

തമിഴ് സിനിമയിലെ ഈ വർഷത്തെ ഏറ്റവും വലിയ പരാജയമായി മാറിയ സർദാർ 2 ഒടിടിയിലേക്ക്. 120 കോടിയിലേറെ ചെലവഴിച്ച് ഒരുക്കിയ ചിത്രം 21 കോടിയാണ് ആകെ നേടിയത്. കാര്‍ത്തിയുടെ കരിയറിലെ ഏറ്റവും വലിയ പരാജയങ്ങളിലൊന്നായി സര്‍ദാര്‍ 2 മാറിക്കഴിഞ്ഞു. തുടര്‍ച്ചയായ മൂന്നാമത്തെ പരാജയ ചിത്രമാണ് സര്‍ദാര്‍ 2വിലുടെ കാര്‍ത്തിക്ക് ലഭിച്ചത്. ഇപ്പോഴിതാ ചിത്രത്തിന്റെ ഒ.ടി.ടി റിലീസ് തിയതിയും പ്രഖ്യാപിച്ചിരിക്കുകയാണ്.
ഒക്ടോബര്‍ ഒന്നിന് ആമസോണ്‍ പ്രൈമിലൂടെ ചിത്രം സ്ട്രീമിങ് ആരംഭിക്കുമെന്നാണ് അറിയിച്ചത്. റിലീസ് ചെയ്ത് 21ാം ദിവസമാണ് ചിത്രം ഒടിടിയിലെത്തുന്നത്. കാര്‍ത്തിയുടെ മുന്‍ ചിത്രമായ വാ വാത്തിയാറിന്റെ ഒടിടി റിലീസും ഇതുപോലെ വേഗത്തിലായിരുന്നു. ഈ വര്‍ഷം ജനുവരി 14ന് തിയേറ്ററുകളിലെത്തിയ ചിത്രം ജനുവരി 28ന് ഒടിടിയിലെത്തിയിരുന്നു. കാര്‍ത്തിയെ നായകനാക്കി പി എസ് മിത്രന്‍ സംവിധാനം ചെയ്ത ചിത്രം 2023ല്‍ തിയേറ്ററുകളിലെത്തിയ സര്‍ദാറിന് മൂന്ന് വര്‍ഷത്തിനിപ്പുറം ഒരുങ്ങിയ സീക്വല്‍ ആയിട്ടാണ് പുറത്തിറങ്ങിയത്.
ആദ്യ ഭാഗത്തിന് സംഗീതം പകര്‍ന്നത് ജി വി പ്രകാശ് കുമാര്‍ ആയിരുന്നെങ്കില്‍ സീക്വലിന്‍റെ സംഗീത സംവിധായകന്‍ സാം സി എസ് ആണ്. പ്രൊഡക്ഷന്‍ ഡിസൈന്‍ രാജീവന്‍ നമ്പ്യാര്‍, കലാസംവിധാനം എംഎസ്പി മാധവന്‍, എ പി പാല്‍പാണ്ടി. ജോര്‍ജ് സി വില്യംസ് ആണ് ഛായാഗ്രാഹകന്‍. വിജയ് വേലുക്കുട്ടിയാണ് എഡിറ്റര്‍. പ്രിന്‍സ് പിക്ചേഴ്സിന്‍റെ ബാനറില്‍ എസ് ലക്ഷ്മണ്‍ കുമാറും ഐവി എന്‍റര്‍ടെയ്ന്‍മെന്‍റിന്‍റെ ബാനറില്‍ ഇഷാന്‍ സക്സേനയും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.
Content Highlights: karthi starrer sardar 2 to release in ott platform