

ന്യൂഡല്‍ഹി: നേപ്പാളിലുണ്ടായ മിന്നല്‍പ്രളയത്തെ തുടര്‍ന്ന് ഇന്‍ഫോസിസ് പബ്ലിക് സര്‍വീസസ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ ലാക്‌സ് ഗോപിസെട്ടിയെ കാണാനില്ലെന്ന് അറിയിച്ച് ഇന്‍ഫോസിസ്. സ്വകാര്യ സന്ദര്‍ശനത്തിനായാണ് നേപ്പാളിലെത്തിയതെന്നും പ്രളയത്തെത്തുടര്‍ന്ന് അദ്ദേഹത്തെ ബന്ധപ്പെടാന്‍ സാധിക്കുന്നില്ലെന്നുമാണ് കമ്പനി അറിയിച്ചിരിക്കുന്നത്.
അധികൃതരുമായി ചേര്‍ന്ന് അദ്ദേഹത്തെ കണ്ടെത്താന്‍ ശ്രമിക്കുകയാണെന്നും കുടുംബത്തിന് ആവശ്യമായ പിന്തുണ നല്‍കുമെന്നും ഇന്‍ഫോസിസ് വെള്ളിയാഴ്ച പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നുണ്ട്. അദ്ദേഹത്തെ കണ്ടെത്തുക, സുരക്ഷിതനാണെന്ന് ഉറപ്പാക്കുക എന്നിവയ്ക്കാണ് കമ്പനി ഇപ്പോള്‍ മുന്‍ഗണന നല്‍കുന്നതെന്നും അധികൃതര്‍ വ്യക്തമാക്കി.
'സ്വകാര്യ ആവശ്യത്തിനായി നേപ്പാളില്‍ സന്ദര്‍ശനം നടത്തിയിരുന്ന ഞങ്ങളുടെ സഹപ്രവര്‍ത്തകന്‍ ലാക്‌സ് ഗോപിസെട്ടിയെ നിലവില്‍ ബന്ധപ്പെടാന്‍ കഴിയുന്നില്ലെന്ന് സ്ഥിരീകരിക്കുന്നു. ലാക്‌സിനും ഈ ദുരന്തം ബാധിച്ച മറ്റെല്ലാവര്‍ക്കും വേണ്ടിയുള്ള പ്രാര്‍ത്ഥനകള്‍ ഞങ്ങള്‍ക്കൊപ്പമുണ്ട്.' ഇന്‍ഫോസിസ് പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. അദ്ദേഹവുമായി ബന്ധപ്പെടാനും വിവരങ്ങള്‍ ശേഖരിക്കാനും ബന്ധപ്പെട്ട ഏജന്‍സികളുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നുണ്ടെന്നും ഒപ്പം അദ്ദേഹത്തിന്റെ കുടുംബവുമായി നിരന്തരം ആശയവിനിമയം നടത്തുകയും ആവശ്യമായ എല്ലാ പിന്തുണയും നല്‍കുന്നുണ്ടെന്നും ഇന്‍ഫോസിസ് അറിയിച്ചു. നേപ്പാളിലുണ്ടായ മിന്നല്‍പ്രളയത്തിലും ജീവന്‍ നഷ്ടപ്പെട്ടവരുടെ ദുരന്തവാര്‍ത്തയിലും തങ്ങള്‍ക്ക് അതിയായ ദുഃഖമുണ്ടെന്നും കമ്പനി കൂട്ടിച്ചേര്‍ത്തു.
ഇന്‍ഫോസിസ് കമ്പനിയുടെ സാങ്കേതികവിദ്യയിലും നയതന്ത്രരൂപീകരണത്തിനും അതിന്റെ നടത്തിപ്പിനും മേല്‍നോട്ടം വഹിക്കുന്നതിലുമാണ് ലാക്‌സ് ഗോപിസെട്ടി ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നത്. നിലവിലെ ചുമതലയേല്‍ക്കുന്നതിന് മുന്‍പ് ഇന്‍ഫോസിസില്‍ ഗ്ലോബല്‍ വൈസ് പ്രസിഡന്റായും ബിസിനസ് ആപ്ലിക്കേഷന്‍സ് ആന്‍ഡ് ഡിജിറ്റല്‍ വര്‍ക്ക്സ്പേസ് സര്‍വീസ് വിഭാഗം മേധാവിയായും അദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്. ഈ കാലയളവില്‍ അമേരിക്ക, യൂറോപ്പ്, ഏഷ്യ എന്നിവിടങ്ങളിലും അദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്.
Content Highlights: Infosys has reported that Infosys Public Services CEO Laks Gopisetti is missing following flash floods in Nepal.