വിജയ് സ‍‍ർക്കാർ മണ്ഡലപുനർനിർണയ വിഷയത്തിൽ സംസ്ഥാന താൽപ്പര്യം ബലികഴിച്ചു: ഉദയനിധി; നിയമസഭയിൽ DMK-TVK വാക്പോര്

സർക്കാർ നിലപാടിൽ മാറ്റമില്ലെന്നായിരുന്നു മന്ത്രി ആധവ് അർജുന നിയമസഭയിൽ വ്യക്തമാക്കിയത്

വിജയ് സ‍‍ർക്കാർ മണ്ഡലപുനർനിർണയ വിഷയത്തിൽ സംസ്ഥാന താൽപ്പര്യം ബലികഴിച്ചു: ഉദയനിധി; നിയമസഭയിൽ DMK-TVK വാക്പോര്
dot image

ചെന്നൈ: നിർദ്ദിഷ്ട മണ്ഡല പുനർനിർണയ വിഷയത്തിൽ സംസ്ഥാനത്തിന്റെ ഔദ്യോഗിക നിലപാടിനെ ചൊല്ലി തമിഴ്നാട് നിയമസഭയിൽ ഡിഎംകെയും ഭരണകക്ഷിയായ ടിവികെയും തമ്മിൽ രൂക്ഷമായ വാക്കുതർക്കം. ലോക്‌സഭാ സീറ്റുകളുടെ ആകെ എണ്ണം 543 ആയി ഫ്രീസ് ചെയ്യണം എന്ന പ്രമേയം നിയമസഭ പാസാക്കിയിരുന്നെങ്കിലും വ്യാഴാഴ്ച ചേർന്ന ദക്ഷിണ മേഖലാ കൗൺസിൽ യോഗത്തിൽ മുഖ്യമന്ത്രി 'ഫ്രീസ്' എന്ന പദം ഉപയോഗിച്ചില്ലെന്ന് ചൂണ്ടിക്കാണിച്ചായിരുന്നു പ്രതിപക്ഷ നേതാവ് ഉദയനിധി സ്റ്റാലിൻ മുഖ്യമന്ത്രി വിജയ്‌ക്കെതിരെ രംഗത്ത് വന്നത്‌.

'ഈ സഭ ലോക്‌സഭാ സീറ്റുകളുടെ എണ്ണം 543 ആയി ഫ്രീസ് ചെയ്യണമെന്ന പ്രമേയം പാസാക്കിയതാണ്. എന്നാൽ ദക്ഷിണ മേഖലാ കൗൺസിൽ യോഗത്തിൽ മുഖ്യമന്ത്രി 'ഫ്രീസ്' എന്ന വാക്ക് ഉപയോഗിച്ചില്ല. ഇതിലൂടെ സംസ്ഥാനത്തിന്റെ ആവശ്യം ദുർബലമാക്കിയിരിക്കുകയാണ്' എന്നായിരുന്നു നിയമസഭയിൽ ഉദയനിധി സ്റ്റാലിൻ കുറ്റപ്പെടുത്തിയത്. 'ലോക്‌സഭാ മണ്ഡലങ്ങളുടെ പുനർനിർണയം പൂർണമായും ഒഴിവാക്കുകയോ അല്ലെങ്കിൽ കുറഞ്ഞത് തമിഴ്നാടിന്റെ നിലവിലെ 7.18 ശതമാനം ലോക്‌സഭാ പ്രാതിനിധ്യം ഒരു കാരണവശാലും കുറയാതിരിക്കുകയോ വേണമെന്നാ'ന്ന് ഡിഎംകെയുടെ നിലപാടെന്ന് നിയമസഭയിൽ ഉദയനിധി ആവർത്തിച്ചു. എന്നാൽ സർക്കാർ നിലപാടിൽ മാറ്റമില്ലെന്നായിരുന്നു മന്ത്രി ആധവ് അർജുന നിയമസഭയിൽ വ്യക്തമാക്കിയത്. 543 സീറ്റുകളുടെ പരിധി നിലനിർത്തണമെന്ന ആവശ്യം ഡിഎംകെ നേരത്തെ ശക്തമായി ഉന്നയിച്ചിരുന്നില്ലെന്നയിരുന്നു മന്ത്രി ആധവ് അർജുനയുടെ ആരോപണം. ന്യായമായ ഡിലിമിറ്റേഷൻ മാത്രം മതിയെന്ന നിലപാട് സ്വീകരിച്ചാൽ അത് തമിഴ്നാടിനോടുള്ള വഞ്ചനയായിരിക്കുമെന്നും മന്ത്രി വ്യക്തമാക്കി. ഡിലിമിറ്റേഷൻ തന്നെ വേണ്ട എന്നതാണ് ടിവികെയുടെ നിലപാട് എന്ന് വ്യക്തമാക്കിയ മന്ത്രി എല്ലാ സംസ്ഥാനങ്ങളിലും 50 ശതമാനം സീറ്റ് വർധനയും തങ്ങൾ എതിർക്കുന്നുവെന്നും പറഞ്ഞു. തമിഴ്നാടിന്റെ നിലവിലെ 7.18 ശതമാനം പാർലമെന്ററി പ്രാതിനിധ്യം അതേപടി നിലനിർത്തണമെന്നാണ് ഞങ്ങളുടെ ആവശ്യമെന്നും മന്ത്രി കൂട്ടിച്ചേ‍ർത്തു.

ഡിലിമിറ്റേഷൻ നടപ്പാക്കിയാലും തമിഴ്നാടിന്റെ 7.18 ശതമാനം പ്രാതിനിധ്യം സംരക്ഷിക്കണമെന്ന് എഐഎഡിഎംകെ ജനറൽ സെക്രട്ടറി എടപ്പാടി കെ പളനിസ്വാമിയും ആവശ്യപ്പെട്ടു. എന്നാൽ ബിജെപി എംഎൽഎ ഭോല രാജൻ വ്യത്യസ്ത നിലപാടാണ് സ്വീകരിച്ചത്. ഡിലിമിറ്റേഷൻ തമിഴ്നാടിന് ഗുണകരമാകുമെന്നും സംസ്ഥാനത്തിന്റെ നിലവിലെ 7.18 ശതമാനം പ്രാതിനിധ്യം വർധിക്കുമെന്നുമായിരുന്നു അദ്ദേഹത്തിൻ്റെ അവകാശവാദം. തുടർന്ന് ടിവികെ സർക്കാർ സംസ്ഥാന താൽപ്പര്യങ്ങൾ വിട്ടുവീഴ്ച ചെയ്തെന്ന് ആരോപിച്ച് ഡിഎംകെ അം​ഗങ്ങൾ രം​​ഗത്ത് വരികയായിരുന്നു. തുടർന്നായിരുന്നു ഇരുപക്ഷവും തമ്മിൽ വിഷയത്തിൽ രൂക്ഷമായ വാദപ്രതിവാദം നടന്നത്.

നേരത്തെ മുഖ്യമന്ത്രി വിജയ് ദക്ഷിണ മേഖലാ കൗൺസിലിന്റെ 31-ാമത് യോഗത്തിൽ നടത്തിയ പ്രസംഗത്തിന് പിന്നാലെയാണ് ഡിലിമിറ്റേഷൻ ബിൽ, 2026-നെ ചൊല്ലി തമിഴ്നാട് നിയമസഭയിൽ വാക്‌പോര് നടന്നത്. ജനസംഖ്യയെ മാത്രം അടിസ്ഥാനമാക്കിയുള്ള പുനർനിർണയം ദക്ഷിണ സംസ്ഥാനങ്ങളുടെ പാർലമെന്റിലെ ശബ്ദം ദുർബലമാക്കുമെന്ന ആശങ്കയുണ്ടെന്നായിരുന്നു വിജയ് പറഞ്ഞത്. ജനസംഖ്യാ സ്ഥിരത കൈവരിക്കുന്നതിൽ ദക്ഷിണ സംസ്ഥാനങ്ങൾ നേടിയ നേട്ടങ്ങൾക്ക് അവരെ ശിക്ഷിക്കരുതെന്നും വിജയ് പ്രതികരിച്ചിരുന്നു. ജനസംഖ്യ നിയന്ത്രണത്തിൽ വിജയിച്ച സംസ്ഥാനങ്ങളുടെ പാർലമെന്ററി പ്രാതിനിധ്യത്തിന്റെ ശതമാനം കുറയില്ലെന്ന് കേന്ദ്ര സർക്കാർ നിയമപരമായ ഉറപ്പ് നൽകണമെന്നും വിജയ് ആവശ്യപ്പെട്ടിരുന്നു. അത്തരം ഒരു സമീപനം ഭരണഘടന വിഭാവനം ചെയ്യുന്ന ഫെഡറൽ സന്തുലിതാവസ്ഥ സംരക്ഷിക്കുകയും എല്ലാ സംസ്ഥാനങ്ങൾക്കും നമ്മുടെ ജനാധിപത്യ സ്ഥാപനങ്ങളിലുള്ള വിശ്വാസം കൂടുതൽ ശക്തിപ്പെടുത്തുകയും ചെയ്യുമെന്നും വിജയ് വ്യക്തമാക്കിയിരുന്നു.

Content Highlights: Tamil Nadu Chief Minister M K Stalin accused TVK chief Vijay of sacrificing the state's interests over the delimitation issue, triggering a heated DMK-TVK exchange in the Assembly.

dot image
To advertise here,contact us
dot image