

വിദേശ ടെസ്റ്റ് മത്സരങ്ങളിലെ പ്രകടനത്തിന്‍റെ കാര്യത്തിൽ ബാറ്റിംഗ് ഇതിഹാസം സച്ചിൻ ടെണ്ടുൽക്കറേക്കാൾ മികച്ച താരം വിരാട് കോഹ്‌ലിയാണെന്ന ദക്ഷിണാഫ്രിക്കൻ ഇതിഹാസം എബി ഡിവില്ലിയേഴ്സിന്റെ പരാമർശത്തിനെതിരെ രൂക്ഷമായ പരിഹാസവുമായി മുൻ ഇന്ത്യൻ പേസർ ദൊഡ്ഡ ഗണേശ്.
സച്ചിൻ ഇതിഹാസമാണ്, കണക്കുകളിൽ ഏറെ മുന്നിലുമാണ്. വിദേശത്തെ ബൗൺസുള്ള പിച്ചുകളിൽ ഏഷ്യൻ ബാറ്റർമാർക്കും തിളങ്ങാൻ സാധിക്കുമെന്ന് ആദ്യം തെളിയിച്ചതും സച്ചിനാണ്. എന്നാൽ ആ വിശ്വാസത്തെ അടുത്ത തലത്തിലേക്ക് ഉയർത്തിയത് കോഹ്‌ലിയാണെന്നാണ് ഡിവില്ലിയേഴ്സ് പറഞ്ഞത്.
എന്നാൽ ഡിവില്ലിയേഴ്സിന്‍റെ ഈ വാദത്തോട് യോജിക്കാനാവില്ലെന്ന് ദൊഡ്ഡ ഗണേശ് പറഞ്ഞു. കഞ്ചാവ് വലിക്കുന്നത് നിർത്തു സഹോദരാ എന്നാണ് ഡിവില്ലിയേഴ്സിന്‍റെ പരാമര്‍ശം എക്സില്‍ പങ്കുവെച്ചുകൊണ്ട് ദൊഡ്ഡ ഗണേശ് കുറിച്ചത്.
കണക്കുകൾ പരിശോധിച്ചാൽ 200 ടെസ്റ്റ് മത്സരങ്ങളിൽ നിന്നായി 15,921 റൺസ് നേടിയ സച്ചിനാണ് റൺവേട്ടയിൽ മുന്നിൽ. സച്ചിന്‍റെ ആകെ റൺസിന്റെ 55 ശതമാനത്തോളവും (8,705 റൺസ്) വിദേശ മണ്ണിലായിരുന്നു.
അതേ സമയം 123 ടെസ്റ്റുകളിൽ നിന്ന് 9,230 റൺസ് നേടിയ കോഹ്‌ലി, വിദേശത്ത് 66 മത്സരങ്ങളിൽ നിന്ന് 4,774 റൺസാണ് ആകെ നേടിയിട്ടുള്ളത്.
content highlights: dodda ganesh trolls ab de villiers over virat kohli sachin tendulkar comparison