിത്സയിലാണ്

മുറിവുകളിൽ ഉപ്പ് തേച്ചു,തലകീഴായി കെട്ടിത്തൂക്കി;BJPMLAയുടെ വീട്ടിൽ ക്രൂരമായി ഉപദ്രവിക്കപ്പെട്ടുവെന്ന് യുവാക്കൾ
dot image

ലഖ്‌നൗ: സ്വർണാഭരണം മോഷ്ടിച്ചെന്ന് ആരോപിച്ച് യുപിയിലെ ബിജെപി എംഎൽഎയുടെ വീട്ടിൽ മൂന്ന് യുവാക്കളെ തടവിലാക്കി ക്രൂരമായി ഉപദ്രവിച്ചെന്ന് ആരോപണം. സംഭവത്തിൽ മൊറാദാബാദ് പൊലീസ് അന്വേഷണം ആരംഭിച്ചു. ബിജെപി എംഎൽഎ സുശാന്ത് സിങ്ങിന്റെ മകന്റെ സ്വർണ ബ്രേസ്ലെറ്റ് കാണാതായതുമായി ബന്ധപ്പെട്ടാണ് സംഭവമെന്നാണ് യുവാക്കൾ ആരോപിക്കുന്നത്. ആറു പേർക്ക് എതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്യണമെന്നാണ് പരാതിക്കാരുടെ ആവശ്യം. ഇതിൽ എംഎൽഎയുടെ സഹായികളും മറ്റ് ഒമ്പതോളം തിരിച്ചറിയാൻ കഴിയാത്ത വ്യക്തികളുമുണ്ടെന്നും പൊലീസ് പറയുന്നു. അതേസമയം സംഭവത്തിൽ ഇതുവരെ കേസെടുത്തിട്ടില്ല. അന്വേഷണത്തിന് ശേഷം നടപടി സ്വീകരിക്കുമെന്ന് മൊറാദാബാദ് എസ്പി (റൂറൽ) കുനവാർ ആകാശ് സിങ് പ്രതികരിച്ചു.

എംഎൽഎയുടെ വീട്ടിൽ ജോലിക്കാരായ അതുൽ, ലവേഷ്, ഇവരുടെ സുഹൃത്ത് രാമു എന്നിവർക്കാണ് ക്രൂരമായ പീഡനം നേരിടേണ്ടി വന്നതെന്ന് ഇവരുടെ കുടുംബം ആരോപിക്കുന്നു. ഒക്ടോബർ 7നാണ് മകനെ എംഎൽഎ വീട്ടിൽ നിന്നും കൂട്ടിക്കൊണ്ടുപോയതെന്ന് രാമുവിന്റെ മാതാവ് ഓംവതി പറയുന്നു. അതേസമയം അതുലും ലവേഷും എംഎൽഎയുടെ വീട്ടിൽ തടവിലായിരുന്നു. മൂവരെയും തലകീഴായി കെട്ടി തൂക്കി, ബെൽറ്റ് കൊണ്ട് അടിച്ചുവെന്നും ഇലക്ട്രിക്ക് ഷോക്ക് നൽകിയെന്നും ഓംവതി ആരോപിക്കുന്നു. യുവാക്കളുടെ മുറിവുകളിൽ ഉപ്പു തേച്ചെന്നും പരാതിയിൽ പറയുന്നുണ്ട്. മൂവരും നിലവിൽ കാശിപൂരിലെ ആശുപത്രിയിൽ ചികിത്സയിലാണ്. ഇവരിൽ രാമുവിന്റെ അവസ്ഥ ഗുരുതരമാണെന്ന് പൊലീസ് പറയുന്നു.

അതേസമയം ആരോപണങ്ങളെല്ലാം എംഎൽഎ നിഷേധിച്ചു. ആഭരണം കാണാത്തതിനാൽ ഇവരെ ചോദ്യം ചെയ്തതല്ലാതെ ആരെയും ഉപദ്രവിച്ചിട്ടില്ലെന്നാണ് എംഎൽഎയുടെ വിശദീകരണം. സംഭവത്തിൽ ഉടനടി നടപടി ഉണ്ടാകണമെന്നും ഇരകൾക്ക് നീതി ഉറപ്പാക്കണമെന്നും മൊറാദാബാദ് എംപിയും സമാജ്‌വാദി പാർട്ടി നേതാവുമായി രുചി വീര പ്രതികരിച്ചു.

Content Highlights: Three young men were allegedly detained and beaten at a BJP MLA's residence in Uttar Pradesh after being accused of stealing gold jewellery

dot image
To advertise here,contact us
dot image