

ന്യൂഡല്‍ഹി: മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിനും കേന്ദ്രസര്‍ക്കാരിനുമെതിരെ ആഞ്ഞടിച്ച് ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടുള്ള പ്രതിഷേധത്തെ അടിച്ചമര്‍ത്തുന്ന പൊലീസ് നടപടിയെ രൂക്ഷ ഭാഷയില്‍ രാഹുല്‍ വിമര്‍ശിച്ചു. മോദി സര്‍ക്കാര്‍ ഗ്യാനേഷ് കുമാറിന് സംരക്ഷണം ഒരുക്കുകയാണെന്നും വലിയ അബദ്ധമാണ് സര്‍ക്കാര്‍ കാണിക്കുന്നതെന്നും രാഹുല്‍ ഗാന്ധി കടന്നാക്രമിച്ചു. ഇന്ത്യന്‍ ജനാധിപത്യവും തിഞ്ഞെടുപ്പ് നീതിയും കൊലചെയ്യപ്പെടുന്നതില്‍ കടുത്ത ആശങ്ക പ്രകടിപ്പിച്ചുകൊണ്ട് കോണ്‍ഗ്രസ് പ്രസിഡന്റും താനും ചീഫ് ജസ്റ്റിസിന് കത്തെഴുതിയിരുന്നുവെന്നും ഹര്‍ജി ഫയല്‍ ചെയ്യാനാണ് മറുപടി ലഭിച്ചത്. അതിന്റെ അടിസ്ഥാനത്തില്‍ ഇന്ന് താനടങ്ങുന്ന ഇന്‍ഡ്യ സഖ്യ നേതാക്കള്‍ സുപ്രീംകോടതിയില്‍ ഹര്‍ജി ഫയല്‍ ചെയ്യും എന്നും രാഹുല്‍ വ്യക്തമാക്കി. സ്ത്രീകളെയും കുട്ടികളെയും ആര്‍എസ്എസ് ഗുണ്ടകള്‍ മര്‍ദ്ദിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പ്രദര്‍ശിപ്പിച്ചായിരുന്നു വാര്‍ത്താസമ്മേളനം.
ഇന്‍ഡ്യ ബ്ലോക്ക് സുപ്രീം കോടതിയിലേക്ക് മാര്‍ച്ച് തീരുമാനിക്കുമ്പോള്‍ എന്തിനാണ് ഇത്രയും സുരക്ഷ ഒരുക്കിയതെന്നും രാഹുല്‍ ചോദിച്ചു. മോദിക്കും ഷായ്ക്കും ഗ്യാനേഷ് കുമാറിനുമെതിരായ പൊതുജനങ്ങളുടെ വികാരമാണ് ഇപ്പോള്‍ ഉയര്‍ന്നത്. എന്തിനാണ് 30,000 സുരക്ഷാ ഉദ്യോഗസ്ഥരെ റോഡില്‍ നിര്‍ത്തിയിരിക്കുന്നത്. നഗരത്തിലുടനീളം വിന്യസിച്ചിരിക്കുന്ന ഡസന്‍ കണക്കിന് ബസുകള്‍, കലാപ വിരുദ്ധ വാഹനങ്ങള്‍, ജലപീരങ്കികള്‍ എന്നിവ ചൂണ്ടിക്കാട്ടിയായിരുന്നു രാഹുലിന്റെ ചോദ്യം. എന്തിനാണ് ഡല്‍ഹിയെ ജയിലില്‍ അടച്ചതെന്നും ബസും ട്രെയിനും തടഞ്ഞ് നഗരത്തിലേക്ക് പ്രവേശിക്കുന്നതില്‍ നിന്നും ജനങ്ങളെ വിലക്കി ഡല്‍ഹിയെ ഒരു കോട്ട പോലെയാക്കിയെന്നും രാഹുല്‍ ഗാന്ധി വിമര്‍ശിച്ചു.
'ഞങ്ങള്‍ ചെയ്യുന്നത് ശരിയാണെന്നും അത് തുടരുക എന്നുമാണ് 50 ശതമാനം പൊലീസ് ഉദ്യോഗസ്ഥരും പറയുന്നത്. പൊലീസ്, ഐടിബിപി, സിആര്‍പിഎഫ്, ഇന്ത്യയിലെ ജനങ്ങള്‍ എന്നിവര്‍ ഒരു വശത്തും നരേന്ദ്ര മോദി, അമിത് ഷാ, അജിത് ഡോവല്‍, ഗ്യാനേഷ് കുമാര്‍, വോട്ട് ചോരിക്ക് സൗകര്യമൊരുക്കി രാജ്യത്തെ ഹൈജാക്ക് ചെയ്യുന്ന തിരഞ്ഞെടുപ്പ് കമ്മീഷനിലെ നാലോ അഞ്ചോ അംഗങ്ങള്‍ എന്നിവര്‍ മറുവശത്തും ഉണ്ട്. ഈ വിഭജനം കൂടി വരികയാണ്. മോദി ഗ്യാനേഷ് കുമാറിന് എത്രത്തോളം സംരക്ഷണം ഒരുക്കുന്നുവെന്നാണ് ഞങ്ങള്‍ക്ക് രാജ്യത്തെ കാണിക്കേണ്ടത്. 30,000 പൊലീസ് ഉദ്യോഗസ്ഥരെ വിന്യസിക്കുന്നതിലൂടെ കേന്ദ്രം വലിയ അബദ്ധമാണ് കാണിക്കുന്നത്. ഗ്യാനേഷിനെ മോദി എത്രത്തോളം സംരക്ഷിക്കുന്നോ അത്രത്തോളം ഞങ്ങള്‍ അദ്ദേഹത്തെ സംരക്ഷിക്കുന്നവരിലേക്ക് എത്തും', രാഹുല്‍ ഗാന്ധി പറഞ്ഞു.
ഭരണഘടന ഉയര്‍ത്തിപ്പിടിക്കുന്നതുവരെ, മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷന്‍ രാജിവെയ്ക്കുന്നതുവരെ തെരഞ്ഞെടുപ്പ് സംവിധാനം പുനഃക്രമീകരിക്കുന്നതുവരെ നമുക്ക് നീതി ലഭിക്കുന്നതുവരെ രാജ്യത്തെ യുവത പിന്മാറില്ലെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. 'ഗ്യാനേഷ് കുമാര്‍…നിങ്ങളുടെ ഉറക്കം നഷ്ടപ്പെട്ടു. നിങ്ങളുടെ ഭൂതകാലത്തെക്കുറിച്ചും അഴിമതിയെക്കുറിച്ച് ഞങ്ങള്‍ക്ക് അറിയാം. വെറുതെ വിടില്ല. കാത്തിരിക്കുകയാണ്. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റ്, സിബിഐ, വിദേശകാര്യ മന്ത്രാലയം എന്നിയിലേത് അടക്കം കേന്ദ്ര സര്‍ക്കാരിലെ 200ഓളം ഉദ്യോഗസ്ഥര്‍ ഞങ്ങളുമായി ബന്ധപ്പെട്ട് വിവരം കൈമാറുന്നുണ്ടെന്നാണ് എനിക്ക് മോദിയോട് പറയാനുള്ളത്', എന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. ഇന്‍ഡ്യ സഖ്യ നേതാക്കള്‍ ഇന്ന് സുപ്രീംകോടതിയിലേക്ക് മാര്‍ച്ച് നടത്താനിരിക്കെയാണ് രാഹുല്‍ ഗാന്ധിയുടെ വാര്‍ത്താസമ്മേളനം.
Content Highlights: Lok Sabha Opposition Leader Rahul Gandhi strongly criticised Chief Election Commissioner Gyanesh Kumar and the Central Government