

ന്യൂഡൽഹി: ഡല്‍ഹിയില്‍ കെട്ടിടം തകര്‍ന്നുണ്ടായ അപകടത്തില്‍ പ്രതികരിച്ച് ലോക്‌സഭ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. ഓരോ വിദ്യാര്‍ത്ഥിയുടെയും ജീവന്‍ വിലപ്പെട്ടതാണെന്നും എന്തുവിലകൊടുത്തും അത് സംരക്ഷിക്കപ്പെടണമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. കോളേജുകളിലും സര്‍വകലാശാലകളിലും നല്ല ഹോസ്റ്റലുകളുടെ അഭാവം കാരണം വിദ്യാര്‍ത്ഥികള്‍ പിജികളില്‍, 40 പേരടങ്ങുന്ന ഗ്രൂപ്പുകളായി താമസിക്കുന്നു. മനുഷ്യത്വരഹിതമായ സാഹചര്യങ്ങളില്‍ താമസിക്കാന്‍ വിദ്യാര്‍ത്ഥികള്‍ നിര്‍ബന്ധിതരാകുന്നുവെന്നും രാഹുല്‍ ഗാന്ധി കൂട്ടിച്ചേര്‍ത്തു.
ഇന്ന് ഉച്ചക്ക് 1.30 ഓടെയായിരുന്നു തെക്കുപടിഞ്ഞാറന്‍ ഡല്‍ഹിയിലെ സത്യ നികേതന് സമീപം കെട്ടിടം തകര്‍ന്ന് വീണ് അപകടമുണ്ടായത്. ഗുരുഗ്രാം സ്വദേശി ആനന്ദ് ബന്‍സല്‍ എന്നയാളുടെ ഉടമസ്ഥതതയിലുള്ള പുരുഷ വിദ്യാര്‍ത്ഥികള്‍ക്ക് പേയിംഗ് ഗസ്റ്റ് സൗകര്യം നല്‍കുന്ന ഹോസ്റ്റല്‍ ഡേസ് എന്ന കെട്ടിടമാണ് തകര്‍ന്ന് വീണത്. ഞായറാഴ്ച ആയതിനാല്‍ ഭൂരിഭാഗം പേരും കെട്ടിടത്തില്‍ തന്നെ ഉണ്ടായിരുന്നുവെന്ന് പ്രദേശവാസികള്‍ പറഞ്ഞു. സംഭവം നടന്ന ഉടന്‍ ഫയര്‍ഫോഴ്‌സ് സംഘം സ്ഥലത്തെത്തി. സ്ഥലത്ത് രക്ഷാപ്രവര്‍ത്തനം തുടരുകയാണ്.
മുന്‍കരുതലിന്റെ ഭാഗമായി സമീപത്തെ ഒരു കെട്ടിടം ഒഴിപ്പിച്ചതായി ഡല്‍ഹി മുഖ്യമന്ത്രി രേഖ ഗുപ്ത പറഞ്ഞു. ഡല്‍ഹി ദുരന്ത നിവാരണ അതോറിറ്റി (ഡിഡിഎംഎ), ദേശീയ ദുരന്ത പ്രതികരണ സേന (എന്‍ഡിആര്‍എഫ്), സെന്‍ട്രലൈസ്ഡ് ആക്‌സിഡന്റ് ആന്‍ഡ് ട്രോമാ സര്‍വീസസ് (സിഎടിഎസ്), സിവില്‍ ഡിഫന്‍സ്, ഡല്‍ഹി മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ അധികൃതര്‍ അടക്കം യുദ്ധകാലാടിസ്ഥാനത്തിലാണ് രക്ഷാപ്രവര്‍ത്തനം നടത്തുന്നതെന്നും രേഖ ഗുപ്ത പറഞ്ഞു. അപകടത്തില്‍ സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി ഡല്‍ഹി മുന്‍ മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ രംഗത്തെത്തി. സര്‍ക്കാര്‍ ഉറക്കം ഉണരണമെന്ന് കെജ്‌രിവാള്‍ പറഞ്ഞു.
Content Highlight : Rahul Gandhi responded to the Delhi accident, emphasizing that every student's life is valuable and that student safety must be protected