6,000 കോടിയുടെ മാസ്റ്റർ പ്ലാനുമായി കൊച്ചിൻ ഷിപ്പ്‌യാർഡ്; വല്ലാർപ്പാടത്തും തൂത്തുക്കുടിയിലും വൻ വികസന പദ്ധതി

നിലവിൽ കൊച്ചിൻ ഷിപ്പ്‌യാർഡിന്റെ ഓർഡർ ബുക്ക് ഏകദേശം 22,300 കോടി രൂപയാണ്

6,000 കോടിയുടെ മാസ്റ്റർ പ്ലാനുമായി കൊച്ചിൻ ഷിപ്പ്‌യാർഡ്; വല്ലാർപ്പാടത്തും തൂത്തുക്കുടിയിലും വൻ വികസന പദ്ധതി
dot image

കേരളത്തിന്റെ കപ്പൽ നിർമാണ മേഖലയ്ക്ക് വൻ മുന്നേറ്റം ലക്ഷ്യമിട്ട് കൊച്ചിൻ ഷിപ്പ്‌യാർഡ് ലിമിറ്റഡ്. കൊച്ചിയിലെ വല്ലാർപാടത്തും തമിഴ്‌നാട്ടിലെ തൂത്തുക്കുടിയിലുമായി ഏകദേശം 6,000 കോടി രൂപയുടെ പുതിയ പദ്ധതികളാണ് കമ്പനി ആസൂത്രണം ചെയ്യുന്നത്. രാജ്യത്തെ കപ്പൽ നിർമാണ, അറ്റകുറ്റപ്പണി ശേഷി വർധിപ്പിക്കുന്നതിന്റെ ഭാഗമായാണ് ഈ നീക്കം.

വല്ലാർപാടത്ത് സ്റ്റീൽ ബ്ലോക്ക് നിർമാണ യൂണിറ്റ് സ്ഥാപിക്കാൻ ഏകദേശം 3,000 കോടി മുതൽ 4,000 കോടി രൂപ വരെ നിക്ഷേപിക്കാനാണ് പദ്ധതി. വലിയ കപ്പലുകൾ നിർമിക്കുന്നതിനാവശ്യമായ സ്റ്റീൽ ഘടകങ്ങൾ കൂടുതൽ കാര്യക്ഷമമായി തയ്യാറാക്കുകയാണ് ഇതിന്റെ ലക്ഷ്യം. ഇതിനായി കൊച്ചിൻ പോർട്ടിൽ നിന്ന് ഏകദേശം 60 ഏക്കറും കേരള സർക്കാരിൽ നിന്ന് 18 ഏക്കറും ഉൾപ്പെടെ 78 ഏക്കറോളം ഭൂമി പാട്ടത്തിനെടുക്കാനാണ് കമ്പനി ഉദ്ദേശിക്കുന്നത്. വലിയ കപ്പലുകൾ നിർമിക്കുന്നതിനായുള്ള അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കുന്നതിന്റെ ഭാഗമായാണ് വല്ലാർപാടത്ത് പുതിയ പദ്ധതി വരുന്നത്.

അതേസമയം, തൂത്തുക്കുടിയിലെ വി.ഒ. ചിദംബരനാർ തുറമുഖത്ത് കപ്പൽ നിർമാണത്തിനും അറ്റകുറ്റപ്പണികൾക്കുമായി പുതിയ യൂണിറ്റ് സ്ഥാപിക്കുന്നതും പരിഗണനയിലുണ്ട്. ഇതിനായി പ്രാഥമികമായി 1,500 കോടി മുതൽ 2,000 കോടി രൂപ വരെ നിക്ഷേപം പ്രതീക്ഷിക്കുന്നു. വിശദമായ പദ്ധതിരേഖ തയ്യാറാക്കിയ ശേഷമായിരിക്കും അന്തിമ നിക്ഷേപത്തുക വ്യക്തമാകുക.

നിലവിൽ കൊച്ചിൻ ഷിപ്പ്‌യാർഡിന്റെ ഓർഡർ ബുക്ക് ഏകദേശം 22,300 കോടി രൂപയാണ്. ഇന്ത്യൻ നാവികസേനയ്ക്കായി അഞ്ച് നെക്സ്റ്റ് ജനറേഷൻ സർവേ വെസലുകൾ നിർമിക്കുന്നതിനുള്ള ഏകദേശം 5,000 കോടി രൂപയുടെ കരാറിലും കമ്പനി ഏറ്റവും കുറഞ്ഞ നിരക്ക് ക്വോട്ട് ചെയ്തിട്ടുണ്ട്. ഔദ്യോഗിക കരാർ ഒപ്പിട്ടാൽ ഓർഡർ ബുക്ക് ഏകദേശം 27,300 കോടി രൂപയിലെത്തുമെന്നാണ് കമ്പനിയുടെ വിലയിരുത്തൽ.

ഈ പദ്ധതികൾ നടപ്പിലാകുന്നതോടെ ഇന്ത്യയുടെ കപ്പൽ നിർമാണ ശേഷി വർധിപ്പിക്കാനും ആഗോള വിപണിയിലെ സാന്നിധ്യം ശക്തിപ്പെടുത്താനും കൊച്ചിൻ ഷിപ്പ്‌യാർഡിന് സാധിക്കുമെന്നാണ് പ്രതീക്ഷ.

അതേസമയം കൊച്ചിൻ ഷിപ്പ്യാർഡിന്റെ ഉപകമ്പനിയായ ഹൂഗ്ലി കൊച്ചിൻ ഷിപ്പ്‌യാർഡിനും പുതിയ കപ്പൽ നിർമാണ കരാർ ലഭിച്ചു. ഹെറിറ്റേജ് റിവർ ജേർണീസ് പ്രൈവറ്റ് ലിമിറ്റഡിൽ നിന്നാണ് രണ്ട് ലക്ഷ്വറി റിവർ ക്രൂസ് വെസലുകളുടെ നിർമാണത്തിനായുള്ള ഓർഡർ ലഭിച്ചിരിക്കുന്നത്. മുൻപ് 2025 ജൂണിൽ ഹെറിറ്റേജ് റിവർ ജേർണീസ് നൽകിയ ഓർഡറിനെ തുടർന്നാണ് വീണ്ടും പുതിയ വെസലുകൾ നിർമ്മിക്കാനുള്ള കരാർ ഇപ്പോൾ ലഭിച്ചിരിക്കുന്നത്.

പുതിയ കരാർ പ്രകാരമുള്ള വെസലുകൾ യഥാക്രമം 2029 ജൂണിലും 2030 ജൂണിലും കൈമാറുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഏകദേശം 100 കോടിയ്ക്കും 250 കോടിയ്ക്കും ഇടയിലായിരകിക്കും കരാർ തുക എന്നാണ് റിപോർട്ടുകൾ സൂചിപ്പിക്കുന്നത്.

Content Highlights:Cochin Shipyard Announces ₹6,000 Crore Mega Expansion Plan, Set to Boost Shipbuilding Capacity at Vallarpadam and Thoothukudi

dot image
To advertise here,contact us
dot image