'എല്ലാ തീരുമാനങ്ങളും എടുത്തത് നൃപേന്ദ്ര മിശ്ര'; പ്രധാനമന്ത്രിയെയും കേന്ദ്രത്തെയും വെട്ടിലാക്കി ചമ്പത്ത് റായ്

പ്രധാനമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയും ക്ഷേത്ര നിര്‍മാണ കമ്മിറ്റി അധ്യക്ഷനുമായ നൃപേന്ദ്ര മിശ്രയെ ഉന്നം വെച്ചാണ് പുതിയ വെളിപ്പെടുത്തലുകൾ

'എല്ലാ തീരുമാനങ്ങളും എടുത്തത് നൃപേന്ദ്ര മിശ്ര'; പ്രധാനമന്ത്രിയെയും കേന്ദ്രത്തെയും വെട്ടിലാക്കി ചമ്പത്ത് റായ്
dot image

ലഖ്നൌ: അയോധ്യ രാമക്ഷേത്ര കൊള്ളയില്‍ പ്രധാനമന്ത്രിയേയും കേന്ദ്രസര്‍ക്കാരിനെയും വെട്ടിലാക്കി ക്ഷേത്ര ട്രസ്റ്റ് മുന്‍ ജനറല്‍ സെക്രട്ടറി ചമ്പത്ത് റായി. ക്ഷേത്ര നിര്‍മാണവുമായി ബന്ധപ്പെട്ട എല്ലാ പ്രധാന തീരുമാനങ്ങളും എടുത്തത് പ്രധാനമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയും ക്ഷേത്ര നിര്‍മാണ കമ്മിറ്റി അധ്യക്ഷനുമായ നൃപേന്ദ്ര മിശ്രയെന്നാണ് വെളിപ്പെടുത്തല്‍. ക്ഷേത്ര നിര്‍മാണ കമ്മിറ്റിയില്‍ ഇഷ്ടപ്പെട്ട ആളുകളെ മിശ്ര ഉള്‍പ്പെടുത്തിയെന്നും ആരോപണമുണ്ട്.

നൃപേന്ദ്ര മിശ്രയുടെ നേതൃത്വത്തിലുള്ള ക്ഷേത്ര നിര്‍മ്മാണ സമിതി എല്ലാ തീരുമാനങ്ങളും അംഗീകരിച്ചതായും തന്റെ സഹായത്തിനായി നിയമനങ്ങള്‍ നടത്തിയതായും തുറന്ന കത്ത് എഴുതിയാണ് മുന്‍ സെക്രട്ടറി ചമ്പത്ത് റായ് രംഗത്തെത്തിയത്. ക്ഷേത്രത്തിന്റെ അനുബന്ധ കെട്ടിടങ്ങളുടെ നിര്‍മാണം, രൂപകല്പന എന്നിവയ്ക്കായി നോയിഡയിലെ കമ്പനിയെ നിര്‍ദേശിച്ചത് നൃപേന്ദ്ര മിശ്രയായിരുന്നുവെന്നും കത്തില്‍ പറയുന്നുണ്ട്. മാത്രമല്ല, മിശ്ര സ്വന്തം ഇഷ്ടത്തിനാണ് നിയമനങ്ങള്‍ നടത്തിയതെന്നും ക്ഷേത്ര ട്രസ്റ്റിന് കടുത്ത സാമ്പത്തിക നഷ്ടങ്ങള്‍ മിശ്ര വരുത്തിവെച്ചെന്നും ആരോപണമുണ്ട്.

Also Read:

ഏകദേശം ഒമ്പത്ത് പേജുകളിലായി എഴുതിയ കത്താണ് ഇപ്പോള്‍ പുതിയ വിവാദങ്ങള്‍ക്ക് വഴിവെച്ചത്. കമ്മിറ്റിയുടെ അനുവാദത്തോടെയാണ് താന്‍ എല്ലാം ചെയ്തതെന്നും ചമ്പത്ത് റായ് പറഞ്ഞു. കമ്മിറ്റിയുടെ അംഗീകാരമില്ലാതെ ഒരു ജോലി പോലും നിര്‍വ്വഹിച്ചിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അതേസമയം ചമ്പത് റായിയെ തള്ളി നൃപേന്ദ്ര മിശ്ര രംഗത്തെത്തിയിട്ടുണ്ട്. അയോധ്യയിലെ രാമക്ഷേത്ര നിര്‍മ്മാണവുമായി ബന്ധപ്പെട്ട് ആഭ്യന്തര ഭിന്നതയുണ്ടെന്ന മാധ്യമ റിപ്പോര്‍ട്ടുകള്‍ 'പൂര്‍ണ്ണമായും അടിസ്ഥാനരഹിതമാണ്' എന്നാണ് രാമക്ഷേത്ര നിര്‍മ്മാണ സമിതി ചെയര്‍മാന്‍ നൃപേന്ദ്ര മിശ്ര പ്രതികരിച്ചത്. മാധ്യമപ്രവര്‍ത്തകരോട് സംസാരിച്ച മിശ്ര, മുന്‍ ട്രസ്റ്റ് ജനറല്‍ സെക്രട്ടറി ചമ്പത് റായ് ഏകപക്ഷീയമായ തീരുമാനങ്ങള്‍ എടുക്കുന്നുവെന്ന് ആരോപിച്ചു. മാത്രമല്ല ചമ്പത്ത് റായ് പങ്കുവെച്ച കത്തും അദ്ദേഹം തള്ളുന്നുണ്ട്.

ക്ഷേത്രനിര്‍മാണ പുരോഗതി വിലയിരുത്താന്‍ നൃപേന്ദ്ര മിശ്ര കഴിഞ്ഞ ദിവസം അയോധ്യയില്‍ എത്തിയിരുന്നു. ഇതേസമയം തന്നെയാണ് ഇദ്ദേഹത്തിന്റെ ഇടപെടലുകള്‍ സംശയത്തിന്റെ നിഴലില്‍ നിര്‍ത്തിക്കൊണ്ട് ചമ്പത് റായിയുടെ കത്ത് പുറത്തുവരുന്നത്. സംഭാവനക്കൊള്ളയില്‍ കേസെടുത്തതിന് പിന്നാലെ ചമ്പത് റായിയും ട്രസ്റ്റ് അംഗം അനില്‍ മിശ്രയും രാജിവെച്ചിരുന്നു. ചമ്പത് റായിക്ക് ക്ലീന്‍ ചിറ്റ് നല്‍കുന്ന എസ്‌ഐടി റിപ്പോര്‍ട്ടാണ് കഴിഞ്ഞ ദിവസം പുറത്തുവന്നത്. എന്നാല്‍, നൃപേന്ദ്ര മിശ്രയ്ക്കെതിരായ ആരോപണങ്ങളാണ് ചമ്പത് റായ് ഇപ്പോള്‍ ഉന്നയിച്ചിരിക്കുന്നത്.

Content Highlights: Champat Rai has claimed that all decisions related to the Ayodhya donation scam case were taken by Nripendra Misra, adding a new development to the controversy.

dot image
To advertise here,contact us
dot image