

ഏഷ്യന്‍ ഗെയിംസ് വനിതകളുടെ വ്യക്തിഗത ട്രാപ്പ് ഇനത്തില്‍ മികച്ച പ്രകടനം പുറത്തെടുത്ത് ഇന്ത്യന്‍ ഷൂട്ടര്‍ നീരു ദണ്ഡ സ്വര്‍ണം നേടി. ക്വാളിഫിക്കേഷനിലും ഫൈനലിലും ഒന്നാമതെത്തി ഐച്ചി-നാഗോയ ഗെയിംസില്‍ ഇന്ത്യയുടെ അഞ്ചാം സ്വര്‍ണമെഡലാണ് നീരു ദണ്ഡ സ്വന്തമാക്കിയത്.
നേരത്തെ വനിതകളുടെ ട്രാപ്പ് ടീം ഇനത്തില്‍ ഇന്ത്യയെ വെള്ളി മെഡല്‍ നേടാന്‍ സഹായിച്ച നീരു ദണ്ഡ, കനത്ത മഴ പെയ്ത പ്രതികൂല കാലാവസ്ഥയിലും ആത്മവിശ്വാസം കൈവിടാതെ പൊരുതിയാണ് എട്ട് ഷൂട്ടര്‍മാര്‍ മത്സരിച്ച ഫൈനലില്‍ ഒന്നാമതെത്തിയത്. ഫൈനലില്‍ 26 സ്‌കോര്‍ ചെയ്താണ് താരം ഒന്നാമതെത്തിയത്. ചൈനയുടെ സുന്‍ യുനോംഗ്, കുവൈറ്റിന്റെ ഹജാര്‍ അബ്ദുല്‍മാലിക് എന്നിവര്‍ 21 പോയിന്റുകള്‍ വീതം നേടി തൊട്ടുപിന്നിലെത്തിയപ്പോള്‍ ഖത്തറിന്റെ റേ ബാസില്‍ 16 പോയിന്റോടെ നാലാം സ്ഥാനം നേടി. മത്സരത്തിലുടനീളം കൃത്യതയാര്‍ന്ന ലക്ഷ്യത്തോടെ മുന്നേറിയ ഹരിയാനയില്‍ നിന്നുള്ള ഈ 26 കാരി താരം, ഏഷ്യന്‍ ഗെയിംസ് വനിതാ വ്യക്തിഗത ട്രാപ്പ് ഇനത്തില്‍ സ്വര്‍ണ്ണം നേടുന്ന ആദ്യ ഇന്ത്യന്‍ വനിതാ ഷൂട്ടര്‍ എന്ന ചരിത്രനേട്ടവും ഇതോടെ സ്വന്തമാക്കി.
ഏഷ്യന്‍ ഗെയിംസ് വനിതകളുടെ ട്രാപ്പ് ടീം ഷൂട്ടിംഗ് ഇനത്തില്‍ നീരു, ആഷിമ അഹ്ലാവത്, മനീഷ കീര്‍ എന്നിവരടങ്ങിയ ഇന്ത്യന്‍ സംഘം വെള്ളി മെഡല്‍ കരസ്ഥമാക്കി. ചൊവ്വാഴ്ച ജപ്പാനില്‍ നടന്ന മത്സരത്തില്‍ ആകെ 328 പോയിന്റുകള്‍ നേടിയാണ് ഇന്ത്യന്‍ ത്രിമൂര്‍ത്തികള്‍ വെള്ളി മെഡല്‍ ഉറപ്പിച്ചത്. 325 പോയിന്റോടെ വെങ്കല മെഡല്‍ നേടിയ കുവൈറ്റിനേക്കാള്‍ മൂന്ന് പോയിന്റ് മുന്നിലെത്താന്‍ ഇന്ത്യക്കായി. 346 പോയിന്റുകള്‍ നേടിയ ചൈനയ്ക്കാണ് ഈ ഇനത്തില്‍ സ്വര്‍ണം. ഇന്ത്യന്‍ സംഘത്തില്‍ വ്യക്തിഗതമായി ഏറ്റവും മികച്ച പ്രകടനം കാഴ്ചവെച്ചത് നീരുവാണ്. സാധ്യമായ 125-ല്‍ 118 പോയിന്റുകള്‍ നേടി നീരു തിളങ്ങിയപ്പോള്‍ ആഷിമ 106 പോയിന്റും മനീഷ കീര്‍ 104 പോയിന്റും സംഭാവന ചെയ്തു. നീരുവിന്റെ മിന്നുന്ന പ്രകടനമാണ് കുവൈറ്റിനെ മറികടന്ന് വെള്ളി മെഡല്‍ നേടാന്‍ ഇന്ത്യയെ സഹായിച്ചത്.
content highlights: Golden Glory for Neeru: Neeru Dhanda Wins Gold in Women's Trap Shooting