CJP പ്രതിഷേധത്തിലെ പെല്ലറ്റ് ആക്രമണത്തിൽ കേസെടുത്തില്ല;പൊലീസ് സ്റ്റേഷനിൽ കുത്തിയിരുന്ന് രാഹുൽ, നാടകീയ രംഗങ്ങൾ

പരാതിയില്‍ കേസെടുക്കാതെ മടങ്ങില്ലെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണ് രാഹുല്‍ ഗാന്ധി

CJP പ്രതിഷേധത്തിലെ പെല്ലറ്റ് ആക്രമണത്തിൽ കേസെടുത്തില്ല;പൊലീസ് സ്റ്റേഷനിൽ കുത്തിയിരുന്ന് രാഹുൽ, നാടകീയ രംഗങ്ങൾ
dot image

ന്യൂഡല്‍ഹി: ജന്തര്‍മന്തറിലെ കോക്രോച്ച് ജനതാ പാര്‍ട്ടി പ്രതിഷേധത്തിനിടെ പെല്ലറ്റ് ആക്രമണത്തില്‍ പരിക്കേറ്റ വിദ്യാര്‍ത്ഥി സാഹില്‍ ലോക്കബുമായി പൊലീസ് സ്റ്റേഷനില്‍ എത്തി കുത്തിയിരുന്ന് ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. സാഹിലിന്റെ പരാതിയില്‍ കേസെടുക്കാത്തതില്‍ പ്രതിഷേധിച്ചാണ് രാഹുല്‍ ഗാന്ധി പാര്‍ലമെന്റ് സ്ട്രീറ്റ് പൊലീസ് സ്റ്റേഷനിലെത്തിയത്. തുടര്‍ന്ന് ഡിസിപിയുമായി സംസാരിച്ചു. പരാതിയില്‍ കേസെടുക്കാതെ മടങ്ങില്ലെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണ് രാഹുല്‍ ഗാന്ധി. നീതി ലഭിക്കും വരെ പോരാടുമെന്നും രാഹുല്‍ പ്രതികരിച്ചു.

വിഷയത്തില്‍ ആദ്യം മന്ദിര്‍ മാര്‍ഗ് പൊലീസ് സ്റ്റേഷനില്‍ എത്തിയ രാഹുല്‍ കേസെടുക്കാന്‍ ആവശ്യപ്പെട്ടെങ്കിലും വിസമ്മതിച്ചതോടെ സെന്‍ട്രല്‍ ഡിസിപിയുമായി കൂടിക്കാഴ്ച നടത്തുകയായിരുന്നു. രാഹുലിന്റെ അപ്രതീക്ഷിത നീക്കം നാടകീയ രംഗങ്ങള്‍ക്കാണ് വഴിവെച്ചത്. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ജയറാം രമേശും പ്രിയങ്കാ ഗാന്ധിയും സ്ഥലത്തെത്തി. വിദ്യാര്‍ത്ഥി നേരത്തെ രണ്ട് തവണ പരാതി നല്‍കിയെങ്കിലും പൊലീസ് കേസെടുത്തിരുന്നില്ല. തുടര്‍ന്നാണ് രാഹുല്‍ വിദ്യാര്‍ത്ഥിക്കൊപ്പം എത്തി പരാതി നല്‍കിയത്.

ജന്തര്‍മന്തറിലെ പൊലീസ് നടപടിയില്‍ കേന്ദ്ര ആഭ്യന്തര മന്ത്രിയുടെ മൗനത്തില്‍ രാഹുല്‍ രൂക്ഷവിമര്‍ശനം ഉയര്‍ത്തിയിരുന്നു. പ്രതിഷേധക്കാര്‍ക്ക് നേരെ അമിതബലപ്രയോഗം നടത്തിയതിലും പെല്ലറ്റ് ഗണ്‍ പ്രയോഗിച്ചതിലും അടക്കം അമിത്ഷാ മറുപടി പറയണമെന്ന് രാഹുല്‍ ഗാന്ധി ഉന്നയിച്ചിരുന്നു. ആഗസ്റ്റ് 14നായിരുന്നു അഭിഭാഷകരുടെ സാന്നിധ്യത്തില്‍ സാഹില്‍ ഡല്‍ഹി പൊലീസില്‍ ആദ്യപരാതി നല്‍കിയത്. എന്നാല്‍ കേസെടുക്കാന്‍ പൊലീസ് തയ്യാറായില്ല. തുടര്‍ന്ന് ആഗസ്റ്റ് 17ന് ഇമെയില്‍ വഴിയും ഫോണ്‍ വിളിച്ചും തുടര്‍നടപടി ആവശ്യപ്പെട്ടിരുന്നു. അതിലും മറുപടിയൊന്നും ലഭിച്ചിരുന്നില്ല. അതേസമയം ജന്തര്‍ മന്തറിലെ പൊലീസ് അതിക്രമം അന്വേഷിക്കാന്‍ സുപ്രീം കോടതി ഉന്നതാധികാര സമിതിയെ നിയോഗിച്ചിരുന്നു. സുപ്രീം കോടതി മുന്‍ ജഡ്ജി ആര്‍ സുഭാഷ് റെഡ്ഡി അധ്യക്ഷനായ അഞ്ചംഗ സമിതിയാണ് രൂപീകരിച്ചത്. ഇത് സംബന്ധിച്ച ഉത്തരവ് ചീഫ് ജസ്റ്റിസ് സൂര്യകാന്ത് പുറപ്പെടുവിച്ചു.

Content Highlights: Lok Sabha Opposition Leader Rahul Gandhi reached a police station with student Sahil Lokab, who was injured during the Jantar Mantar protest, and staged a sit-in demanding attention to the incident.

dot image
To advertise here,contact us
dot image