

ന്യൂഡല്‍ഹി: എഐസിസി ആസ്ഥാനത്ത് നടന്ന സ്വാതന്ത്ര്യദിന ആഘോഷത്തിലെ വന്ദേമാതരം ആലാപന വിവാദത്തിന് പിന്നാലെ കോണ്‍ഗ്രസിന് നിയമോപദേശം. സ്വകാര്യ ചടങ്ങുകള്‍ക്ക് നിയമം ബാധകമല്ലെന്നും ആലാപനം തടഞ്ഞാല്‍ നടപടി ബാധകമാവുക സര്‍ക്കാര്‍ പരിപാടികളില്‍ മാത്രമായിരിക്കുമെന്നുമാണ് നിയമോപദേശം. അഭിഷേക് മനു സിംഗ്വിയാണ് നിയമോപദേശം നല്‍കിയത്. സോണിയ ഗാന്ധി അടക്കമുള്ള നേതാക്കള്‍ക്ക് എതിരെ വിവിധ സംസ്ഥാനങ്ങളില്‍ ബിജെപി പരാതി നല്‍കിയ പശ്ചാത്തലത്തിലാണ് നിയമോപദേശം തേടിയത്.
കോണ്‍ഗ്രസ് ആസ്ഥാനത്തും ഗോവയിലെ പാര്‍ട്ടി പരിപാടിയിലും വന്ദേമാതരം ആലപിച്ചതുമായി ബന്ധപ്പെട്ട് പാര്‍ട്ടി നേതാക്കളായ സോണിയ ഗാന്ധിക്കും രാഹുല്‍ ഗാന്ധിക്കുമെതിരെ നല്‍കിയ പരാതിയില്‍ അടിസ്ഥാനമില്ലെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെ പറഞ്ഞിരുന്നു. ശനിയാഴ്ച കോണ്‍ഗ്രസ് ആസ്ഥാനത്ത് നടന്ന സ്വാതന്ത്ര്യദിനാഘോഷത്തിനിടെ വന്ദേമാതരത്തിന്റെ പൂര്‍ണരൂപം ആലപിക്കുന്നത് നിര്‍ത്താന്‍ സോണിയ ഗാന്ധി നിര്‍ദേശം നല്‍കിയെന്നാരോപിച്ച് ബിജെപി രംഗത്തെത്തിയതോടെയാണ് വിവാദം ആരംഭിച്ചത്. സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി ഖര്‍ഗെ കോണ്‍ഗ്രസ് ആസ്ഥാനത്ത് ദേശീയപതാക ഉയര്‍ത്തിയതിന് പിന്നാലെയാണ് വന്ദേമാതരം ആലപിച്ചത്.
വന്ദേമാതരം പാടിയവര്‍ പൂര്‍ണരൂപം ആലപിക്കുന്നതിനിടെ ഇത് തടസപ്പെടുത്തിയെന്നാണ് ആരോപണം. എന്നാല്‍ ഖര്‍ഗെ ഏറെ നേരം നില്‍ക്കുന്നതിനാല്‍ അദ്ദേഹത്തിന് ഇരിക്കാന്‍ കസേര ഒരുക്കാനാണ് സോണിയ ഗാന്ധി ആംഗ്യം കാണിച്ചതെന്നായിരുന്നു കോണ്‍ഗ്രസ് വിശദീകരണം. നടക്കുന്നത് മുഴുവന്‍ കള്ളപ്രചാരണമാണെന്നും സോണിയ ഗാന്ധി അങ്ങനെ ചെയ്തിട്ടില്ലെന്നും കോണ്‍ഗ്രസ് അധ്യക്ഷന്റെ ആരോഗ്യനില മോശമായതിനാല്‍ ഏറെ നേരം നില്‍ക്കരുതെന്ന് നിര്‍ദേശിക്കുകയായിരുന്നുവെന്നുമാണ് കോണ്‍ഗ്രസ് പ്രതികരിച്ചത്.
തിങ്കളാഴ്ച ഗോവയില്‍ ഖര്‍ഗെ വന്ദേ മാതരം ആലപിച്ചതോടെയാണ് വിവാദം കൂടുതല്‍ ശക്തമായത്. ഗോവ കോണ്‍ഗ്രസ് കണ്‍വെന്‍ഷന്‍ ആരംഭിക്കുന്നതിന് മുമ്പായിരുന്നു ഖര്‍ഗെയും മറ്റ് നേതാക്കളും ചേര്‍ന്ന് വന്ദേ മാതരം ആലപിച്ചത്. എന്നാല്‍ ആദ്യ രണ്ട് ഭാഗങ്ങള്‍ മാത്രമാണ് ആലപിച്ചത്.
Content Highlights: Congress Receives Legal Advice Over Vande Mataram Controversy