

ഒക്ടോബർ 1 മുതൽ സേവന നിരക്കുകളിൽ മാറ്റം വരുത്തിയിരിക്കുകയാണ് രാജ്യത്തെ മുൻനിര പൊതു മേഖലാ ബാങ്ക് ആയ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ. വലിയ തുകയുടെ ഫിക്സഡ് ഡിപ്പോസിറ്റ് (Bulk FD) നിക്ഷേപങ്ങളുടെ പലിശ നിരക്ക് കുറച്ചതോടൊപ്പം, പണം പിൻവലിക്കുന്നതുമായി ബന്ധപ്പെട്ട നടപടിക്രമങ്ങളിലും ബാങ്ക് മാറ്റങ്ങൾ വരുത്തി.
വിവിധ കാലാവധികളിലുള്ള Bulk FDകളുടെ പലിശ നിരക്കിൽ 25 ബേസിസ് പോയിന്റ് (0.25 ശതമാനം പോയിന്റ്) വരെ കുറച്ചു.
പുതിയ നിരക്കുകൾ 3 കോടി മുതൽ മുകളിലേക്കുള്ള ആഭ്യന്തര ബൾക്ക് ടേം ഡിപ്പോസിറ്റുകൾക്ക് ബാധകമാണ്. ഇതോടെ പുതിയതായി വലിയ തുക FDയിൽ നിക്ഷേപിക്കുന്നവർക്ക് ലഭിക്കുന്ന പലിശ വരുമാനം നേരിയ തോതിൽ കുറയും. പുതുക്കിയ നിരക്കുകൾ 2026 ഓഗസ്റ്റ് 15 മുതൽ പ്രാബല്യത്തിൽ വന്നു.
കൂടാതെ പുതിയ ഉത്തരവ് പ്രകാരം, ബേസിക് സേവിങ്സ് ബാങ്ക് ഡിപ്പോസിറ്റ് (BSBD) അക്കൗണ്ട് ഉടമകൾക്ക് ഒരു മാസത്തിൽ സൗജന്യമായി പണം പിൻവലിക്കാവുന്ന സൗജന്യ പരിധി 4 തവണയായി നിജപ്പെടുത്തിയിട്ടുണ്ട്. 4 സൗജന്യ പിൻവലിക്കലുകൾക്ക് ശേഷമുള്ള ഓരോ അധിക ഇടപാടിനും 15 രൂപയും അനുബന്ധ ജി.എസ്.ടിയും (GST) ഫീസായി ബാങ്ക് ഈടാക്കും. 2026 ഒക്ടോബർ 1 മുതൽ പുതിയ നിയമങ്ങൾ പ്രാബല്യത്തിൽ വരും.
പുതിയ FD എടുക്കുന്നതിന് മുമ്പ് പലിശനിരക്ക്, കാലാവധി, പിൻവലിക്കൽ വ്യവസ്ഥകൾ എന്നിവ നിക്ഷേപകർ നിർബന്ധമായും പരിശോധിക്കേണ്ടതുണ്ട്. നേരത്തെ ആധാർ എനേബിൾഡ് പേയ്‌മെന്റ് സിസ്റ്റം (AePS) വഴിയുള്ള പണം പിൻവലിക്കലുകളെ 4 സൗജന്യ ഇടപാടുകളുടെ പരിധിയിൽ നിന്ന് ഒഴിവാക്കിയിരുന്നു.
എന്നാൽ ഒക്ടോബർ 1 മുതൽ നിലവിൽ വരുന്ന മാറ്റം അനുസരിച്ച് എസ്‌ബിഐ, മറ്റ് ബാങ്കിന്റെ എടിഎമ്മുകൾ, ബാങ്ക് ശാഖകൾ വഴിയുള്ള നേരിട്ടുള്ള പിൻവലിക്കലുകൾ, ആധാർ അധിഷ്ഠിത പണം പിൻവലിക്കലുകൾ (AePS) എന്നിവയ്ക്കെല്ലാം ചാർജ് ഈടാക്കും.
ഉദാഹരണത്തിന്, ഒരു ഉപഭോക്താവ് എടിഎം അല്ലെങ്കിൽ ബാങ്ക് ബ്രാഞ്ച് വഴി 3 തവണയും ആധാർ സംവിധാനം വഴി ഒരു തവണയും പണം പിൻവലിച്ചാലും സൗജന്യ പരിധി പൂർത്തിയാകും. അതിനുശേഷമുള്ള അഞ്ചാമത്തെ പണം പിൻവലിക്കലിന് അധിക നിരക്ക് ഈടാക്കും.
Content Highlights: SBI cuts bulk FD rates by 25 bps, changes cash withdrawal rules: What customers need to know