

2027ലെ ഹജ്ജ് സീസണിൽ വിദേശ തീർഥാടകർക്ക് ആവശ്യമായ വിവിധ സേവനങ്ങൾ ഉൾപ്പെടുത്തി സമഗ്ര പാക്കേജ് പ്രഖ്യാപിച്ച് സൗദി അറേബ്യയിലെ ഹജ്ജ്-ഉംറ മന്ത്രാലയം. തീർഥാടകർ സൗദിയിലെത്തുന്നത് മുതൽ മടങ്ങുന്നതുവരെയുള്ള പ്രധാന സേവനങ്ങൾ ഒരൊറ്റ ഇലക്ട്രോണിക് കരാറിലൂടെ ലഭ്യമാക്കുന്നതാണ് പുതിയ സംവിധാനം. ‘ഇലക്ട്രോണിക് പാത്ത്’ പ്ലാറ്റ്‌ഫോം വഴിയാണ് പാക്കേജ് ലഭ്യമാക്കുന്നത്. വിശുദ്ധ സ്ഥലങ്ങളിലെ സേവനങ്ങൾ, മക്കയിലും മദീനയിലുമുള്ള താമസ സൗകര്യങ്ങൾ, ഗതാഗതം, ഭക്ഷണ വിതരണം എന്നിവയാണ് പാക്കേജിലെ പ്രധാന നാല് സേവനങ്ങൾ.
ഇതിന് പുറമെ തീർഥാടകർക്ക് ആവശ്യാനുസരണം തിരഞ്ഞെടുക്കാവുന്ന അധിക സേവനങ്ങളും ലഭ്യമാക്കും എന്ന് അധികൃതർ പറഞ്ഞു. വിവിധ വിഭാഗങ്ങളിലുള്ള തീർഥാടകർക്ക് അനുയോജ്യമായ രീതിയിൽ ഹജ്ജ് പരിപാടികൾ തയ്യാറാക്കാൻ വിദേശ ഹജ്ജ് കാര്യ ഓഫീസുകൾക്കും ഏജൻസികൾക്കും പുതിയ സംവിധാനം സഹായകരമാകും. വ്യക്തവും കൂടുതൽ സൗകര്യപ്രദവുമായ കരാർ സംവിധാനത്തിലൂടെ വിവിധ തീർഥാടക സംഘങ്ങൾക്ക് അനുയോജ്യമായ സേവനങ്ങൾ ഒരുക്കുകയാണ് ലക്ഷ്യമെന്ന് മന്ത്രാലയം വ്യക്തമാക്കി.
1448 ഹിജ്റ വർഷത്തെ ഹജ്ജ് സീസണിനായുള്ള നേരത്തെയുള്ള ഒരുക്കങ്ങളുടെ ഭാഗമായാണ് പുതിയ പാക്കേജ് പ്രഖ്യാപിച്ചത്. സൗദി വിഷൻ 2030ന്റെയയും പിൽഗ്രിം എക്സ്പീരിയൻസ് പ്രോഗ്രാമിന്റെയും ലക്ഷ്യങ്ങൾക്കനുസൃതമായാണ് നടപടികൾ മുന്നോട്ട് കൊണ്ടുപോകുന്നതെന്നും മന്ത്രാലയം അറിയിച്ചു.
Content Highlights: Saudi Arabia has launched a comprehensive 2027 Hajj package for foreign pilgrims covering holy sites, accommodation, transportation and catering through one electronic contract.