സര്‍ക്കാര്‍ അഴിമതിയില്‍ മുങ്ങി നില്‍ക്കുന്നു, വിദ്യാഭ്യാസ നയങ്ങള്‍ പരാജയം;കേന്ദ്രത്തിനെതിരെ മുരളി മനോഹര്‍ ജോഷി

സമൂഹത്തിലും ഭരണനിര്‍വ്വഹണത്തിലും വ്യാപകമായിക്കൊണ്ടിരിക്കുന്ന അഴിമതിയുമായി ചോദ്യപ്പേപ്പര്‍ ചോര്‍ച്ചയെ ജോഷി ബന്ധിപ്പിക്കുന്നുണ്ട്

സര്‍ക്കാര്‍ അഴിമതിയില്‍ മുങ്ങി നില്‍ക്കുന്നു, വിദ്യാഭ്യാസ നയങ്ങള്‍ പരാജയം;കേന്ദ്രത്തിനെതിരെ മുരളി മനോഹര്‍ ജോഷി
dot image

ന്യൂഡല്‍ഹി: നരേന്ദ്ര മോദി സര്‍ക്കാരിന്റെ വിദ്യാഭ്യാസ നയങ്ങള്‍, ബജറ്റ് മുന്‍ഗണനകള്‍, പരീക്ഷാ പേപ്പര്‍ ചോര്‍ച്ച, അഴിമതി, ഇന്ത്യയുടെ വിദ്യാഭ്യാസ മേഖലയുടെ ആകെയുള്ള പ്രവർത്തനം എന്നിവയെക്കുറിച്ച് രൂക്ഷമായ ചോദ്യങ്ങളുമായി മുതിര്‍ന്ന ബിജെപി നേതാവ് മുരളി മനോഹര്‍ ജോഷി രംഗത്ത്. 'അമര്‍ ഉജാല' എന്ന ഹിന്ദി ദിനപത്രത്തിന് നല്‍കിയ ദീർഘമായ അഭിമുഖത്തിലാണ് മുന്‍ കേന്ദ്ര മാനവവിഭവശേഷി വികസന മന്ത്രിയായ അദ്ദേഹം ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്. 'ജെന്‍-സി വിഭാഗക്കാരുടെ പ്രതിഷേധങ്ങള്‍ അല്പം ശമിച്ചതിന് പിന്നാലെ 'ജെന്‍-ആല്‍ഫ' വിഭാഗക്കാര്‍ പ്രതിഷേധവുമായി രംഗത്തെത്തിയ സാഹചര്യത്തിലായിരുന്നു ഈ അഭിമുഖം.

അടല്‍ ബിഹാരി വാജ്പേയിയുടെ ഭരണകാലത്ത് പരീക്ഷാ പേപ്പര്‍ ചോര്‍ച്ചയുമായി ബന്ധപ്പെട്ട സംഭവങ്ങള്‍ ഉണ്ടാകാതിരുന്നത് എന്തുകൊണ്ടാണെന്ന് ചോദിച്ച ജോഷി നിലവിലെ സാഹചര്യത്തിന്റെ ഉത്തരവാദിത്തം വിദ്യാര്‍ത്ഥികള്‍ക്കല്ല മറിച്ച് സര്‍ക്കാരിനും വ്യവസ്ഥിതിക്കുമാണെന്നും ആരോപിച്ചു. മുന്‍ ബിജെപി അധ്യക്ഷനായ ജോഷിയെ, 2014-ല്‍ മോദി അധികാരത്തില്‍ വന്നതിന് ശേഷം പാര്‍ട്ടിയിലെ 'മാര്‍ഗ്ഗദര്‍ശക് മണ്ഡലി'ലേക്ക് (ഉപദേശക സമിതി) മാറ്റിയിരുന്നു. ഇതോടെ അദ്ദേഹം സജീവ രാഷ്ട്രീയത്തില്‍ നിന്ന് ഫലത്തില്‍ ഒഴിവാക്കപ്പെടുകയായിരുന്നു.

സമൂഹത്തിലും ഭരണനിര്‍വ്വഹണത്തിലും വ്യാപകമായിക്കൊണ്ടിരിക്കുന്ന അഴിമതിയുമായി ചോദ്യപ്പേപ്പര്‍ ചോര്‍ച്ചയെ ജോഷി അഭിമുഖത്തില്‍ ബന്ധിപ്പിക്കുന്നുണ്ട്. സര്‍ക്കാര്‍ അഴിമതിയില്‍ മുങ്ങി നില്‍ക്കുകയാണെന്നായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശം. പണവും അഴിമതിയും എല്ലാ മേഖലകളെയും സ്വാധീനിക്കുന്നത് കാണുമ്പോള്‍, ആളുകള്‍ ഇത്തരം പ്രവണതകളെ സാധാരണമായി കണ്ട് തുടങ്ങാന്‍ സാധ്യതയുണ്ടെന്ന് അദ്ദേഹം വാദിച്ചു. വിദ്യാഭ്യാസ മേഖലയ്ക്ക് വ്യക്തമായ ദീര്‍ഘകാല ലക്ഷ്യമില്ലെന്നും, വിദ്യാഭ്യാസത്തെ തൊഴിലുമായി ബന്ധിപ്പിക്കുകയും സാമ്പത്തികമായി ഉല്‍പ്പാദനക്ഷമമാക്കുകയും വേണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. മുൻസിപ്പല്‍ കോര്‍പ്പറേഷനിലും മുൻസിപ്പല്‍ ഓഫീസിലും യഥാക്രമം എം എ ബിരുദധാരിയും പിഎച്ച്ഡി ബിരുദധാരിയും താഴ്ന്ന തസ്തികകളില്‍ ജോലി ചെയ്യുന്നതുപോലുള്ള ഉദാഹരണങ്ങള്‍ അദ്ദേഹം ചൂണ്ടിക്കാട്ടി.

ബിഎഡ് ബിരുദമുണ്ടായിട്ടും കരാര്‍ അടിസ്ഥാനത്തില്‍ ശുചീകരണത്തൊഴിലാളിയായി ജോലി ചെയ്ത് 25,000 മുതല്‍ 30,000 രൂപ വരെ വരുമാനം നേടുന്ന ഒരാളെ കണ്ട കാര്യവും അദ്ദേഹം അനുസ്മരിച്ചു. ബിരുദധാരികള്‍ക്ക് ലഭ്യമായ തൊഴിലവസരങ്ങള്‍ പരിഗണിക്കാതെ പുതിയ കോളേജുകള്‍ തുടങ്ങുന്നതിലെ യുക്തിയെയും അദ്ദേഹം ചോദ്യം ചെയ്തു. സുരക്ഷിതമായ സര്‍ക്കാര്‍ ജോലി തന്നെയാണ് പലര്‍ക്കും ഇപ്പോഴും ഏറ്റവും അഭികാമ്യമായ മാര്‍ഗ്ഗമെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു. ഭാവിയിലെ തൊഴില്‍ ആവശ്യങ്ങള്‍ മുന്‍കൂട്ടി കണ്ടുകൊണ്ടുള്ള വിദ്യാഭ്യാസ നയമാണ് വേണ്ടതെന്ന് സമര്‍ത്ഥിക്കാന്‍, വിദ്യാര്‍ത്ഥികളുടെ താല്‍പ്പര്യങ്ങളിലുണ്ടായ മാറ്റങ്ങളെയും (ഫിസിക്‌സില്‍ നിന്ന് ഇലക്ട്രോണിക്‌സിലേക്കും പിന്നീട് ഇലക്ട്രോണിക് എന്‍ജിനീയറിംഗിലേക്കും മാറിയത്) അദ്ദേഹം ഉദാഹരണമായി ചൂണ്ടിക്കാട്ടി.

അധാര്‍മ്മികമായ പെരുമാറ്റത്തെ വ്യവസ്ഥിതി തന്നെ പ്രോത്സാഹിപ്പിക്കുന്നതായി കാണപ്പെടുമ്പോള്‍ വിദ്യാര്‍ത്ഥികള്‍ സത്യസന്ധരായിരിക്കുമെന്ന് പ്രതീക്ഷിക്കാനാവില്ലെന്നാണ് അഴിമതിയെക്കുറിച്ച് സംസാരിക്കവേ ജോഷി പറഞ്ഞത്. കൈക്കൂലിയിലൂടെ കരാറുകള്‍ നേടുന്നതോ അനുചിതമായ മാര്‍ഗ്ഗങ്ങളിലൂടെ അധ്യാപകര്‍ക്ക് ജോലി ലഭിക്കുന്നതോ കാണുമ്പോള്‍, സ്വന്തം വിജയത്തിനും സമാനമായ രീതികള്‍ ആവശ്യമാണെന്ന് ആളുകള്‍ക്ക് തോന്നിയേക്കാമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. മന്ത്രിമാര്‍, ഉന്നത ഉദ്യോഗസ്ഥര്‍, ജുഡീഷ്യറിയിലെ അംഗങ്ങള്‍ എന്നിവര്‍ക്കെതിരായ ആരോപണങ്ങളെ പരാമര്‍ശിച്ചുകൊണ്ട്, യുവാക്കള്‍ ഇപ്പോള്‍ പിന്തുടരുന്ന പാത സമൂഹം തന്നെയാണ് സൃഷ്ടിച്ചതെന്നും അദ്ദേഹം പറഞ്ഞു.

ബാങ്കിംഗ്, ബിസിനസ്സ്, സര്‍ക്കാര്‍ മേഖലകളിലെ അഴിമതികള്‍ വിദ്യാഭ്യാസ രംഗത്തേക്കും സമാനമായ തെറ്റായ പ്രവണതകള്‍ പടരാന്‍ കാരണമാകുന്ന അന്തരീക്ഷം സൃഷ്ടിക്കുന്നുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി. പരീക്ഷാ ചോദ്യപേപ്പര്‍ ചോര്‍ച്ചയോടുള്ള അതീവ കേന്ദ്രീകൃതമായ സമീപനത്തെയും അദ്ദേഹം വിമര്‍ശിച്ചു. ചോദ്യപേപ്പര്‍ സുരക്ഷിതമായി അച്ചടിക്കുന്നതിനും സംരക്ഷിക്കുന്നതിനുമുള്ള വിപുലമായ ക്രമീകരണങ്ങള്‍ കാണുമ്പോള്‍ പരീക്ഷ ഒരു യുദ്ധം പോലെയാണ് തോന്നുന്നതെന്നായിരുന്നു പരിഹാസരൂപേണയുള്ള അദ്ദേഹത്തിന്റെ പരാമര്‍ശം.

വിദ്യാഭ്യാസത്തിനായുള്ള ഫണ്ട് വിനിയോഗത്തില്‍ സര്‍ക്കാര്‍ സ്വീകരിച്ച മുന്‍ഗണനാക്രമത്തെയും ജോഷി ചോദ്യം ചെയ്തു. റോഡുകള്‍ക്കും റോഡ് ഗതാഗതത്തിനുമുള്ള ചെലവ് വര്‍ദ്ധിക്കുമ്പോള്‍ വിദ്യാഭ്യാസം, പ്രാഥമിക വിദ്യാഭ്യാസം, ആരോഗ്യം എന്നിവയ്ക്കുള്ള വിഹിതം കുറയുകയാണെന്ന് അദ്ദേഹം വിമര്‍ശിച്ചു. ഏതൊരു വികസന നയവും ആദ്യം അതിന്റെ മുന്‍ഗണനകള്‍ വ്യക്തമാക്കേണ്ടതുണ്ടെന്നായിരുന്നു അദ്ദേഹം ചൂണ്ടിക്കാട്ടി. റോഡുകള്‍ നിര്‍മ്മിക്കുന്നത് മാത്രം വികസനമാവില്ലെന്നും, രാജ്യത്തിന് എന്‍ജിനീയര്‍മാരും എന്‍ജിനീയറിംഗ് കോളേജുകളും അടിസ്ഥാന സൗകര്യ വികസന പദ്ധതികള്‍ക്ക് ആവശ്യമായ യന്ത്രസാമഗ്രികളും കൂടി ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.

വിവിധ സമുദായങ്ങളെയും ജാതികളെയും സംബന്ധിച്ച പാഠപുസ്തകങ്ങളിലെ വിവാദപരമായ ഉള്ളടക്കങ്ങള്‍ സുപ്രീം കോടതിയുടെ ശ്രദ്ധയില്‍പ്പെട്ടതിനെത്തുടര്‍ന്ന് വാജ്പേയി സര്‍ക്കാരിന്റെ കാലത്താണ് പുതിയ നയം രൂപീകരിക്കുന്നതിനുള്ള പ്രാഥമിക ശ്രമങ്ങള്‍ ആരംഭിച്ചതെന്നാണ് എന്‍ഇപി 2020നെ കുറിച്ച് പ്രതികരിക്കവേ ജോഷി വ്യക്തമാക്കിയത്. രാജീവ് ഗാന്ധിയുടെ കാലത്ത് രൂപീകരിച്ച വിദ്യാഭ്യാസ നയം താന്‍ പഠിച്ചിട്ടുണ്ടെന്നും, അത് തയ്യാറാക്കിയത് ആരാണ് എന്ന കാരണത്താല്‍ മാത്രം അതിനെ മാറ്റേണ്ടതില്ലെന്ന് താന്‍ വിശ്വസിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. നിലവിലുള്ള ചട്ടക്കൂടിനുള്ളില്‍ തന്നെ ആവശ്യമായ മാറ്റങ്ങള്‍ വരുത്താമായിരുന്നുവെന്നും, ഏതെങ്കിലും പ്രത്യേക വ്യവസായ, വ്യാപാര, അന്താരാഷ്ട്ര അല്ലെങ്കില്‍ യുദ്ധ നയങ്ങളുമായി ബന്ധിപ്പിക്കുന്നതിന് പകരം വിശാലമായ മാനവ വികസന ലക്ഷ്യങ്ങളാണ് വിദ്യാഭ്യാസ നയത്തിന് വേണ്ടതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. പുതിയ നയത്തിലെ പല ഘടകങ്ങളും നീതി ആയോഗില്‍ നിന്നാണ് വന്നതെന്ന് പറഞ്ഞ അദ്ദേഹം, വിദ്യാഭ്യാസ കാര്യങ്ങളില്‍ ഇടപെടാതെ തൊഴില്‍ ആവശ്യകതകള്‍ നിര്‍ണ്ണയിക്കാന്‍ സഹായിക്കുക മാത്രം ചെയ്തിരുന്ന തന്റെ കാലത്തെ ആസൂത്രണ കമ്മീഷനുമായി ഇതിനെ താരതമ്യം ചെയ്യുകയും ചെയ്തു.

സമത്വം പ്രോത്സാഹിപ്പിക്കുന്നതിനായി ഏകീകൃത സ്‌കൂള്‍ സംവിധാനം വേണമെന്ന് ജോഷി ശക്തമായി വാദിച്ചു. കുറഞ്ഞപക്ഷം സെക്കന്‍ഡറി വിദ്യാഭ്യാസം വരെയെങ്കിലും കുട്ടികള്‍ക്ക് അവരുടെ പ്രദേശത്തുള്ള സ്‌കൂളുകളില്‍ പഠിക്കാന്‍ അവസരമൊരുക്കുന്നതിനായി ആവശ്യമെങ്കില്‍ ഭരണഘടനയില്‍ ഭേദഗതി വരുത്താമെന്നും അദ്ദേഹം നിര്‍ദ്ദേശിച്ചു. ഈ ഘട്ടത്തില്‍ വിദ്യാഭ്യാസം സൗജന്യമായി ലഭ്യമാക്കേണ്ടത് അനിവാര്യമാണെന്ന് വാദിച്ച അദ്ദേഹം വിദ്യാഭ്യാസത്തെ ഒരു വാണിജ്യ സംരംഭമായി കാണുന്നതിനെതിരെ മുന്നറിയിപ്പ് നല്‍കുകയും ചെയ്തു. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ലാഭമുണ്ടാക്കാന്‍ കഴിയുമെന്ന കാര്യം അംഗീകരിക്കുമ്പോള്‍ തന്നെ, ലഭിക്കുന്ന വരുമാനം വിദ്യാഭ്യാസ മേഖലയില്‍ തന്നെ വീണ്ടും നിക്ഷേപിക്കണമെന്ന് നിര്‍ബന്ധമാക്കുന്ന നിയന്ത്രണങ്ങള്‍ ഉണ്ടാകണമെന്ന് അദ്ദേഹം പറഞ്ഞു.

ആരോഗ്യമേഖലയെക്കുറിച്ചും അദ്ദേഹം സമാനമായ വാദം ഉന്നയിച്ചു. വിദ്യാഭ്യാസത്തിനും ചികിത്സയ്ക്കും വേണ്ടിയുള്ള ജനങ്ങളുടെ ആവശ്യത്തെ ലാഭമുണ്ടാക്കാനുള്ള മാര്‍ഗ്ഗമായി കാണുന്നത് അംഗീകരിക്കാനാവില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. സര്‍ക്കാരിന്റെ 'വികസിത് ഭാരത്' എന്ന ലക്ഷ്യത്തെ പരാമര്‍ശിച്ചുകൊണ്ട്, 'വികസനം', 'വികസിതമായ അവസ്ഥ' എന്നിവ കൊണ്ട് കൃത്യമായി എന്താണ് അര്‍ത്ഥമാക്കുന്നതെന്ന് ജോഷി ചോദിച്ചു. ആധുനിക സാമ്പത്തിക മാനദണ്ഡങ്ങള്‍ പ്രകാരം അവികസിതമെന്ന് കണക്കാക്കപ്പെട്ടേക്കാവുന്ന ഗോത്രവര്‍ഗ്ഗ സമൂഹങ്ങളെയാണ് അദ്ദേഹം ഇതിനായി ഉദാഹരണമായി ചൂണ്ടിക്കാട്ടിയത്. പരിസ്ഥിതിയെ സംരക്ഷിക്കുകയും ലളിതമായ ജീവിതം നയിക്കുകയും കള്ളം പറയുകയോ മോഷണം നടത്തുകയോ ചെയ്യാതെ പ്രകൃതിയോട് ഇണങ്ങി ജീവിക്കുകയും വനങ്ങള്‍ നശിപ്പിക്കാതിരിക്കുകയും ചെയ്യുന്നവരാണ് അവരെന്നും അദ്ദേഹം വിവരിച്ചു. സമൂഹം പിന്തുടരേണ്ട മൂല്യങ്ങള്‍ വിദ്യാഭ്യാസ നയം നിര്‍വചിക്കണമെന്നും അദ്ദേഹം വ്യക്തമാക്കി.

വിദ്യാര്‍ത്ഥികളുടെ എണ്ണത്തിലുണ്ടാകുന്ന കുറവ് സര്‍ക്കാര്‍ സ്‌കൂളുകള്‍ അടച്ചുപൂട്ടുന്നതിനെ ന്യായീകരിക്കുന്നുവെന്ന വാദത്തെ ചോദ്യം ചെയ്ത ജോഷി എന്തുകൊണ്ടാണ് കുട്ടികളുടെ എണ്ണത്തില്‍ ഇത്തരമൊരു കുറവുണ്ടായതെന്ന് അന്വേഷിക്കണമെന്നും ആവശ്യപ്പെട്ടു. സ്‌കൂളുകള്‍ അടച്ചുപൂട്ടുന്നതിന് പകരം, അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്താനും അധ്യാപകരുടെയും കെട്ടിടങ്ങളുടെയും ലഭ്യത ഉറപ്പാക്കാനും അധികൃതര്‍ തയ്യാറാകണമെന്നും അദ്ദേഹം പറഞ്ഞു. ഫിസിക്‌സ് അധ്യാപകനില്ലാത്തതിനെക്കുറിച്ച് പരാതിപ്പെട്ട പെണ്‍കുട്ടികളെക്കുറിച്ചും, കെട്ടിടമോ മേല്‍ക്കൂരയോ ഇല്ലാത്ത സ്‌കൂളുകളില്‍ വിദ്യാര്‍ത്ഥികള്‍ നടത്തിയ സമീപകാല പ്രതിഷേധങ്ങളെക്കുറിച്ചും അദ്ദേഹം പരാമര്‍ശിച്ചു. ഇന്ത്യയുടെ വൈദിക-ജ്ഞാന പാരമ്പര്യങ്ങളെ പ്രോത്സാഹിപ്പിക്കുന്നതും, അതേസമയം ഉന്നത വിദ്യാഭ്യാസത്തിനായി കുടുംബങ്ങള്‍ക്ക് 50 ലക്ഷം രൂപ വരെ കണ്ടെത്തേണ്ടി വരുന്ന തരത്തില്‍ വിദ്യാഭ്യാസം അമിതച്ചെലവുള്ളതാക്കി മാറ്റുന്നതും തമ്മിലുള്ള വൈരുദ്ധ്യത്തെയും അദ്ദേഹം ചോദ്യം ചെയ്തു.

താങ്ങാനാവുന്നതിലും അധികം ചെലവുള്ള വിദ്യാഭ്യാസം സാമ്പത്തിക-സാമൂഹിക അസമത്വം വര്‍ദ്ധിപ്പിക്കുകയും, വലിയ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ആത്മഹത്യകള്‍ ഉള്‍പ്പെടെയുള്ള പ്രശ്‌നങ്ങളിലേക്ക് നയിച്ചുകൊണ്ട് വിദ്യാര്‍ത്ഥികള്‍ക്ക് മേല്‍ സമ്മര്‍ദ്ദം ചെലുത്തുകയും ചെയ്യുന്നുവെന്ന് ജോഷി അഭിപ്രായപ്പെട്ടു. വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയോ റോഡുകളുടെയോ വികസന ലക്ഷ്യങ്ങളുടെയോ എണ്ണം മാത്രം നോക്കി വിദ്യാഭ്യാസ സമ്പ്രദായത്തെ വിലയിരുത്താനാവില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രധാന വാദം. മറിച്ച്, ഗുണനിലവാരമുള്ള വിദ്യാഭ്യാസം, തൊഴിലവസരങ്ങള്‍, സമത്വം, അടിസ്ഥാന സൗകര്യങ്ങള്‍ എന്നിവ ഉറപ്പാക്കുന്നതിനൊപ്പം, യുവാക്കളുടെ തീരുമാനങ്ങളെ സ്വാധീനിക്കുന്ന സാമൂഹിക-ഭരണപരമായ സാഹചര്യങ്ങളെക്കൂടി പരിഗണിക്കാന്‍ വിദ്യാഭ്യാസ സംവിധാനത്തിന് കഴിയണം എന്നും അദ്ദേഹം പറഞ്ഞു.

Content Highlights: Senior BJP leader Murli Manohar Joshi has questioned the Narendra Modi government’s education policies, budget priorities, exam paper leaks and the broader direction of India’s education sector. In an interview with Amar Ujala, the former Union Human Resource Development Minister said responsibility for the current situation lies with the government and the system rather than students.

dot image
To advertise here,contact us
dot image