

ഡെറാഡൂണ്‍: ഹല്‍ദ്വാനിയിലെ ശുദ്ധീകരണ വിവാദത്തില്‍ രാഹുല്‍ ഗാന്ധിക്ക് എതിരെ കേസ് എടുത്ത് ഉത്തരാഖണ്ഡ് പൊലീസ്. വാല്‍മീകി സമുദായത്തില്‍പ്പെട്ട അമിത് കുമാര്‍ നല്‍കിയ പരാതിയില്‍ ആണ് കേസെടുത്തിരിക്കുന്നത്. മതപരമായ ചടങ്ങിന് രാഹുല്‍ ഗാന്ധി ജാതീയമായ വ്യാഖ്യാനം നല്‍കിയെന്ന് ആരോപിച്ചാണ് കേസ്. ബിഎന്‍എസ് ലെ 196, 299 എസ്‌സി/എസ്ടി നിയമത്തിലെ 3 (1) (ക്യു) എന്നീ വകുപ്പുകള്‍ പ്രകാരമാണ് കേസ്. ഖര്‍ഗെ പങ്കെടുത്ത വേദിയില്‍ ശുദ്ധീകരണം നടത്തിയവര്‍ക്ക് എതിരെ കേസ് എടുക്കാന്‍ പ്രധാനമന്ത്രിയോട് രാഹുല്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇതില്‍ കോണ്‍ഗ്രസ് നല്‍കിയ പരാതിയില്‍ ഇതുവരെ കോസ് എടുത്തിട്ടില്ല.
ഹല്‍ദ്വാനിയിലെ സ്ഥലവും പരിസരവും വൃത്തിയാക്കുന്നതിലും അനുഷ്ഠാനം നടത്തുന്നതിലും പട്ടികജാതി വിഭാഗത്തില്‍പ്പെട്ടവര്‍ നേരിട്ട് പങ്കെടുത്തതായാണ് പരാതിക്കാരന്‍ വ്യക്തമാക്കിയിരിക്കുന്നത്. വസ്തുതകള്‍ മുന്‍കൂട്ടി പരിശോധിക്കാതെ ഈ സംഭവത്തെ 'അയിത്തം' എന്ന വിവേചനപരമായ പ്രവൃത്തിയായി ചിത്രീകരിച്ചതിലൂടെ, അതില്‍ പങ്കെടുത്ത പട്ടികജാതി വിഭാഗക്കാരെ ജാതിവിവേചനം നടത്തുന്നവരായി തെറ്റായി വ്യാഖ്യാനിക്കുന്നതാണ് രാഹുല്‍ ഗാന്ധിയുടെ പരാമര്‍ശങ്ങള്‍ എന്നാണ് പരാതിക്കാരൻ്റെ ആരോപണം.
ഈ പ്രസ്താവനകള്‍ വിവിധ സാമൂഹിക വിഭാഗങ്ങള്‍ക്കിടയില്‍ ശത്രുതയും വിദ്വേഷവും വളര്‍ത്തുന്നതിനും, അതുവഴി ഇതില്‍ ഉള്‍പ്പെട്ടവരുടെ വ്യക്തിപരമായ അന്തസ്സിനെയും സമാധാനത്തെയും സുരക്ഷയെയും ഗുരുതരമായി ബാധിക്കുന്നതിനും കാരണമായെന്നുമാണ് പരാതിക്കാരന്റെ വാദം. അതേസമയം, ജാതിപരമായ ലക്ഷ്യങ്ങളൊന്നും ഈ അനുഷ്ഠാനത്തിന് ഉണ്ടായിരുന്നില്ലെന്നും, പൊതുസ്ഥലത്തിന്റെ പരിശുദ്ധി വീണ്ടെടുക്കുക എന്ന ലക്ഷ്യത്തോടെ മാത്രമാണ് അത് നടത്തിയതെന്നുമായിരുന്നു 'ശ്രീരാമസേന' നല്‍കുന്ന വിശദീകരണം.
ഹല്‍ദ്വാനിയില്‍ ഓഗസ്റ്റ് 8-ന് നടന്ന കോണ്‍ഗ്രസ് റാലിക്കുശേഷം അധ്യക്ഷന്‍ ഖര്‍ഗെ സംസാരിച്ച വേദിയില്‍ 'ശ്രീരാമസേന' എന്ന ഹിന്ദുത്വ സംഘടന നടത്തിയ 'ശുദ്ധീകരണ യജ്ഞം' (ശുദ്ധീകരണ ചടങ്ങ്) ദളിത് വിരുദ്ധമാണെന്നായിരുന്നു രാഹുല്‍ ഗാന്ധി വിശേഷിപ്പിച്ചിരുന്നത്. ഓഗസ്റ്റ് 8-ന് ഹല്‍ദ്വാനിയിലെ രാംലീല മൈതാനിയില്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് ഒരു രാഷ്ട്രീയ റാലി സംഘടിപ്പിച്ചിരുന്നു. കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയും മറ്റ് നേതാക്കളും ഇതില്‍ പങ്കെടുത്തിരുന്നു.
റാലിക്ക് ശേഷം ഓഗസ്റ്റ് 11-ന്, പരാതിക്കാരനായ അമിത് കുമാര്‍ ഉള്‍പ്പെടെയുള്ള പ്രാദേശിക സംഘടനാംഗങ്ങള്‍ മൈതാനം പരിശോധിച്ചു. അവിടെ മാലിന്യങ്ങളും മദ്യക്കുപ്പികളും കണ്ടെത്തിയതിനെത്തുടര്‍ന്ന്, അവര്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തുകയും ആ സാംസ്‌കാരിക കേന്ദ്രത്തിന്റെ പരിശുദ്ധി വീണ്ടെടുക്കുന്നതിനായി പരമ്പരാഗത 'ഹവന്‍ ശുദ്ധീകരണ' ചടങ്ങ് നടത്തുകയും ചെയ്തു എന്നാണ് എഫ്ഐആറിൽ ചൂണ്ടിക്കാട്ടുന്നത്. തുടര്‍ന്ന് ഓഗസ്റ്റ് 29-ന് ന്യൂഡല്‍ഹിയില്‍ നടന്ന പത്രസമ്മേളനത്തില്‍, ഈ ശുദ്ധീകരണ ചടങ്ങിനെ 'അയിത്താചരണം', 'ദളിത് വിരുദ്ധ വിവേചനം' എന്നിങ്ങനെ വിശേഷിപ്പിച്ച രാഹുല്‍ ഗാന്ധി, ഇതില്‍ പങ്കെടുത്തവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെടുകയുണ്ടായി. ഇതാണ് ഇപ്പോള്‍ രാഹുല്‍ ഗാന്ധിക്കെതിരായ പരാതിക്ക് കാരണം എന്ന ആരോപണവും ശക്തമാണ്.
Content Highlights: Uttarakhand Police have registered a case against Congress leader Rahul Gandhi over his remarks related to the Haldwani purification controversy. The case was registered on the basis of a complaint filed by Amit Kumar from the Valmiki community, who alleged that Gandhi gave a caste-based interpretation to a religious ceremony. The complaint invokes provisions of the BNS and the SC/ST Act.