ഖർഗെയ്‌ക്കെതിരായ വിവേചനം: ആർഎസ്എസ് ആസ്ഥാനത്ത് മനുസ്മൃതി കത്തിച്ച് പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ്

ഇന്ത്യന്‍ യൂത്ത് കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ ഉദയ് ഭാനു ചിബിന്റെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം

ഖർഗെയ്‌ക്കെതിരായ വിവേചനം: ആർഎസ്എസ് ആസ്ഥാനത്ത് മനുസ്മൃതി കത്തിച്ച് പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ്
dot image

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെയ്‌ക്കെതിരായ ജാതി വിവേചനത്തിൽ മനുസ്മൃതി കത്തിച്ച് പ്രതിഷേധിച്ച് യൂത്ത് കോണ്‍ഗ്രസ്. ആര്‍എസ്എസ് ഹെഡ്ക്വാര്‍ട്ടേര്‍സിന് മുന്നിലായിരുന്നു യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ പ്രതിഷേധം. ഇന്ത്യന്‍ യൂത്ത് കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ ഉദയ് ഭാനു ചിബിന്റെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം സംഘടിപ്പിച്ചത്. ഒരു കയ്യില്‍ ഭരണഘടനയുടെ പതിപ്പ് ഉയര്‍ത്തിയും മനുസ്മൃതിക്ക് എതിരായ മുദ്രാവാക്യങ്ങള്‍ വിളിച്ചുമായിരുന്നു പ്രതിഷേധം.

മനുസ്മൃതി നിരസിക്കുക എന്ന പോസ്റ്ററുകള്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഉയര്‍ത്തി. ഭരണഘടനയുടെ പ്രത്യയശാസ്ത്രവും മനുസ്മൃതിയില്‍ നിന്നുള്‍ക്കൊണ്ട ബിജെപി-ആര്‍എസ്എസിന്റെ പ്രത്യയശാസ്ത്രവും തമ്മിലുള്ള പോരാട്ടത്തിനാണ് രാജ്യം ഇന്ന് സാക്ഷ്യം വഹിക്കുന്നതെന്ന് ചിബ് പറഞ്ഞു. ഈ രാജ്യം നയിക്കപ്പെടുന്നത് ഭരണഘടന കൊണ്ടാണെന്നും മനുസ്മൃതി കൊണ്ടല്ലെന്നും ചിബ് കൂട്ടിച്ചേര്‍ത്തു. മല്ലികാര്‍ജന്‍ ഖര്‍ഗെ നേരിട്ട വിവേചനത്തെയും ചിബ് ചൂണ്ടിക്കാട്ടി. ദളിതരെയും ഭരണഘടനയെയും അപമാനിക്കുന്ന സംഭവമാണ് നടന്നതെന്നും ചിബ് പറഞ്ഞു. പിന്നാലെ ചിബിനെ പൊലീസ് അറസ്റ്റ് ചെയ്‌തെന്ന് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ആരോപിച്ചു.

അതേസമയം മല്ലികാര്‍ജുന്‍ ഖര്‍ഗെ പ്രസംഗിച്ച വേദി ശുദ്ധീകരിച്ച സംഭവത്തില്‍ എന്‍ഡിഎയില്‍ ഭിന്നത ഉയരുകയാണ്. വിഷയം ആശങ്ക ഉയര്‍ത്തുന്നതാണെന്ന് കേന്ദ്രമന്ത്രി ചിരാഗ് പസ്വാന്‍ പറഞ്ഞു. സാമൂഹ്യ സാഹചര്യങ്ങള്‍ ഇപ്പോഴും മാറുന്നില്ല എന്നത് സര്‍ക്കാരില്‍ ആശങ്ക ഉണ്ടാക്കുന്നുണ്ടെന്നും പസ്വാന്‍ പറഞ്ഞു. ശുദ്ധീകരണത്തെ ബിജെപി-ആര്‍എസ്എസ് നേതാക്കള്‍ ന്യായീകരിക്കുമ്പോഴാണ് പാസ്വാന്റെ പ്രതികരണം.

താന്‍ പ്രസംഗിച്ചവേദി ബിജെപി പ്രവര്‍ത്തകര്‍ ശുദ്ധീകരിച്ചെന്ന ഗുരുതര ആരോപണവുമായി ഇക്കഴിഞ്ഞ ഓഗസ്റ്റ് പതിമൂന്നിനായിരുന്നു ഖര്‍ഗെ രംഗത്തെത്തിയത്. രാജ്യസഭയിലായിരുന്നു ഖര്‍ഗെയുടെ പ്രതികരണം. താന്‍ ദലിതനായതുകൊണ്ടാണ് ശുദ്ധികലശം നടത്തിയതെന്നും ഇപ്പോഴും തൊട്ടുകൂടായ്മയുണ്ടെന്നും ഖര്‍ഗെ പറഞ്ഞിരുന്നു. ജനാധിപത്യ സംവിധാനത്തിന് ചേരുന്നതാണോ ഇത്തരം പ്രവൃത്തികള്‍ എന്ന് ചോദിച്ച ഖര്‍ഗെ ഇങ്ങനെയുള്ളവര്‍ എങ്ങനെ ഭരണഘടന സംരക്ഷിക്കുമെന്നും ആഞ്ഞടിച്ചിരുന്നു. സംഭവം വലിയ വിവാദങ്ങള്‍ക്ക് വഴിവെച്ചു.

Content Highlights: Youth Congress held a protest by burning Manusmriti following allegations of caste discrimination against Congress president Mallikarjun Kharge

dot image
To advertise here,contact us
dot image