

നസ്ലിനും മമിതാ ബൈജുവും തകർത്തഭിനയിച്ച് വൻ വിജയമായ 'പ്രേമലു'വിന് ശേഷം 'പ്രേമലു 2' ഔദ്യോഗികമായി പ്രഖ്യാപിച്ചെങ്കിലും ചിത്രം ഉപേക്ഷിക്കുകയായിരുന്നു. ഏറെ പ്രതീക്ഷയോടെ തുടങ്ങിയ ആ പ്രൊജക്ട് വേണ്ടെന്ന് വെച്ചത് താൻ തന്നെയാണെന്ന് പറയുകയാണ് ഗിരീഷ് എ ഡി. പ്രതിസന്ധികൾ മറികടന്ന് തൊട്ടടുത്ത ദിവസം വേറൊരു സിനിമയുടെ സ്ക്രിപ്റ്റിലേക്ക് കടന്ന അനുഭവവും ഗിരീഷ് പങ്കുവെച്ചു. ക്ലബ്ബ് എഫ് എമ്മിന് നൽകിയ അഭിമുഖത്തിലാണ് പ്രതികരണം.
'പ്രൊഫഷണൽ ടെൻഷനുകൾ കാരണമാണ് അങ്ങനെ സംഭവിച്ചത്. പ്രൊഡ്യൂസേഴ്സും ഞങ്ങളും ആക്ടേഴ്സും ഉൾപ്പെടെ എല്ലാവരും വലിയ പ്രതീക്ഷയോടെ ഉറ്റുനോക്കിക്കൊണ്ടിരുന്ന, മികച്ച പൊട്ടൻഷ്യലുള്ള വലിയൊരു പടമായിരുന്നു അത്. പക്ഷേ, പെട്ടെന്ന് ഞാൻ തന്നെ അത് വേണ്ടെന്ന് വെക്കാൻ തീരുമാനിക്കുകയായിരുന്നു. കാരണം ആ സമയത്ത് അത് മാറ്റിവെച്ചില്ലായിരുന്നെങ്കിൽ പിന്നീട് അതിലും വലിയ പ്രതിസന്ധികളിലേക്ക് കാര്യങ്ങൾ പോയേനേ.
ആ ഘട്ടത്തിൽ നിന്നും തിരികെ വരാൻ കഴിഞ്ഞതിനെക്കുറിച്ച് ഞാനും കിരണും ഇരുന്ന് സംസാരിക്കാറുണ്ട്. ഞങ്ങൾക്ക് ഞങ്ങളെക്കുറിച്ച് തന്നെ അഭിമാനം തോന്നുന്ന ഒരു കാര്യമാണത്. കാരണം സാധാരണയായി ആരും അങ്ങനെ ചെയ്യാൻ തയ്യാറാവില്ല. വലിയൊരു സിനിമ മാറ്റിവെച്ച്, അതിന്റെ അവശിഷ്ടങ്ങളൊക്കെ അവിടെ നിൽക്കുമ്പോൾ തന്നെ അടുത്ത ദിവസം മുതൽ ഞങ്ങൾ വേറൊരു പടം ഒന്നേ എന്ന് തുടങ്ങി 'സീൻ നമ്പർ വൺ' എന്ന് എഴുതിത്തുടങ്ങി. അത് മാനസികമായി വലിയൊരു ടാസ്ക് ആണ്. ആ അവസ്ഥയിലൂടെ കടന്നുപോയവർക്ക് മാത്രമേ അത് മനസ്സിലാവൂ.
എന്നിരുന്നാലും അതിന് പിന്നീട് കിട്ടിയ റിസൾട്ട് ശരിക്കും ഒരു 'കാവ്യനീതി' തന്നെയാണ്. സിനിമയിൽ ഒരു പ്രോജക്ട് ഡ്രോപ്പ് ചെയ്യേണ്ടി വന്നാൽ അത് അവിടെ ഉപേക്ഷിക്കുക തന്നെ വേണം. അല്ലാതെ അതിൽ തന്നെ തൂങ്ങിപ്പിടിച്ചിരുന്നിട്ട് ഒരു കാര്യവുമില്ല. ഈ ഇൻഡസ്ട്രിയിലേക്ക് ഇറങ്ങുമ്പോൾ ഇതെല്ലാം പ്രതീക്ഷിക്കണം എന്നതാണ് ഗ്രൗണ്ട് റിയാലിറ്റി. ഇവിടെ പരാജയങ്ങളോ ഇത്തരം അപ്രതീക്ഷിത തിരിച്ചടികളോ എന്തും സംഭവിക്കാം; ഗിരീഷ് എ ഡി പറഞ്ഞു.
Content Highlights: Director Gireesh A.D. has revealed the reason for dropping Premalu 2, providing an update on the much-anticipated sequel to the hit Malayalam film.