'ഗ്യാനേഷ് കുമാർ മോദിയുടെ കളിപ്പാവ'; കോൺഗ്രസ് പ്രവർത്തക സമിതി യോഗത്തിൽ വിമർശനവുമായി മല്ലികാർജുൻ ഖർഗെ

ജനാധിപത്യവും ഭരണഘടനയും സംരക്ഷിക്കാനുള്ള ഉത്തരവാദിത്തം കോണ്‍ഗ്രസിനാണെന്നും ഖര്‍ഗെ

'ഗ്യാനേഷ് കുമാർ മോദിയുടെ കളിപ്പാവ'; കോൺഗ്രസ് പ്രവർത്തക സമിതി യോഗത്തിൽ വിമർശനവുമായി മല്ലികാർജുൻ ഖർഗെ
dot image

ന്യൂഡൽഹി: മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാര്‍ മോദിയുടെ കളിപ്പാവയെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെ. കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി യോഗത്തിനിടയിലാണ് ഖര്‍ഗെ മോദിക്കെതിരെ വിമര്‍ശനം ഉന്നയിച്ചത്. ജനാധിപത്യവും ഭരണഘടനയും സംരക്ഷിക്കാനുള്ള ഉത്തരവാദിത്തം കോണ്‍ഗ്രസിനാണെന്നും ഖര്‍ഗെ പറഞ്ഞു. മോദി ഫോം ആറില്‍ മാറ്റം വരുത്തി ജെന്‍സികളെ ഒഴിവാക്കാന്‍ ശ്രമിച്ചെന്നും ഖാര്‍ഗെ ആരോപിച്ചു.

ഇന്ന് നടന്ന കോണ്‍ഗ്രസ് യോഗം വളരെ പ്രധാനപ്പെട്ടതാണെന്ന് പറഞ്ഞ ഖര്‍ഗെ ബ്രിട്ടീഷ് രാജിനെപ്പോലെ, ഇന്ത്യയുടെ ജനാധിപത്യത്തെയും ഭരണഘടനയെയും സംരക്ഷിക്കാനുള്ള ചരിത്രപരമായ ഉത്തരവാദിത്തം കോണ്‍ഗ്രസ് ഒരിക്കല്‍ കൂടി ഏറ്റെടുക്കുകയാണെന്ന് പ്രഖ്യാപിച്ചു. 'ബ്രിട്ടീഷുകാരില്‍ നിന്ന് വോട്ടവകാശം പിടിച്ചെടുത്ത നമ്മള്‍, ഇന്ന് ആ അവകാശം സംരക്ഷിക്കാന്‍ വീണ്ടും പോരാടേണ്ടതുണ്ടെ'ന്നാണ് ഖർഗെ പറഞ്ഞത്.

'നമ്മുടെ പൂര്‍വ്വികര്‍ ത്യാഗങ്ങളാലും രക്തസാക്ഷിത്വങ്ങളാലും നേടിയ ജനാധിപത്യത്തിന്റെ ശക്തമായ അടിത്തറയെ 12 വര്‍ഷമായി മോദി സര്‍ക്കാര്‍ ഗൂഢാലോചനയിലൂടെ ആസൂത്രിതമായി നശിപ്പിച്ചു. അവര്‍ വോട്ടര്‍ പട്ടികയില്‍ നിന്ന് ആളുകളുടെ പേരുകള്‍ നീക്കം ചെയ്തു. മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ മോദി സര്‍ക്കാരിന്റെ കളിപ്പാവയായി മാറി. ഇത് ഇന്ത്യന്‍ ജനാധിപത്യത്തിന് വിരുദ്ധമാണ്. അര്‍ഹതയുള്ള ഓരോ പൗരന്റെയും വോട്ട് സുരക്ഷിതമായിരിക്കണം. എന്നാല്‍ ഇവിടെ സംരക്ഷകന്‍ വേട്ടക്കാരനായി മാറിയിരിക്കുന്നു. ഭരണഘടന പൂര്‍ണ്ണ അധികാരം നല്‍കിയ, ജനങ്ങളുടെ വോട്ടുകളുടെ സംരക്ഷകനാക്കിയ ആള്‍ തന്നെ വോട്ടുകള്‍ കൊള്ളയടിക്കുന്നവനായി മാറിയിരിക്കുന്നു. സ്വന്തം സഹപ്രവര്‍ത്തകര്‍ പോലും വിശ്വസിക്കാത്ത ഒരാളെ എങ്ങനെയാണ് രാജ്യത്തിന് വിശ്വസിക്കാന്‍ കഴിയുക?', ഖര്‍ഗെ എക്‌സ് പോസ്റ്റില്‍ ചോദിച്ചു.

അതേസമയം രാജ്യത്ത് തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ പ്രതിഷേധം ശക്തമായിരിക്കുകയാണ്. ഗ്യാനേഷ് കുമാര്‍ സ്വയം രാജി വെക്കണമെന്ന് യോഗേന്ദ്ര യാദവ് റിപ്പോര്‍ട്ടറിനോട് പറഞ്ഞു. എസ്ഐആര്‍ സോഫ്ട്‌വെയറിലെ പരിമിതികള്‍ അറിയിച്ച് മഹാരാഷ്ട്രയിലെ മുഖ്യ തെരെഞ്ഞെടുപ്പ് ഓഫീസര്‍ തെരെഞ്ഞെടുപ്പ് കമ്മീഷന് കത്തുനല്‍കി. വോട്ടര്‍പട്ടികയിലെ കടും വെട്ടിന് പിന്നില്‍ വന്‍ ഗൂഢാലോചന നടന്നുവെന്നാണ് കോണ്‍ഗ്രസ് ആരോപണം. പ്രതിഷേധ പരിപാടികള്‍ ആലോചിക്കാന്‍ ചേര്‍ന്ന കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി യോഗം ഡൽഹിയില്‍ പുരോഗമിക്കുകയാണ്. ഗ്യാനേഷ് കുമാറിനെതിരെ സുപ്രീംകോടതിയെ സമീപിക്കുന്നതും, ഇംപീച്ച്മെന്റ് നോട്ടീസിലെ തുടര്‍ നടപടികളും യോഗം ചര്‍ച്ച ചെയ്യും. അതേസമയം, ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഇടതു പാര്‍ട്ടികള്‍ തെരെഞ്ഞെടുപ്പ് കമ്മീഷന്‍ ആസ്ഥാനത്തേക്ക് ഉടന്‍ മാര്‍ച്ച് നടത്തും. സിപിഐഎം, സിപിഐ തുടങ്ങി അഞ്ച് ഇടത് പാര്‍ട്ടികളാണ് മാര്‍ച്ച് നടത്തുന്നത്.

Content Highlights: Congress president Mallikarjun Kharge criticised Chief Election Commissioner Gyanesh Kumar during the Congress Working Committee meeting.

dot image
To advertise here,contact us
dot image