

പ്രതിരോധ സഹകരണം ശക്തിപ്പെടുത്താന്‍ ഇന്ത്യയും കുവൈറ്റും ധാരണയിലെത്തി. ഇന്ത്യയും കുവൈത്തും തമ്മിലുള്ള പ്രതിരോധ സഹകരണം കൂടുതല്‍ ശക്തിപ്പെടുത്തുന്നതിനുള്ള നിര്‍ണായക ചുവടുവെപ്പായി ഇന്ത്യ-കുവൈറ്റ് സംയുക്ത പ്രതിരോധ സമിതി (JDC) യുടെ ആദ്യ യോഗം വെള്ളിയാഴ്ച ഡല്‍ഹിയില്‍ നടന്നു. പരിശീലനം, സൈനിക അഭ്യാസങ്ങള്‍, പ്രതിരോധ വ്യവസായം, സൈനിക വൈദ്യശാസ്ത്രം, ഗവേഷണ-വികസനം തുടങ്ങി വിവിധ മേഖലകളില്‍ സഹകരണം വിപുലീകരിക്കാന്‍ ഇരുരാജ്യങ്ങളും ധാരണയിലെത്തി.
2024 ഡിസംബറില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കുവൈറ്റ് സന്ദര്‍ശനത്തിനിടെ ഒപ്പുവെച്ച പ്രതിരോധ സഹകരണ ധാരണാപത്രത്തിലെ (MoU) ലക്ഷ്യങ്ങള്‍ പ്രായോഗികമാക്കുന്നതിനുള്ള സുപ്രധാന നടപടിയായാണ് ഈ യോഗത്തെ പ്രതിരോധ മന്ത്രാലയം വിശേഷിപ്പിക്കുന്നത്. ഇന്ത്യന്‍ പ്രതിരോധ മന്ത്രാലയത്തിലെ ജോയിന്റ് സെക്രട്ടറി അമിതാഭ് പ്രസാദും കുവൈത്ത് പ്രതിനിധി സംഘത്തെ നയിച്ച ബ്രിഗേഡിയര്‍ ജനറല്‍ റായിദ് അല്‍ സക്രാനും ചേര്‍ന്നാണ് യോഗത്തിന് അധ്യക്ഷത വഹിച്ചത്. ഇന്ത്യന്‍ സായുധ സേനയുടെ മൂന്ന് വിഭാഗങ്ങള്‍, പ്രതിരോധ ഉല്‍പാദന വകുപ്പ്, ഡിഫന്‍സ് റിസര്‍ച്ച് ആന്‍ഡ് ഡെവലപ്മെന്റ് ഓര്‍ഗനൈസേഷന്‍ (DRDO), സായുധ സേന മെഡിക്കല്‍ സര്‍വീസസ്, വിദേശകാര്യ മന്ത്രാലയം എന്നിവയിലെ പ്രതിനിധികളും യോഗത്തില്‍ പങ്കെടുത്തു.
യോഗത്തിന് മുന്നോടിയായി ബ്രിഗേഡിയര്‍ ജനറല്‍ റായിദ് അല്‍ സക്രാന്‍ ഡല്‍ഹിയിലെ നാഷണല്‍ വാര്‍ മെമ്മോറിയലില്‍ പുഷ്പചക്രം അര്‍പ്പിച്ച് വീരമൃത്യു വരിച്ച സൈനികര്‍ക്ക് ആദരാഞ്ജലി അര്‍പ്പിച്ചു. സന്ദര്‍ശനത്തിന്റെ ആദ്യദിനത്തില്‍ കുവൈറ്റ് പ്രതിനിധി സംഘം ഡല്‍ഹിയിലെ ഡിഫന്‍സ് പബ്ലിക് സെക്ടര്‍ അണ്ടര്‍ടേക്കിംഗ്സ് (DPSUs) ഭവനും സന്ദര്‍ശിച്ചു. ഇന്ത്യന്‍ പ്രതിരോധ വ്യവസായ പ്രതിനിധികളുമായി കൂടിക്കാഴ്ച നടത്തി പരസ്പര സഹകരണ സാധ്യതകളും ചര്‍ച്ച ചെയ്തു. സന്ദര്‍ശനത്തിന്റെ രണ്ടാം ദിനത്തിലും വ്യവസായ മേഖലകളുമായുള്ള ആശയവിനിമയം നിശ്ചയിച്ചിട്ടുണ്ടെന്ന് അധികൃതര്‍ അറിയിച്ചു. ഇന്ത്യയും കുവൈറ്റും ദീര്‍ഘകാലമായി സൗഹൃദപരവും ഊഷ്മളവുമായ ബന്ധമാണ് പുലര്‍ത്തുന്നതെന്ന് പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി.
1962ലാണ് ഇരു രാജ്യങ്ങളും ഔദ്യോഗിക നയതന്ത്ര ബന്ധം സ്ഥാപിച്ചത്. 2024 ഡിസംബറില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കുവൈറ്റ് സന്ദര്‍ശനത്തിനിടെ ഇന്ത്യ-കുവൈറ്റ് ബന്ധം തന്ത്രപ്രധാന പങ്കാളിത്തം (Strategic Partnership) എന്ന നിലയിലേക്ക് ഉയര്‍ത്തിയിരുന്നു. ഭൗമശാസ്ത്രപരമായ അടുപ്പം, ചരിത്രപരമായ വ്യാപാര ബന്ധങ്ങള്‍, സാംസ്‌കാരിക സാമ്യതകള്‍, കുവൈറ്റില്‍ താമസിക്കുന്ന വലിയ ഇന്ത്യന്‍ സമൂഹം എന്നിവയാണ് ഇരു രാജ്യങ്ങളും തമ്മിലുള്ള ബഹുമുഖ ബന്ധം കൂടുതല്‍ ശക്തിപ്പെടുത്തുന്നതെന്ന് മന്ത്രാലയം ചൂണ്ടിക്കാട്ടി. പ്രതിരോധം ഉള്‍പ്പെടെയുള്ള വിവിധ മേഖലകളില്‍ സഹകരണം വര്‍ധിപ്പിക്കുന്നതിനുള്ള പുതിയ ധാരണകള്‍ ഇന്ത്യ-കുവൈറ്റ് ബന്ധത്തെ കൂടുതല്‍ ശക്തിപ്പെടുത്തുമെന്ന് ഇരുരാജ്യങ്ങളും വിലയിരുത്തി.
Content Highlight: India and Kuwait have agreed to strengthen bilateral defence cooperation in areas including military training, exercises, military medicine, defence industry, and research and development during the inaugural Joint Defence Committee meeting in Delhi.